കേരള വിഷന്‍ അവാര്‍ഡ് വിതരണം നടന്നു ; മികച്ച നടൻ ഉണ്ണി മുകുന്ദൻ ; മികച്ച സംവിധായകന്‍ വിനയന്‍
1 min read

കേരള വിഷന്‍ അവാര്‍ഡ് വിതരണം നടന്നു ; മികച്ച നടൻ ഉണ്ണി മുകുന്ദൻ ; മികച്ച സംവിധായകന്‍ വിനയന്‍

കേരള വിഷന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ഫിലിം അവാര്‍ഡ് വിതരണവും മെഗാ ഷോയും കൊച്ചി സിയാല്‍ കണ്‍െവന്‍ഷന്‍ സെന്ററില്‍ നടന്നു. കേരള വിഷന്റെ സാരഥികള്‍ പതിനഞ്ച് ദീപങ്ങള്‍ കൊളുത്തിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ സി.ഒ.എ. സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ് അധ്യക്ഷത വഹിച്ചു.

മികച്ച സിനിമയായി തെരഞ്ഞെടുത്തത് പത്തൊമ്പതാം നൂറ്റാണ്ട് ആണ്. ചിത്രത്തിന്റെ സംവിധായകന്‍ വിനയന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. മികച്ച നടനുള്ള അവാര്‍ഡ് സിജു വില്‍സണും[പത്തൊമ്പതാം നൂറ്റാണ്ട്] ഉണ്ണി മുകുന്ദനും[മേപ്പടിയാന്‍] പങ്കുെവച്ചു. മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയത് കല്ല്യാണി പ്രിയദര്‍ശന്‍ (ഹൃദയം) ആണ്. അതേസമയം, ജനപ്രിയ നടനുള്ള പുരസ്‌കാരം ബേസില്‍ ജോസഫിനും, ജനപ്രിയ നടിക്കുള്ള പുരസ്‌കാരം ഐശ്വര്യ ലക്ഷ്മിക്കും ലഭിച്ചു. ‘ന്നാ താന്‍ കേസ്‌കൊട്’ ജനപ്രിയ ചിത്രമായി തെരഞ്ഞെടുത്തു.

മികച്ച തിരക്കഥാകൃത്തായി വിഷ്ണു മുരളി (മേപ്പടിയാന്‍), മികച്ച ഗാനരചന റഫീഖ് അഹമ്മദ്, മികച്ച സംഗീതം എം. ജയചന്ദ്രന്‍, മികച്ച ഗായകന്‍ ഹിഷാം അബ്ദുല്‍ വഹാബ് (ഹൃദയം), മികച്ച ഗായിക ദേവു മാത്യു (ഇക്താര). എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി. വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട്. ജോഷി സംവിധാനം ചെയ്ത പാപ്പന്‍. മനോജ് പോലോടന്‍ ഒരുക്കിയ സിഗ്നേച്ചര്‍ എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിന് നടന്‍ ടിനി ടോമിനും അവാര്‍ഡ് ലഭിച്ചു.

15ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് കേരളവിഷന്‍ അവാര്‍ഡുകള്‍ നല്‍കുന്നത്. സിനിമാരംഗത്ത് 60 വര്‍ഷം തികക്കുന്ന നടന്‍ മധുവിനെയും സംവിധായകന്‍ ചന്ദ്രകുമാറിനെയും ആദരിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കേരള ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ചെയര്‍മാന്‍ രാജമോഹന്‍ മാമ്പ്ര, സംവിധായകരായ എം. മോഹന്‍, കെ.ജി. വിജയകുമാര്‍, കേരള ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ഡയറക്ടര്‍മാരായ പി.എസ്. രജനീഷ്, സുരേഷ് ബാബു, സുബ്രഹ്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.

ഇതിനൊപ്പം കേരള വിഷന്റെ കാരുണ്യ പദ്ധതിയായ ‘എന്റെ കണ്‍മണി’ കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം വ്യവസായി എം.എ. യൂസഫലി നിര്‍വഹിച്ചു. കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും ജനക്കുന്ന നവജാത ശിശുക്കള്‍ക്ക് സൗജന്യമായി ബേബി കിറ്റ് നല്‍കുന്ന പദ്ധതിയാണിത്.

ഉണ്ണി മുകുന്ദന്‍, സിജു വിത്സന്‍, കല്യാണി പ്രിയദര്‍ശന്‍, സംവിധായകന്‍ വിനയന്‍, നിര്‍മാതാവ് ഗോകുലം ഗോപാലന്‍, ക്യാമറാമാന്‍ ഷാജികുമാര്‍, തിരക്കഥാകൃത്ത് വിഷ്ണു മോഹന്‍, ഗാനരചയിതാവ് റഫീഖ് അഹമ്മദ്, എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍, ആശ ശരത്, ബേസില്‍ ജോസഫ്, ഗായത്രി ശങ്കര്‍, വിനയ് ഫോര്‍ട്ട്, ടിനി ടോം, ലാലു അലക്‌സ്, ഗായകരായ ഹിഷാം അബ്ദുള്‍ വഹാബ്, ദേവു മാത്യു തുടങ്ങി 31 പ്രതിഭകളാണ് അവാര്‍ഡിന് അര്‍ഹരായത്.