”എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവം”; വാലിബന്റെ പ്രേക്ഷകപ്രതികരണം നിരാശപ്പെടുത്തിയില്ലെന്ന് ചമതകൻ
1 min read

”എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവം”; വാലിബന്റെ പ്രേക്ഷകപ്രതികരണം നിരാശപ്പെടുത്തിയില്ലെന്ന് ചമതകൻ

ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ മലൈക്കോട്ടൈ വാലിബൻ വലിയ ഹൈപ്പോടെയായിരുന്നു തിയേറ്ററുകളിലെത്തിയത്. മലയാളികൾ ഇതുവരെ കണ്ട് ശീലിച്ചിട്ടില്ലാത്ത അവതരണ രീതി പിന്തുടർന്ന ഈ സിനിമ ആദ്യ ദിനം തന്നെ വലിയ ഡീ​ഗ്രേഡിങ്ങിന് ഇരയാക്കപ്പെട്ടെങ്കിലും പിന്നീട് കൂടുതൽ ആളുകൾ കണ്ടതോടെ മൗത്ത് പബ്ലിസിറ്റി നേടി ചിത്രം മുന്നേറി.

തിയേറ്റർ വിട്ടിറങ്ങിയപ്പോൾ കൂടുതൽ പേർ തിരഞ്ഞത് ചമതകൻ എന്ന ഡാനിഷ് സേഠ് ആരാണ് എന്നായിരുന്നു. മോഹൻലാലിനൊപ്പം കട്ടയ്ക്ക് നിൽക്കുന്ന പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. ചിത്രത്തിൽ ചമതകൻ എന്ന ഏറെ പ്രാധാന്യമുള്ള വില്ലൻ കഥാപാത്രത്തെയായിരുന്നു ഡാനിഷ് അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിൻറെ പരാജയം തന്നെ ബാധിച്ചോ എന്ന ചോദ്യത്തിന് വാലിബനിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഡാനിഷ് സേഠ് പ്രതികരിച്ചിരിക്കുകയാണ്.

“ഒരുപാടൊന്നും ഞാൻ വായിച്ചില്ല. പ്രേക്ഷകർക്ക് ഈ ചിത്രത്തിന്മേലുണ്ടായിരുന്ന പ്രതീക്ഷകളെക്കുറിച്ചും ചിത്രം കണ്ടതിന് ശേഷമുള്ള പ്രതികരണങ്ങളും. ഇതൊരു വലിയ ചിത്രമായതിനാൽത്തന്നെ പ്രേക്ഷകർക്കുള്ള പ്രതീക്ഷയും സ്വാഭാവികമായും ഉയർന്നതായിരിക്കും. എനിക്കും അങ്ങനെതന്നെ ആയിരുന്നു. ഞങ്ങൾ ഏറ്റവും മികച്ച രീതിയിലാണ് ജോലി ചെയ്തതെന്ന് ആ ചിത്രത്തിൽ ഉൾപ്പെട്ട എല്ലാവർക്കും അറിയാമായിരുന്നു. ഇപ്പോൾ അത് പ്രേക്ഷകർക്ക് അവകാശപ്പെട്ടതാണ്.

43 വർഷം ഇൻഡസ്ട്രിയിൽ പ്രവർത്തിച്ചതിന് ശേഷം ഒരു ചിത്രത്തിൻറെ റിലീസിന് മുൻപ് ഭയം തോന്നാറുണ്ടോയെന്ന് വാലിബന്റെ റിലീസിന് മുൻപ് ഞാൻ മോഹൻലാലിനോട് ചോദിച്ചത് ഓർക്കുന്നു. ഭയപ്പെടാനുള്ള കാരണമില്ലെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. നമ്മൾ നമ്മുടെ ഏറ്റവും മികച്ചത് ചെയ്തു. ഇനി പ്രേക്ഷകരാണ് പറയേണ്ടത് എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി. ശരിക്കും അഭിനയകലയെ സംബന്ധിച്ച് അങ്ങനെതന്നെയാണ്. മലൈക്കോട്ടൈ വാലിബൻ എന്നെ സംബന്ധിച്ച് എക്കാലത്തും സ്പെഷൽ ആയിരിക്കും. ജീവിതത്തിൽ എനിക്ക് ഇതുവരെ ഉണ്ടായതിൽ ഏറ്റവും മികച്ച അനുഭവമായിരുന്നു അത്”. ഡാനിഷ് സേഠ് പറയുന്നു. സിനിമാ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

മലൈക്കോട്ടൈ വാലിബൻ ഒടിടി പ്ലാറ്റ്ഫോം റിലീസിന് കാത്തുനിൽക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 23 മുതൽ ചിത്രം ഒടിടിയിൽ ലഭ്യമായി തുടങ്ങും. ‘ആമേൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പി. എസ് റഫീഖ് തിരക്കഥയെഴുതിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം കൂടിയാണ് വാലിബൻ. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠൻ ആചാരി, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.