‘മമ്മൂട്ടിയുടെ തോളില്‍ കയ്യിട്ട് നടന്ന പല വമ്പന്‍ നിര്‍മാതാക്കളും തിരിഞ്ഞുനോക്കാത്ത ഒരു കാലത്താണ് ഞങ്ങള്‍ ന്യൂഡല്‍ഹി ചെയ്തത്’ ; ഡെന്നീസ് ജോസഫ് വ്യക്തമാക്കിയ കാര്യങ്ങള്‍ ഇങ്ങനെ
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളില്‍ ഒന്നാണ് ന്യൂഡല്‍ഹി. ഇടയ്ക്ക് മങ്ങിയ മമ്മൂട്ടിയെ ന്യൂഡല്‍ഹി എന്ന ഒറ്റ ചിത്രത്തിലൂടെ താരാകാശത്ത് കൂടുതല്‍ ശോഭയോടെ പുനപ്രതിഷ്ഠിച്ച സംവിധായകനാണ് ജോഷി. ഡെന്നീസ് ജോസഫിന്റെ കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടി. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ന്യൂഡല്‍ഹിയുടെ റീമേക്ക് ഒരുക്കി സ്വന്തം ഖ്യാതിയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചു.
മമ്മൂട്ടിയെന്ന നടന് മലയാളസിനിമയില്‍ നിലനില്‍പ്പിനായി കഷ്ടപ്പെട്ട ഒരു സമയമുണ്ടായിരുന്നു. കുടുംബചിത്രങ്ങളില്‍ മാത്രമായി തളച്ചിട്ടപ്പെട്ട ഒറു കാലഘട്ടം. ബോക്സ്ഓഫീസിലെല്ലാം തുടരെ തുടരെ പരാജയങ്ങള്‍ ഏറ്റവുവാങ്ങി. മമ്മൂട്ടിയെവെച്ച് ആ കാലഘട്ടത്ത് സിനിമ ചെയ്യാന്‍ നിര്‍മാതാക്കള്‍ മടിച്ചു നിന്നിരുന്നു. കരിയറിനു തിരശീല വീഴുമെന്ന് മമ്മൂട്ടി പോലും വിചാരിച്ച സമയത്താണ് ഡല്‍ഹിയുടെ പശ്ചാത്തലത്തില്‍ ഒരു സിനിമ ചെയ്യാന്‍ ജോഷിയും ഡെന്നീസ് ജോസഫും തീരുമാനിക്കുന്നത്. ഇപ്പോഴിതാ ന്യൂഡല്‍ഹി സിനിമക്ക് 35 വയസ്സായി. ‘ന്യൂഡല്‍ഹി’ എന്ന സിനിമയുടെ പിറവിയുടെ പിന്നാമ്പുറ കഥകള്‍ ഒരിക്കല്‍ ഡെന്നീസ് ജോസഫ് പറഞ്ഞിരുന്നു.
മമ്മൂട്ടി എന്ന് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ തിയേറ്ററില്‍ കൂവുന്ന അവസ്ഥയായിരുന്നു 1985 മുതല്‍ 1987 വരെയുള്ള കാലഘട്ടമെന്ന് ഡെന്നിസ് പറയുന്നു. ജോഷി-ഡെന്നീസ് ജോസഫ് ടീം സിനിമയില്‍നിന്ന് ഇല്ലാതെയാകുന്ന ഒരവസ്ഥയായിരുന്നു. മമ്മൂട്ടിയെവെച്ച് സിനിമ ചെയ്യാന്‍ ആരും വരാതെയായി. കാര്യം അന്വേഷിച്ചാല്‍ അന്നും ഇന്നും പ്രത്യേകിച്ച് ഒരു ഉത്തരമില്ല. ജോയിയും ജോഷിയും വളരെ ആത്മാര്‍ത്ഥമായി മമ്മൂട്ടിയെ തിരികെ കൊണ്ട് വരണമെന്ന് ആഗ്രഹിച്ചു. മമ്മൂട്ടിയെ തോളില്‍ കയ്യിട്ട് നടന്ന പല വമ്പന്‍ നിര്‍മാതാക്കളും തിരിഞ്ഞുനോക്കാത്ത ഒരു കാലത്താണ് ഇവര്‍ ഇങ്ങനെ ചിന്തിക്കുന്നതെന്നും ഡെന്നീസ് പറഞ്ഞിരുന്നു.
