പുരാവസ്തുതട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലുമായി ബന്ധം ? ; മോഹന്‍ലാലിനെ ചോദ്യം ചെയ്യാന്‍ ഇഡി ഒരുങ്ങുന്നു
വിശ്വാസത്തിന്റെ പേര് പറഞ്ഞാല്‍ ആരെ വേണമെങ്കിലും വീഴ്ത്താന്‍ കഴിയുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. മോന്സണ് മാവുങ്കല്‍ എന്ന തട്ടിപ്പുകാരന് പല താരങ്ങളേയും വീഴ്ത്തിയിരുന്നു. അതിപുരാതന കാലം മുതലുളള ലോകത്തെ പല അമൂല്യ ശേഖരങ്ങളും തന്റെ പക്കലുണ്ടെന്നായിരുന്നു മോന്സണ് അവകാശപ്പെട്ടിരുന്നത്. ക്രിസ്തുവിനെ ഒറ്റുകൊടുത്ത വെളളിക്കാശിലെ രണ്ടെണ്ണം, ക്രിസ്തുവിന്റെ തിരുവസ്ത്രത്തിന്റെ ഒരുഭാഗം, ടിപ്പു സുല്‍ത്താന്റെ സിംഹാസനം, മോശയുടെ അംശവടി, രവിവര്‍മ്മയുടെയും ഡാവിഞ്ചിയുടെയും ഒപ്പോടുകൂടിയ അവര്‍ വരച്ച യഥാര്‍ഥ ചിത്രങ്ങള്‍ എന്നിങ്ങനെ അവകാശപ്പെടുന്ന ശേഖരങ്ങള്‍ കാണാനായി നിരവധി പേരായിരുന്നു വന്നത്.
പുരാവസ്തുതട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നതായി ഇഡിക്ക് മൊഴി ലഭിച്ചിരുന്നു. മോന്‍സണുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി. ഇപ്പോഴിതാ മോഹന്‍ലാല്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്തയാഴ്ച ഇ ഡി കൊച്ചി മേഖലാ ഓഫീസിലാണ് ഹാജരാകേണ്ടത്. മോന്സണ് കേസിനുപുറമേ മറ്റൊരു കേസിലും മോഹന്‍ലാലിന്റെ മൊഴിയെടുക്കും.
മോന്സണ് കേസിനു പുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ കൂടി മോഹന്‍ലാലിന്റെ മൊഴിയെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സിനിമാരംഗത്ത് അടക്കമുള്ളവര്‍ക്ക് മോന്‍സണുമായി ബന്ധമുള്ളത് വലിയ ചര്‍ച്ചയായിരുന്നു. മുന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മോഹന്‍ലാലും അടക്കമുളളവര്‍ മോന്സണ് മാവുങ്കലിന് ഒപ്പം നില്ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതുമെല്ലാം വിവാദത്തിന് തിരിതെളിയിച്ചിരുന്നു. മോന്‍സണുമായുള്ള ബന്ധത്തിന്റെ പേരില്‍ വിവാദത്തിലായ മറ്റൊരു നടനാണ് ബാല. ബാലയുടെ അയല്‍വാസിയായിരുന്നു മോണ്സണ്. മോഹന്‍ലാല്‍ മോണ്‍സണെ കാണാനായി വീട്ടില്‍ വന്നിരുന്നതെല്ലാം ബാല ഒരു അഭിമുഖത്തില്‍ പറയുന്ന വീഡിയോ ഒരിടക്ക് വൈറലായിരുന്നു.
പുരാവസ്തുക്കളോടെല്ലാം മോഹന്‍ലാലിന് പ്രത്യേക താല്പര്യമാണ്. മോന്സണ് മാവുങ്കലിന്റെ വീട്ടിലെ പുരാവസ്തുക്കളെ കുറിച്ച് താന്‍ ഒരിക്കല്‍ മോഹന്‍ലാലിനോട് പറഞ്ഞിരുന്നുവെന്നും അവ തന്നെ കാണിക്കാന്‍ കൊണ്ടുവരുമോ എന്നും ബാല വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ മോന്സണ് മാവുങ്കലിന്റെത് ഒരു മ്യൂസിയമാണെന്നും കൊണ്ടുവന്ന് കാണിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞത് പ്രകാരം മോഹന്‍ലാല്‍ കലൂരിലെ വീട്ടിലേക്ക് വന്നുവെന്നായിരുന്നു ബാല പറഞ്ഞിരുന്നത്.