കണ്ണൂർ സ്ക്വാഡിലും ചാവേറിലും ഒരു പൊതുഘടകമുണ്ട്; ദീപക് പറമ്പോലിന്റെ ബ്രേക്കിങ് ചിത്രങ്ങളാണോയിത്?
മലർവാടി ആർട്സ് ക്ലബ്ബിലൂടെയാണ് ദീപക് പറമ്പോൽ എന്ന കണ്ണൂരുകാരൻ മലയാളസിനിമയുടെ ഭാഗമാകാൻ തുടങ്ങുന്നത്. നായകനാകണം എന്ന ആഗ്രഹം മനസിൽ വെച്ച് തന്നെയായിരുന്നു ദീപക്കിന്റെ രംഗപ്രവേശം. പക്ഷേ ഭാഗ്യം തെളിയാൻ വർഷങ്ങൾ വേണ്ടി വന്നു.
2010 മുതലുള്ള തന്റെ അഭിനയജീവിതത്തിന് കരിയർ ബ്രേക്ക് ലഭിച്ചിരിക്കുകയാണ് ഇപ്പോൾ. അടുത്ത് റിലീസ് ചെയ്ത കണ്ണൂർ സ്ക്വാഡിലും ചാവേറിലും ദീപക് ശ്രദ്ധേയമായ വേഷങ്ങളാണ് ചെയ്തിരിക്കുന്നത്. ഒരു നടന്റെ ഏറ്റവും വലിയ ആഗ്രഹം തിയേറ്ററിൽ ആഘോഷിക്കപ്പെടുക എന്നതാണ്. ദീപക് ആഘോഷിക്കപ്പെടുക തന്നെ ചെയ്തു. പ്രേക്ഷകരൊന്നടങ്കം ഈ നടന്റെ സ്ക്രീൻ പ്രസൻസിനെ കുറിച്ചാണ് സംസാരിക്കുന്നത്.
രണ്ട് സിനിമകളിലും മോശമല്ലാത്ത റോളുകളാണ് ദീപക്കിന് ലഭിച്ചിരിക്കുന്നത്. അദ്ദേഹം അത് വളരെ ഭംഗിയായി തന്നെ അവതരിപ്പിക്കുകയും ചെയ്തു. മമ്മൂട്ടി നായകനായെത്തിയ കണ്ണൂർ സ്ക്വാഡിൽ വില്ലൻ വേഷമായിരുന്നു ദീപക്കിന് ലഭിച്ചത്. താരം ഇതുവരെ ചെയ്ത റോളുകളിൽ നിന്നും ഏറെ വ്യത്യസ്തമായ ഗെറ്റപ്പിലും കൂടിയായിരുന്നു ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. തന്റെ മേക്കോവർ കണ്ടിട്ട് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞ് നടൻ ദുൽഖർ സൽമാൻ ദീപക്കിനെ അഭിനന്ദിച്ചിരുന്നു.
ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത് ഇപ്പോൾ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന ചാവേറിലും ദീപക് വേറിട്ട കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സിനിമ കണ്ടിറിങ്ങിയവരെല്ലാം താരത്തിന്റെ അഭിനയ മികവിനെ പ്രതിപാദിക്കുന്നുമുണ്ട്.
ശ്രീജിത്ത് ചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഇമ്പമാണ് ദീപക്കിന്റെ ഇനി റിലീസ് ചെയ്യാനെത്തുന്ന സിനിമ. ചിത്രത്തിന്റെ ടീസറിനും പോസ്റ്ററുകൾക്കുമെല്ലാം മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ബെംഗളുരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്ര നിർമ്മിച്ചിരിക്കുന്ന സിനിമയുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസാണ്.
മീരാ വാസുദേവ്, ദർശന സുദർശൻ, ഇർഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം. നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ.വി. ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.