ബോളിവുഡിനെ അമ്പരപ്പിച്ച് ‘ദൃശ്യം 2’! 200 കോടി കളക്ഷന്‍ നേടി മുന്നോട്ട്
1 min read

ബോളിവുഡിനെ അമ്പരപ്പിച്ച് ‘ദൃശ്യം 2’! 200 കോടി കളക്ഷന്‍ നേടി മുന്നോട്ട്

മോഹന്‍ലാല്‍ പ്രധാനകഥാപാത്രമായി അഭിനയിച്ച മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ദൃശ്യം 2’വിന്റെ ഹിന്ദി റീമേക്ക് തിയേറ്റുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അജയ് ദേവ്ഗണാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായി ഷേമിടുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 200 കോടിയിലധികം കളക്ഷന്‍ നേടി എന്നതാണ് പുതിയ വാര്‍ത്ത.

അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘ദൃശ്യം 1’ ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന്‍ നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു. ഭുഷന്‍ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷന്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം.

ഈ വര്‍ഷം ഫെബ്രുവരി മധ്യത്തോടെ ആരംഭിച്ച ചിത്രീകരണം ജൂണിലാണ് അവസാനിച്ചത്. ഹൈദരാബാദിലായിരുന്നു പാക്കപ്പ്. ജൂണ്‍ 21നായിരുന്നു ചിത്രീകരണം അവസാനിച്ചത്. അതേസമയം, ചിത്രം 300 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. ദൃശ്യം രണ്ടാം ഭാഗത്തില്‍ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിനെന്ന കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്.

അജയ് ദേവ്ഗണ്‍ ,അക്ഷയ് ഖന്ന താരങ്ങളുടെ അഭിനയപ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. ഹിന്ദി പതിപ്പില്‍ വിജയ് സല്‍ഗനോകര്‍ എന്നാണ് മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിന്റെ പേര്. റാണി എന്ന കഥാപാത്രം ഹിന്ദിയില്‍ വരുമ്പോള്‍ നന്ദിനി ആകും. അതേസമയം, അനുവും അഞ്ജുവും അതുപോലെ തന്നെ പേരുകളില്‍ മാറ്റമില്ലാതെ തുടരുന്നു. ആശ ശരത് അവതരിപ്പിച്ച ഗീത പ്രഭാകറായി ഹിന്ദിയില്‍ തബു എത്തുന്നു. രജത് കപൂര്‍ ആണ് തബുവിന്റെ ഭര്‍ത്താവിന്റെ വേഷത്തില്‍ എത്തുന്നത്.