ദുൽഖറിന്റെ പാൻ ഇന്ത്യൻ ചിത്രം  ‘ലക്കി ഭാസ്കർ’ ഷൂട്ടിംഗ് ആരംഭിച്ചു
1 min read

ദുൽഖറിന്റെ പാൻ ഇന്ത്യൻ ചിത്രം ‘ലക്കി ഭാസ്കർ’ ഷൂട്ടിംഗ് ആരംഭിച്ചു

മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിനെ പോലെ അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപോലെ കയ്യടി നേടാന്‍ സാധിച്ച മറ്റൊരു നടനില്ല എന്നതാണ് വസ്തുത. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം സാന്നിധ്യം അറിയിക്കാനും ധാരാളം ആരാധകരെ നേടിയെടുക്കാനും ദുല്‍ഖറിന് സാധിച്ചിട്ടുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ പാന്‍ ഇന്ത്യന്‍ താരം എന്ന് വിളിക്കാന്‍ സാധിക്കുന്ന താരം. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ തന്റെ പോസിറ്റീവ് വ്യക്തിത്വത്തിലൂടേയും ദുല്‍ഖര്‍ ആരാധകരെ നേടിയെടുത്തിട്ടുണ്ട്. മമ്മൂട്ടിയുടെ മകന്‍ എന്നതിലുപരിയായി സ്വന്തമായൊരു സ്ഥാനം ഇന്ന് സിനിമാ ലോകത്ത് ദുല്‍ഖറിനുണ്ട്. സ്വന്തം അധ്വാനത്തിലൂടെയാണ് ആ നേട്ടം ദുല്‍ഖര്‍ നേടിയെടുത്തത്.

ഇപ്പോഴിതാ ദുൽഖറിനെ നായകനാക്കി ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം “ലക്കി ഭാസ്കർ” ഷൂട്ടിംഗ് ആരംഭിച്ചുവെന്നുള്ള വിവരമാണ് പുറത്ത് വരുന്നത്. ധനുഷിന്‍റെ വന്‍ വിജയം നേടിയ വാത്തി ഒരുക്കിയ വെങ്കി അറ്റ്ലൂരിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്ന് സിത്താര എന്റർടെയ്ൻമെന്റ്‌സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാനറുകളിൽ ആണ് ലക്കി ഭാസ്കറിന്റെ നിർമ്മാണം. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. സീത രാമത്തിന് ശേഷം അന്യഭാഷയിലെ ദുൽഖർ സൽമാന്‍റെ ബിഗ് ബഡ്ജറ്റ് ചിത്രം എന്ന നിലയില്‍ പ്രേക്ഷകർക്ക് വൻ പ്രതീക്ഷയാണ് ചിത്രത്തില്‍ പുലര്‍ത്തുന്നത്. ഒരു സാധാരണക്കാരനായ മനുഷ്യന്‍ അസാധ്യമായ നേട്ടങ്ങള്‍ നേടുന്ന ഇതിവൃത്തമാണ് ചിത്രത്തിന്‍റെ കഥ പറയുന്നത് എന്നാണ് സൂചന.

ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ നവീൻ നൂലി എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. ഹൈദരാബാദില്‍ ചിത്രത്തിന്‍റെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. പൂജയോടെയാണ് ചിത്രം ആരംഭിച്ചത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം ഇറങ്ങും. നേരത്തെ ദുല്‍ഖറിന്‍റെ ജന്മദിനത്തിലാണ് ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നത്.

അതേ സമയം ദുല്‍ഖര്‍ നായകനായി അവസാനം പ്രദര്‍ശനത്തിന് എത്തിയ ചിത്രം കിംഗ് ഓഫ് കൊത്തയ്‍ക്ക് റിലീസിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ദുല്‍ഖറിന്റെ ഒരു മാസ് ആക്ഷൻ ചിത്രമായിട്ടായിരുന്നു കിംഗ് ഓഫ് കൊത്ത എത്തിയത്. ദുല്‍ഖറിന്റെ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഒടിടി റിലീസ് സെപ്‍തംബര്‍ 22ന് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സെപ്‍തംബര്‍ 28നോ 29നോ ആയിരിക്കുo റിലീസെന്ന് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.