ദുൽഖർ ആരാധകരും മലയാളി പ്രേക്ഷകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പുതിയ മലയാള ചിത്രമാണ് സല്യൂട്ട്. ദുൽഖർ ആദ്യമായി ഒരു പോലീസ് ഓഫീസറുടെ കഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോഷൻ ആൻഡ്രൂസ് ആണ്. ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് രചന നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ പുറത്തു വന്നിരിക്കുകയാണ്. 1:15 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ടീസറിൽ സമരമുഖത്ത് പോലീസ് യൂണിഫോമണിഞ്ഞ് മാസായി പ്രത്യക്ഷപ്പെടുന്ന ദുൽഖർ സൽമാൻ ആരാധകരെ അക്ഷരാർത്ഥത്തിൽ ആവേശഭരിതരാക്കുന്നു. യൂട്യൂബിൽ റിലീസ് ചെയ്തതിന് ശേഷം ടീസറിന് നിമിഷനേരം കൊണ്ട് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദുൽഖറിനെ കൂടാതെ നിരവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം ‘ഒരു പക്കാ പോലീസ് ത്രില്ലർ’ ചിത്രമായിരിക്കുമെന്ന് സംവിധായകൻ റോഷൻ ആൻഡ്രൂസും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയും മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. ആരാധകർക്ക് തിയേറ്ററിൽ പോയി വളരെ ആഘോഷപൂർവ്വം കാണാനുള്ള വകകൾ സല്യൂട്ടിൽ ഉണ്ടായിരിക്കുമെന്ന് ടീസർ സൂചന നൽകുന്നു. ടീസറിൽ മറ്റ് താരങ്ങൾ ഉൾപ്പെട്ടിട്ടില്ല. ദുൽഖറിന്റെ സ്റ്റാർഡത്തെ മുൻനിർത്തിയാണ് സല്യൂട്ട് ഒരുക്കുന്നതെന്ന് ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ആ റിപ്പോർട്ടുകളെല്ലാം ശരിവയ്ക്കുന്ന തരത്തിലാണ് ചിത്രത്തിലെ ടീസർ റോഷൻ ആൻഡ്രൂസ് ഒരുക്കിയിരിക്കുന്നത്. പ്രതീക്ഷിച്ചതു പോലെ തന്നെ ദുൽഖറിന്റെ ഒരു കട്ട മാസ്സ് പെർഫോമൻസ് തന്നെ സല്യൂട്ടിൽ ഉണ്ടാകുമെന്ന് ഉറപ്പിക്കാം.