സൗത്ത് കൊറിയയിൽ റിലീസിനൊരുങ്ങി ദൃശ്യം; അഞ്ച് വർഷം കൊണ്ട് പത്ത് രാജ്യങ്ങളിൽ
മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം തിയേറ്ററുകളിലെത്തിയിട്ട് പത്ത് വർഷം കഴിയുന്നു. ബോക്സ് ഓഫിസിൽ വൻ കളക്ഷൻ നേടിയ ഈ ചിത്രം അതിർത്തികൾ ഭേദിച്ച് മുന്നേറുകയാണ്. ഹോളിവുഡ് റീമേക്കിനുള്ള വർക്കുകൾ ആരംഭിച്ചുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹോളിവുഡ് റീമേക്കിനായി ഗൾഫ്സ്ട്രീം പിക്ചേഴ്സ്, ജോറ്റ് ഫിലിംസ് എന്നിവരുമായി കൈകോർത്തതായാണ് നിർമാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ് അറിയിച്ചത്.
ദൃശ്യം ആദ്യ ഭാഗത്തിന്റേയും രണ്ടാം ഭാഗത്തിന്റേയും അന്താരാഷ്ട്ര അവകാശമാണ് ആശിർവാദ് സിനിമാസിൽ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയത്. സൗത്ത് കൊറിയയിൽ ചിത്രം പുറത്തിറക്കാനുള്ള വർക്കുകൾ പുരോഗമിക്കുകയാണ്. കൂടാതെ സ്പാനിഷ് ഭാഷയിലും ചിത്രം ഒരുക്കുമെന്നാണ് നിർമാണ കമ്പനി വ്യക്തമാക്കിയത്. ഹോളിവുഡിലും കൊറിയൻ ഭാഷയിലും ഒരുക്കിയതിനു ശേഷം അടുത്ത് മൂന്ന് നാല് വർഷത്തിനുള്ളിൽ പത്ത് രാജ്യങ്ങളിൽ കൂടി ദൃശ്യം ഒരുക്കുകയാണ് ലക്ഷ്യം എന്നാണ് പത്രക്കുറിപ്പിലൂടെ പനോരമ സ്റ്റുഡിയോസ് വ്യക്തമാക്കുന്നത്.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ക്രൈം ത്രില്ലർ 2013ലാണ് റിലീസ് ചെയ്തത്. ചിത്രം വൻ വിജയമായതോടെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, സിംഹള, മാണ്ടറിൻ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ചിത്രത്തിന്റെ രണ്ടാം ഭാഗവും സൂപ്പർഹിറ്റായിരുന്നു. 2022ലായിരുന്നു ദൃശ്യം 2 ഇറങ്ങിയത്. രണ്ട് ചിത്രങ്ങളിലും തെന്നിന്ത്യൻ താരം മീന ആയിരുന്നു മോഹൻലാലിന്റെ നായികയായി അഭിനയിച്ചത്.