94 കോടി ടിക്കറ്റുകൾ വിറ്റുപോയവർഷം, ഇന്ത്യൻ സിനിമകളിൽ ഒന്നാമത് ഈ ഭാഷ; 2023ൽ ഇന്ത്യൻ സിനിമയുടെ ലാഭ കണക്കുകൾ ഇങ്ങനെ…
1 min read

94 കോടി ടിക്കറ്റുകൾ വിറ്റുപോയവർഷം, ഇന്ത്യൻ സിനിമകളിൽ ഒന്നാമത് ഈ ഭാഷ; 2023ൽ ഇന്ത്യൻ സിനിമയുടെ ലാഭ കണക്കുകൾ ഇങ്ങനെ…

കൊവിഡ് പാൻഡമിക് കാലഘട്ടത്തിൽ നിന്നും ചലച്ചിത്ര മേഖല രക്ഷപ്പെട്ട വർഷമായിരുന്നു 2023. 2020 മുതൽ ഇങ്ങോട്ട് പലപ്പോഴും തിയേറ്ററുകൾ അടച്ചിട്ട നിലയിലായുരുന്നു. ഈ സമയത്ത് ഇന്ത്യൻ സിനിമകൾ ഒടിടിയിൽ സജീവമായെങ്കെലും സാമ്പത്തികമായി ഒരുപാട് നഷ്ടങ്ങളുണ്ടായി. എന്നാൽ 2023 ൽ ബോക്സ് ഓഫീസിൻറെ കാത്തിരുന്ന ആ മടങ്ങിവരവ് സംഭവിച്ചു.

പല ഭാഷകളിലായി ഇന്ത്യൻ സിനിമ വലിയ വിജയങ്ങൾ കണ്ട 2023 ലെ സമ​ഗ്ര ബോക്സ് ഓഫീസ് റിപ്പോർട്ട് ഇപ്പോൾ പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ മീഡിയ കൺസൾട്ടിം​ഗ് സ്ഥാപനമായ ഓർമാക്സ് മീഡിയയാണ് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. ഈ കണക്ക് പ്രകാരം ഇന്ത്യയിലെമ്പാടുമുള്ള സിനിമാ തിയറ്ററുകൾ ചേർന്ന് 2023 ൽ വിറ്റത് 94.3 കോടി ടിക്കറ്റുകളാണ്.

ഇതിലൂടെ ആകെ ലഭിച്ച ​ഗ്രോസ് കളക്ഷൻ 12,226 കോടി രൂപയായി വിലയിരുത്താം. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാർഷിക കളക്ഷനാണിത്. ഇന്ത്യൻ ബോക്സ് ഓഫീസിൽ 12,000 കോടിക്ക് മുകളിൽ വാർഷിക കളക്ഷൻ വരുന്നത് ഇത് ആദ്യമായാണ്. എന്നാൽ ടിക്കറ്റ് വിൽപ്പനയിൽ കൊവിഡിന് ശേഷമുള്ള വർഷങ്ങളെ മറികടന്നെങ്കിലും 2019, 2018, 2017 വർഷങ്ങളേക്കാൾ കുറവാണ് 2023 ലെ ടിക്കറ്റ് വിൽപ്പന.

കൊവിഡ് കാല തകർച്ചയ്ക്ക് ശേഷം ഹിന്ദി സിനിമയുടെ തിരിച്ചുവരവ് കണ്ട 2023 ൽ ചരിത്രത്തിലെ ഏറ്റവും മികച്ച കളക്ഷനുമായി ബോളിവുഡ് തന്നെയാണ് ഇന്ത്യൻ സിനിമയിൽ കളക്ഷനിൽ ഒന്നാമത്. 5380 കോടിയാണ് ഹിന്ദി ചിത്രങ്ങൾ ചേർന്ന് 2023 ൽ നേടിയത്. എല്ലാ ഭാഷകളിലുമായി ആയിരത്തിലധികം ചിത്രങ്ങൾ റിലീസ് ചെയ്യപ്പെട്ടപ്പോൾ ആകെ കളക്ഷൻറെ 40 ശതമാനവും 10 ചിത്രങ്ങളിൽ നിന്നാണ്. ഹിന്ദി ചിത്രങ്ങളായ ജവാൻ, അനിമൽ, പഠാൻ, ​ഗദർ 2 എന്നിവ ഇന്ത്യയിൽ നിന്ന് 600 കോടിയിലധികം നേടിയപ്പോൾ തമിഴ് ചിത്രങ്ങളായ ജയിലർ, ലിയോ എന്നിവ രാജ്യത്തുനിന്ന് 400 കോടിയിലധികം നേടി.