ബ്രഹ്മാണ്ട ചിത്രം ‘മരക്കാറി’ന്റെ റിലീസ് തീയതി പ്രിയദർശൻ പ്രഖ്യാപിച്ചു; പ്രതീക്ഷയോടെ സിനിമാലോകം
1 min read

ബ്രഹ്മാണ്ട ചിത്രം ‘മരക്കാറി’ന്റെ റിലീസ് തീയതി പ്രിയദർശൻ പ്രഖ്യാപിച്ചു; പ്രതീക്ഷയോടെ സിനിമാലോകം

മലയാള സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയിരിക്കുന്ന ഈ ചിത്രം ദേശീയ അവാർഡിന്റെ നിറവിൽ ഇതിനോടകം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഏകദേശം 100 കോടി മുതൽ മുടക്കി അണിയിച്ചൊരുക്കിയിട്ടുള്ള മരക്കാർ ആദ്യഘട്ടത്തിൽ ലോകവ്യാപകമായി ആയിരക്കണക്കിന് തീയേറ്ററുകളിൽ റിലീസ് ചെയ്യിക്കാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചത്. വലിയ പ്രതീക്ഷയോടെ 2020 മാർച്ച് 26 ന് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുകയും ചെയ്തതാണ്. ആ സമയത്താണ് ലോകവ്യാപകമായി മനുഷ്യസമൂഹത്തെ പിടിച്ചുലച്ച കൊറോണ എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടത്.അതോടെ മലയാള സിനിമയുടെ തന്നെ നാഴികകല്ലായി മാറാൻ സാധ്യതയുണ്ട് എന്ന വിലയിരുത്തപ്പെട്ട മരക്കാർ എന്ന ബ്രഹ്മാണ്ട ചിത്രം വലിയ റിലീസ് പ്രതിസന്ധി നേരിടാൻ തുടങ്ങി.ഒന്നാം തരംഗത്തിന് ശേഷം തുറക്കുകയും സിനിമകൾ പഴയതുപോലെ സജീവമാവുകയും ചെയ്തതോടെ മരക്കാറിന്റെ റിലീസ് പ്രതീക്ഷകളും ഉയരുകയും ചെയ്തു. അതിനിടയിൽ ചിത്രം ഒടിടി റിലീസായി എത്തുമെന്ന അഭിവാദ്യങ്ങളും ചർച്ചകളും സജീവമാവുകയും ചെയ്തു. എന്ത് പ്രതിസന്ധി നേരിട്ടാലും ചിത്രം തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുകയുള്ളൂ എന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പിന്നീട് പ്രതികരിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ കൊറോണയുടെ രണ്ടാം തരംഗം പതിയെ പിൻവാങ്ങുകയും ലോക ഡൗൺ ഇന്ന് ചെറിയതോതിലുള്ള ഇളവുകൾ ലഭിക്കുകയും ചെയ്തതോടെ തിയേറ്റർ വ്യവസായ മേഖലയും പതിയെ ചലിച്ചു തുടങ്ങും എന്ന പ്രതീക്ഷയും ഉയർന്നുവരികയാണ്. സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ മോഹൻലാൽ ചിത്രമായ ആറാട്ട് ഒക്ടോബറിൽ പൂജ അവധിക്കാലത്ത് റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ സംവിധായകൻ പ്രിയദർശനും ബ്രഹ്മാണ്ഡചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹ’ത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏവരും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് പ്രിയദർശൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ; “സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി “മരക്കാർ അറബിക്കടലിന്റെ സിംഹം” നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാർഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു”. ഏകദേശം അഞ്ച് മാസങ്ങൾക്ക് ശേഷം മരക്കാർ റിലീസ് ചെയ്യാൻ ഒരുങ്ങുമ്പോൾ അതേസമയം കോവിഡ് പ്രതിസന്ധി വളരെയധികം കുറഞ്ഞിരിക്കും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Leave a Reply