അങ്ങനെ മമ്മൂട്ടിക്കുവേണ്ടി പല കഥകള്‍ ഞങ്ങള്‍ ആലോചിക്കുമ്പോള്‍ എനിക്ക് പണ്ട് സ്കൂളില്‍ പഠിച്ച ഒരു പാഠഭാഗം ഓര്‍മവന്നു. ‘പയ്യമ്പള്ളി ചന്തു’. ഉദയാ സിനിമകളുടെ രീതിയില്‍ ‘പയ്യമ്പള്ളി ചന്തു’ സിനിമ ആക്കിയാലോ എന്ന് ആലോചിച്ചു. ജോയിക്കും ജോഷിക്കും അത് ഇഷ്ടപ്പെട്ടു. അന്ന് ‘വടക്കന്‍ വീരഗാഥ’ വന്നിട്ടില്ല. അത് ചെയ്യാനായി പദ്ധതി ഇട്ടപ്പോഴായിരുന്നു പ്രിയദര്ശന് – സാജന് ഗ്രൂപ്പ് മോഹന്‍ലാലിനെവെച്ച് ഒരു വലിയ വടക്കന്‍പ്പാട്ട് എന്ന സിനിമ ചെയ്യാനുള്ള ആലോചന വരുന്നത്. അങ്ങനെ പയ്യമ്പള്ളി ചന്തു വേണ്ടെന്ന് വച്ചു. അങ്ങനെയാണ് ഞാന്‍ പെട്ടെന്ന് ഒരു കഥ പറയുന്നത്. അതാണ് പിന്നീട് ന്യൂഡല്‍ഹി എന്ന സിനിമയാക്കിയത്.
ഡല്‍ഹിയില്‍വെച്ച് ഷൂട്ടിംങ് നടക്കുന്ന സമയത്ത് മമ്മൂട്ടി അസ്വസ്ഥനായിരുന്നു. നാട്ടില്‍ പല സിനിമകളുംട റിലീസ് ആകുന്നു. അതെല്ലാം പൊളിയുകയായിരുന്നു. സിനിമയുടെ റീറെക്കോഡിംങ് എല്ലാം കഴിഞ്ഞ് റിലീസിന് മുന്നേ പ്രിയദര്‍ശനെയാണ് സിനിമ കാണിച്ചത്. സിനിമ കണ്ട് പ്രിയദര്ശന് ഒറ്റ ഇരിപ്പാണ്. എന്നിട്ട് പറഞ്ഞു: ”ജോഷിയേട്ടാ, ഞാനിത് കണ്ടിട്ട് ഞെട്ടിപ്പോയി. ആദ്യത്തെ മൂന്നു റീല്‍ കണ്ടപ്പോള്‍ തന്നെ ഇതുവരെയുള്ള എന്റെ ഫിലിം മേക്കിങ് രീതിയേ മാറ്റണം എന്ന് എനിക്ക് തോന്നിപ്പോയി.” പ്രിയദര്ശന് വേഗം മോഹന്‍ലാലിനെ വിളിച്ച് പറഞ്ഞു ദാ മമ്മൂട്ടി വീണ്ടും തിരിച്ചുവരാന്‍ പോകുന്നു എന്ന്. ഇത് സൂപ്പര്‍ ഹിറ്റാകുമെന്നും അദ്ദേഹം പറഞ്ഞുവെന്ന് ഡെന്നീസ് പറയുന്നു.
ചിത്രം റിലീസ് ചെയ്യുമ്പോള്‍ നായര്‍ സാബിന്റെ ഷൂട്ടിംങിന് ഞാനും ജോഷിയും മമ്മൂട്ടിയും ശ്രീനഗറില്‍ ആയിരുന്നു. ന്യൂഡല്‍ഹി ചിത്രത്തിന്റെ റിലീസിന്റെ അന്ന് ഷൂട്ടിംങിനൊന്നും പോകാതെ ഫോണിന് ചുറ്റും ഇരുന്നു. മാറ്റിനി കഴിഞ്ഞ് ജോയി വിളിച്ച് പറഞ്ഞു പടം സുപ്പര്‍ ഹിറ്റാണ്. മമ്മൂട്ടിക്ക് അത് വിശ്വസിക്കാന്‍ പറ്റിയില്ല. ഫസ്റ്റ് ഷോയും കൂടി കഴിഞ്ഞതോടെ മമ്മൂട്ടിക്ക് ഉറപ്പായി സൂപ്പര്‍ ഹിറ്റാണെന്ന്. അതോടെ മമ്മൂട്ടി എന്നെയും ജോഷിയേയും കെട്ടിപ്പിടിച്ച് കരഞ്ഞു. ഞങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റാത്ത വിജയത്തിലേക്ക് സിനിമ കുതിച്ചുയര്‍ന്നുവെന്നും ഡെന്നീസ് വ്യക്തമാക്കി.