‘തന്റെ ലക്ഷ്മി ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ 32 വയസ്സ് ആയേനെ! അവളുടെ നഷ്ടത്തിന്റെ വേദന തന്റെ പട്ടടയിലെ ചാരത്തിന് വരെ ഉണ്ടാകും’; സുരേഷ് ഗോപി
1 min read

‘തന്റെ ലക്ഷ്മി ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ 32 വയസ്സ് ആയേനെ! അവളുടെ നഷ്ടത്തിന്റെ വേദന തന്റെ പട്ടടയിലെ ചാരത്തിന് വരെ ഉണ്ടാകും’; സുരേഷ് ഗോപി

ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകന്‍ ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് ‘പാപ്പന്‍’. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുടുംബ ബന്ധങ്ങളുടെ ശക്തമായ അടിത്തറയും, നിരവധി ദുരൂഹതകളും സസ്‌പെന്‍സുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ് പാപ്പന്‍. ചിത്രത്തില്‍ എബ്രഹാം മാത്യു മാത്തനായാണ് സുരേഷ് ഗോപി എത്തുന്നത്. ചിത്രം ജൂലൈ 29ന് തിയേറ്ററുകളില്‍ എത്തും.

ഇപ്പോഴിതാ, ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്. അതില്‍ തന്റെ മരിച്ചു പോയ മകളെ ഓര്‍ത്ത് കണ്ണു നിറഞ്ഞ സുരേഷ് ഗോപിയേയും കാണാം. ഒന്നര വയസ്സ് മാത്രം പ്രായമുള്ളപ്പെഴാണ് സുരേഷ് ഗോപിയുടേയും രാധികയുടേയും മകള്‍ ലക്ഷ്മി മരിക്കുന്നത്. അദ്ദേഹം മകളെ കുറിച്ച് സംസാരിക്കുമ്പോഴൊക്കെ വാക്കുകള്‍ കിട്ടാത്തവിധം പതറിപോകാറുണ്ട്. അദ്ദേഹം അവതാരകനായി എത്തിയ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയിലും മകളെ കുറിച്ച് ഇടയ്ക്ക് സംസാരിക്കാറുണ്ടെങ്കിലും ഇടയ്ക്ക് കണ്ണ് നിറയുന്നതു കാണാം.

എന്നാല്‍ മകള്‍ ഇല്ലാത്തതിന്റെ വേദന താന്‍ മറക്കുന്നത് ലക്ഷ്മി സുരേഷ് ഗോപി എന്ന സഹായ നിധിയിലൂടെയും, അല്ലാതെയും കൊടുക്കുന്ന സഹായങ്ങളിലൂടെയാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്. ആ സഹായങ്ങള്‍ ലഭിക്കുമ്പോള്‍ അവരില്‍ കാണുന്ന പുഞ്ചിരി പലപ്പോഴും തനിക്ക് തന്റെ മകളുടെ പുഞ്ചിരിയായി തന്നെ തോന്നാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ മകള്‍ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അവള്‍ക്ക് 32 വയസ്സായേനെയെന്നും, തന്റെ മകളുടെ നഷ്ടം എന്നു പറയുന്നത് എന്നെ പട്ടടയില്‍ കൊണ്ടു ചെന്ന് കത്തിച്ചു കഴിഞ്ഞാല്‍ പോലും ആ ചാരത്തിന് ആ വേദന ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, എബ്രഹാം മാത്യു മാത്തന്‍ എന്ന ഐ.പി.എസ്.കേഡര്‍ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനായാണ് സുരേഷ് ഗോപി പാപ്പനില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ശ്രീ ഗോകുലം മൂവിസ്സിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന ഈ ചിത്രം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ഇഫാര്‍മീഡിയയുടേയും ബാനറിലാണ് ഒരുങ്ങുന്നത്.