”ജോര്‍ജ്ജുകുട്ടിയേക്കാള്‍ സാധാരണക്കാരനാണ് ‘നേരി’ലെ നായകൻ”: ജീത്തു ജോസഫ്
1 min read

”ജോര്‍ജ്ജുകുട്ടിയേക്കാള്‍ സാധാരണക്കാരനാണ് ‘നേരി’ലെ നായകൻ”: ജീത്തു ജോസഫ്

ചരിത്ര വിജയം നേടിയ ‘ദൃശ്യം’ എന്ന മോഹൻലാൽ സിനിമയുടെ പത്താം വാര്‍ഷികമാണ് ഡിസംബർ 19ന്. മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ചപ്പോഴെല്ലാം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി അവരുടെ സിനിമകളെ ഏറ്റെടുത്തിട്ടുണ്ട്. ‘ദൃശ്യ’ത്തിന് ശേഷം ഇവരൊരുമിച്ച ‘ദൃശ്യം 2’, ‘ട്വൽത് മാൻ’ എന്നീ സിനിമകള്‍ കൊവിഡ് കാലത്ത് ഒടിടി റിലീസായിട്ടായിരുന്നു എത്തിയിരുന്നത്. ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്ന നാലാമത്തെ സിനിമയായ ‘നേര്’ ഈ വരുന്ന ഡിസംബർ 21ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. കോർട്ട് റൂം ഡ്രാമയായെത്തുന്ന ചിത്രം നിർമ്മിക്കുന്നത് ആന്‍റണി പെരുമ്പാവൂരാണ്. പ്രിയാമണിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

”ട്വിസ്റ്റും സസ്പെൻസും പ്രതീക്ഷിക്കരുത്, ഇമോഷണൽ രംഗങ്ങളിലൂടെ കോടതിക്കുള്ളിൽ നടക്കുന്ന കഥയാണ് നേര്” എന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. അഡ്വ.ശാന്തി മായാദേവിയോടൊപ്പം ചേർന്നാണ് താൻ നേരിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്.

”ദൃശ്യം രണ്ടാം ഭാഗത്തിൽ കോടതി രംഗങ്ങളിൽ കൂടുതൽ വ്യക്തതയ്ക്കായ് അഭിഭാഷകയായ ശാന്തി മായാദേവി സഹായിച്ചിരുന്നു. കോടതി രംഗങ്ങളിലെ സംഭാഷണങ്ങള്‍ അവരാണ് കൂടുതൽ മികവുറ്റതാക്കിയത്. ‘റാമി’ന്‍റെ ചിത്രീകരണ സമയത്ത് തുടങ്ങിയ സൗഹൃദം ‘ദൃശ്യം 2’ കടന്ന് ഇപ്പോൾ ‘നേരി’ൽ എത്തിയിരിക്കുകയാണ്. വര്‍ഷങ്ങളായി മനസ്സിലുള്ള കോടതി പശ്ചാത്തലമായ ഒരു കഥ അവരോട് ഞാൻ പങ്കുവെച്ചിരുന്നു. ഒരു ക്രൈം കോടതിയിൽ എത്തുമ്പോള്‍ സംഭവിക്കുന്ന സ്വാഭാവിക പരണാമങ്ങള്‍ എന്തൊക്കെയാണെന്നതായിരുന്നു ആ കഥയിലുള്ളത്. മനസ്സിലുള്ള ആ കഥയ്ക്ക് അഭിഭാഷകയായ അവർ ഒട്ടേറെ നിർദ്ദേശങ്ങള്‍ തന്നു. അങ്ങനെ തിരക്കഥ എഴുത്തുമായി അവർ സഹകരിക്കുകയായിരുന്നു.

ലോകത്തിന്‍റെ പലഭാഗത്തും നടക്കുന്ന വിഷയമാണ് ‘നേര്’ സംസാരിക്കുന്നത്. സിനിമ തുടങ്ങി ആദ്യ പത്ത് മിനിറ്റ് കഴിയുമ്പോള്‍ തന്നെ കാഴ്ചക്കാര്‍ക്ക് കാര്യങ്ങള്‍ പിടികിട്ടും. ‘ദൃശ്യ’ത്തിലെ ജോര്‍ജ്ജുകുട്ടിയേക്കാള്‍ സാധാരണക്കാരനാണ് ‘നേരി’ലെ നായകൻ. സിനിമയിൽ പലപ്പോഴും കോടതി രംഗങ്ങള്‍ യഥാര്‍ത്ഥമല്ലല്ലോ സിനിമാറ്റിക്കായ കാര്യങ്ങള്‍ ഉണ്ടാകുമല്ലോ. എന്നാൽ ഇത്തവണ കോടതി രീതികളിൽ പലതും യഥാർത്ഥമായി തന്നെ കൊണ്ടുവരുന്നുണ്ട്.

‘റാമി’ന്‍റെ യു.കെ ഷെഡ്യൂളിനിടെയാണ് ‘നേരി’ന്‍റെ കഥ ലാൽ സാറിനോട് പറഞ്ഞിരുന്നത്. ആന്‍റണിയോടും കഥ പറഞ്ഞു. കോടതി രംഗങ്ങളിൽ സ്വഭാവികമായും ഉണ്ടാകാനിടയുള്ള ചില സംശയങ്ങള്‍ ലാൽ സാർ ചോദിച്ചു. ദീർഘമായ സംസാരങ്ങള്‍ ‘നേരി’നെ മുൻനിർത്തി ഞങ്ങള്‍ക്കിടയിലുണ്ടായിട്ടുണ്ട്. മാനസികമായ പൊരുത്തവും വിശ്വാസവുമാണ് ഞങ്ങളുടെ സിനിമയ്ക്ക് പിന്നിലെ കരുത്ത്. അതൊരു വിശ്വാസമാണ്. പരസ്പര വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ടാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. ലാൽസാര്‍ എന്നിലര്‍പ്പിച്ച വിശ്വാസം നിലനിര്‍ത്തേണ്ടത് എന്‍റെ കടമയാണ്”, ജീത്തു ജോസഫ് പറയുന്നു.