തമിഴിൽ പിന്നണി ഗായകനായി ദുൽഖർ സൽമാൻ
1 min read

തമിഴിൽ പിന്നണി ഗായകനായി ദുൽഖർ സൽമാൻ

സൂപ്പർതാരങ്ങൾ അഭിനയത്തിനു പുറമേ ചിത്രത്തിൽ ഗാനങ്ങൾ ആലപിക്കുന്നത് വളരെ കൗതുകത്തോടെയാണ് ആരാധകർ എടുക്കാറുള്ളത്. എല്ലാ ഭാഷകളിലും ഈ രീതി ഇപ്പോഴും ഒരു ട്രെൻഡ് ആയി തന്നെ തുടരുന്നു. മലയാളത്തിൽ മോഹൻലാൽ മുതൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് അങ്ങനെ നിരവധി താരങ്ങളാണ് അഭിനയത്തിന് പുറമേ പിന്നണി ഗാനരംഗത്തും ഒരു ശ്രമം നടത്തിയത്. യുവതാരം ദുൽഖർ സൽമാനും ഇതിനോടകം രണ്ട് മലയാളചിത്രങ്ങളിൽ ഗാനമാലപിച്ചു കഴിഞ്ഞു. മാർട്ടിൻ പ്രാക്കാട്ട് സംവിധാനം ചെയ്ത എബിസിഡി, മമ്മൂട്ടി നായകനായി അഭിനയിച്ച മംഗ്ലീഷ് എന്നീ രണ്ട് ചിത്രങ്ങളിലും ദുൽഖർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഹിറ്റായ രണ്ട് ഗാനങ്ങൾക്ക് പുറമേ ഇപ്പോഴിതാ തമിഴ് സിനിമയിൽ പാടാൻ ഒരുങ്ങുകയാണ് ദുൽഖർ സൽമാൻ.’കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന ചിത്രത്തിന് ശേഷം ദുൽഖർ വീണ്ടും നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് ‘ഹേ സിനാമിക’. കാജർ അഗർവാൾ,അതിഥി റാവു എന്നീ രണ്ട് നടിമാരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തമിഴ് സിനിമാ ലോകത്തെ പ്രശസ്ത കൊറിയോഗ്രാഫർ ബൃന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഹേ സിനാമിക’യ്ക്കുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ ഒരു ഗാനം ആരംഭിച്ചിരിക്കുകയാണ്. ഷൂട്ടിംഗ് ജോലികൾ പുരോഗമിക്കുന്ന ഈ ചിത്രത്തിൽ പിന്നണി ഗായകൻ ആകുന്നതിന്റെ ചിത്രങ്ങൾ ദുൽഖർ സൽമാൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇതാദ്യമായാണ് ഒരു തമിഴ് ചിത്രത്തിൽ ദുൽഖർ സൽമാൻ പിന്നണിഗായകൻ ആവുന്നത്. 96 എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾക്ക് ചിട്ടപ്പെടുത്തിയ ഗോവിന്ദ് വസന്ത് ആണ്ഈ ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

Leave a Reply