“മോഹൻലാൽ എന്നും വലിയ നടനാണ്; വലിയ മനുഷ്യനാണ്”: ധർമ്മജൻ ബോൾഗാട്ടി
ഹാസ്യ കഥാപാത്രം അവതരിപ്പിച്ച് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ധർമ്മജൻ ബോൾഗാട്ടി. ടെലിവിഷൻ പരിപാടികളിലെ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് താരം പ്രശസ്തനാകുന്നത്. രമേശ് പിശാരാടിക്കൊപ്പം നിരവധി നിരവധി സ്റ്റേജ് ഷോകൾ ചെയ്ത താരം 2019 പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഓർഡിനറി, മൈ ബോസ്, സൗണ്ട് തോമ, അരികിൽ ഒരാൾ, പ്രേതം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്തു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിനിമാരംഗത്ത് നിന്നും മത്സരിക്കുവാൻ നിരവധി താരങ്ങൾ ഉണ്ടായിരുന്നു. മുകേഷ്, ധർമ്മജൻ, സുരേഷ് കൃഷ്ണ തുടങ്ങിയ താരങ്ങൾ മത്സരത്തിൽ അതിശക്തമായി തന്നെ പോരാടി.
കോൺഗ്രസ് സീറ്റിൽ ആയിരുന്നു ധർമ്മജൻ ബോൾഗാട്ടി മത്സരിച്ചത്. കോൺഗ്രസ് പാരമ്പര്യമുള്ള ധർമ്മജന് കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സീറ്റ് ആയിരുന്നു പാർട്ടി നൽകിയത്. തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിന് തന്നെ തോറ്റെങ്കിലും കോൺഗ്രസ് നിലപാടുകളിൽ എന്നും ഉറച്ചു നിൽക്കുമെന്ന് താരം വ്യക്തമാക്കിയിരുന്നു. ഏതു കാര്യത്തിലും തന്റേതായ വ്യക്തിത്വവും അഭിപ്രായവും തുറന്നു കാട്ടാൻ മടിയില്ലാത്ത ആളാണ് ധർമ്മജൻ. അതുകൊണ്ട് തന്നെ അടുത്ത് മോഹൻലാലിനെതിരെ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശത്തെ വിമർശിച്ചും താരം രംഗത്തെത്തിയിരുന്നു. മോഹൻലാൽ എന്ന നടൻ തങ്ങൾക്ക് വലിയ ആളാണെന്നും അടൂർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തതുകൊണ്ടാണ് അദ്ദേഹത്തെ ഗുണ്ടയായി കാണുന്നതെന്നും ധർമ്മജൻ വ്യക്തമാക്കി.
അടൂരിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല, പക്ഷേ മോഹൻലാൽ എന്നും വലിയ നടൻ ആണെന്നും ധർമ്മജൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുകയുണ്ടായി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:” അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയതുകൊണ്ടാണ്. മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ്. മോഹൻലാലിൻറെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തതുകൊണ്ടാണ്. മോഹൻലാലിനെ ഗുണ്ടയായി കാണുന്ന സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. സാർ, മോഹൻലാൽ സാധാരണക്കാരനായ അഭിനയിച്ച ഒരുപാട് സിനിമകളുണ്ട്. ടി പി ബാലഗോപാലൻ എം എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി നിരവധി ചിത്രങ്ങൾ. അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തോന്നുന്നുണ്ടാകും. പക്ഷേ ഞങ്ങൾക്ക് തോന്നുന്നില്ല.
അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ച് പറയട്ടെ സാറിൻറെ പടത്തിൽ അഭിനയിപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല പക്ഷേ മോഹൻലാൽ എന്നും വലിയ നടനാണ്. വലിയ മനുഷ്യനാണ്. സാറിന് പറ്റിയ ആളുകളെ കൊണ്ട് സാറാ അഭിനയിപ്പിച്ചോ. പക്ഷേ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്”.
മോഹൻലാലിന് നല്ലവനായ റൗഡി ഇമേജ് ആണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അടൂർ ഗോപാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ഒരു റൗഡി എങ്ങനെയാണ് നല്ലവൻ ആകുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും താൻ അത്തരം ഇമേജിൽ വിശ്വസിക്കുന്നില്ല അതിനാണ് മോഹൻലാലിനൊപ്പം സിനിമ ചെയ്യാത്തതെന്നും അടൂർ വ്യക്തമാക്കിയിരുന്നു. ഈ പരാമർശത്തിനെതിരെ ശക്തമായ രീതിയിൽ ഉള്ള വാദപ്രതിവാദങ്ങളാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഉയർന്നുകൊണ്ടിരിക്കുന്നത്.