”പൃഥ്വിരാജിനൊപ്പം പട്ടിണി കിടന്ന ഞാൻ ആശുപത്രിയിലായി”; ജോർദാനിൽ നിന്ന് മടങ്ങിയത് വീൽചെയറിലെന്ന് ബ്ലെസി
മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം. ഇതിനോടകം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രീ റിലീസ് ഹൈപ്പ് ലഭിക്കുന്ന ചിത്രങ്ങളിൽ ഒന്നായി മാറിയ ‘ആടുജീവിതം’ ഏറെ പ്രത്യേകതകളോടെയാണ് തിയേറ്ററുകളിലെത്തുന്നത്. ഭാരം കുറച്ചു കൊണ്ടുള്ള പൃഥ്വിരാജിന്റെ ട്രാൻസ്ഫൊമേഷൻ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചർച്ചകളിൽ നിറഞ്ഞത്.
31 കിലോ ഭാരമാണ് പൃഥ്വിരാജ് സിനിമയ്ക്കായി കുറച്ചത്. മാത്രമല്ല, പൃഥ്വിരാജിനൊപ്പം സംവിധായകൻ ബ്ലെസിയും അണിയറപ്രവർത്തകരും കൂടി പട്ടിണി കിടന്നിരുന്നു. സംവിധായകൻ തന്നെയാണ് ഇക്കാര്യത്തെ കുറിച്ച് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. മനോരമ ന്യൂസിനോടാണ് ബ്ലെസി പ്രതികരിച്ചത്.
”ഭക്ഷണം ക്രമീകരിക്കുക എന്ന് പറഞ്ഞാൽ ചില സമയത്ത് ഒക്കെ വളരെ ഭീകരമായ അവസ്ഥയിൽ, ജലപാനം പോലുമില്ലാത്ത ഒരു അവസ്ഥയിൽ നിന്നിട്ടുണ്ട്. ആ സമയത്ത് ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് മാനസികമായി ഒരുപാട് തകർച്ചയിലേക്ക് പോകും. ഭക്ഷണവും വെള്ളവും ഉപേക്ഷിച്ച് ഡീഹൈഡ്രേറ്റഡ് ആയി നിൽക്കുന്ന ഒരാൾക്ക് മുന്നിൽ നിന്ന് നമുക്ക് ഒരു കുപ്പിയിൽ നിന്നും വെള്ളമെടുത്ത് കുടിക്കാൻ പറ്റില്ല. വളരെ നിശബ്ദതയിൽ പോലും ഞങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡെഡിക്കേഷന് ഞങ്ങൾ യൂണിറ്റിലെ എല്ലാവരും സഹകരണം നൽകിയിരുന്നു” – ബ്ലസി വ്യക്തമാക്കി.
കൂടാതെ പൃഥ്വിക്കൊപ്പം പട്ടിണി കിടന്ന് സോഡിയം കുറഞ്ഞ് താൻ ആശുപത്രിയിൽ ആയതിനെ കുറിച്ചും ബ്ലെസി സംസാരിക്കുന്നുണ്ട്. ”ഞാൻ കുറച്ചുകൂടി തടിച്ചിട്ടായിരുന്നു. ഒപ്പം തന്നെ എന്റെ കറുത്ത മുടിയായിരുന്നു. എനിക്ക് താടി ഉണ്ടായിരുന്നില്ല. ഇപ്പോൾ കാണുന്ന മാറ്റത്തിലേക്ക് മെല്ലെ മെല്ലെ വരികയായിരുന്നു. പക്ഷെ ഷൂട്ടിംഗിന്റെ അവസാന ദിവസങ്ങളിൽ ഒക്കെ എനിക്ക് സോഡിയം ലെവൽ കുറഞ്ഞ് ഞാൻ ആശുപത്രിയിലായി. വീൽചെയറിലാണ് ഞാൻ ജോർദാനിൽ നിന്നും മടങ്ങുന്നത്”- അദ്ദേഹം വ്യക്തമാക്കി.