‘മോഹൻലാലിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ് നെടുമുടി വേണു’ പ്രിയദർശൻ പറയുന്നു
1 min read

‘മോഹൻലാലിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ് നെടുമുടി വേണു’ പ്രിയദർശൻ പറയുന്നു

മഹാനടൻ നെടുമുടി വേണുവിന്റെ വിയോഗത്തിൽ മലയാള സിനിമാ ലോകം ഒന്നടങ്കം അനുസ്മരണം അറിയിക്കുമ്പോൾ സൂപ്പർതാരം മോഹൻലാലുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ചാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യുന്നത്. സഹപ്രവർത്തകർ എന്നതിനപ്പുറത്തേക്ക് ഊഷ്മളമായ ബന്ധം പുലർത്തിയിരുന്ന ഇരുവരുടെയും സ്നേഹ ബന്ധത്തെക്കുറിച്ച് സംവിധായകൻ പ്രിയദർശൻ പറഞ്ഞ വാക്കുകൾ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. മോഹൻലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആണ് നെടുമുടി വേണു എന്നാണ് പ്രിയദർശൻ പറഞ്ഞിരിക്കുന്നത്. മോഹൻലാലുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ച് പ്രിയദർശൻ പറഞ്ഞത് ഇങ്ങനെ; “എനിക്കറിയാവുന്നതിൽ വച്ച് നെടുമുടി വേണു മോഹൻലാലിന്റെ ആരൊക്കെയോ ആണ്, മോഹൻലാലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ ആണ് വേണു ചേട്ടൻ. എനിക്ക് തോന്നുന്നില്ല അയാൾ ഇത്രയും വലിയ ഒരു ബന്ധം വേറെ ഒരു വ്യക്തിയും ആയിട്ട് ഉണ്ടോ എന്ന്. അത്രയ്ക്ക് സ്നേഹമായിരുന്നു അവർ തമ്മിൽ.” വികാരനിർഭരമായ വേദനകൾക്കു നടുവിൽ നെടുമുടി വേണുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് വൈറലായിരിക്കുകയാണ്.

മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച് കുറുപ്പിനെ പൂർണരൂപം ഇങ്ങനെ; “അരനൂറ്റാണ്ടുകാലം മലയാളസിനിമയുടെ ആത്മാവായി നിലകൊണ്ട് പ്രിയപ്പെട്ട വേണുച്ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞു. നാടക അരങ്ങുകളിൽ നിന്നു തുടങ്ങി സ്വാഭാവിക അഭിനയത്തിൻ്റെ ഹിമാലയശൃംഗം കീഴടക്കിയ ആ മഹാപ്രതിഭയുടെ വേർപാട് മലയാളത്തിൻ്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ്. വ്യക്തിപരമായി എനിക്കതൊരു വലിയ വേദനയും. ഒരു ജേഷ്ഠസഹോദരനെപ്പോലെ, ചേർത്തുപിടിച്ച വാത്സല്യമായിരുന്നു വേണുച്ചേട്ടൻ എനിക്ക്. എത്ര സിനിമകളിൽ ഒന്നിച്ചു ഞങ്ങൾ. മലയാളം നെഞ്ചോടുചേർത്ത എത്ര വൈകാരിക സന്ദർഭങ്ങൾ ഒന്നിച്ചുസമ്മാനിക്കാനായി ഞങ്ങൾക്ക്. ആഴത്തിലുള്ള വായനയും അതിലൂടെ നേടിയ അറിവും കൊണ്ട്, തുല്യം വെക്കാനില്ലാത്ത വ്യക്തിത്വമായി മാറിയ എൻ്റെ വേണു ചേട്ടന് ഔപചാരികമായ ഒരു ആദരാഞ്ജലി നൽകാൻ ആവുന്നില്ല. കലയുടെ തറവാട്ടിലെ ഹിസ് ഹൈനസ് ആയ ആ വലിയ മനസ്സിൻ്റെ സ്നേഹച്ചൂട് ഹൃദയത്തിൽ നിന്ന് ഒരിക്കലും മായില്ല.”

Leave a Reply