ചടുലം തീവ്രം, വിസ്മയിപ്പിക്കുന്ന ത്രില്ലിംഗ് അനുഭവം, ചാക്കോച്ചന്‍റേയും പെപ്പേയുടേയും ഇതുവരെ കാണാത്ത വേഷങ്ങൾ; ‘ചാവേർ’; റിവ്യൂ വായിക്കാം
ആദ്യ രണ്ട് സിനിമകളിലൂടെ തിയറ്ററുകള്‍ പൂരപ്പറമ്പാക്കിയ സംവിധായകന്‍ ആണ് ടിനു പാപ്പന്‍. അദ്ദേഹത്തിന്റെ പുതിയൊരു പടം വരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ തന്നെ സിനിമാസ്വാദകര്‍ക്ക് വന്‍ പ്രതീക്ഷയാണ്. ആ പ്രതീക്ഷ കാത്തു സൂക്ഷിക്കുന്ന സിനിമ ആയിരിക്കുകയാണ് ചാവേര്‍. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുന്ന കുഞ്ചാക്കോ ബോബനും ടിനുവും ഒന്നിച്ചപ്പോള്‍ മലയാളികള്‍ക്ക് പുത്തന്‍ ദൃശ്യാനുഭവം പകരുക ആയിരുന്നു. ചിത്രത്തിന്റെ റിവ്യൂ വായിക്കാം.
പൂർണരൂപം
ആദിമധ്യാന്തം പിരിമുറുക്കമുള്ളൊരു ത്രില്ലിംഗ് അനുഭവം നൽകിയിരിക്കുകയാണ് ടിനു പാപ്പച്ചൻ – കുഞ്ചാക്കോ ബോബൻ ടീമിന്‍റെ ‘ചാവേർ’. കഥയുടെ ഒഴുക്കും കഥാപാത്രങ്ങളും ദേഹമാസകലം വരിഞ്ഞുമുറുക്കുന്നൊരനുഭവമാണ് സമ്മാനിച്ചത്. ചിത്രത്തിലെ കഥാപാത്രങ്ങളായ അശോകനും മുസ്തഫയും ആസിഫും തോമസും അരുണും കിരണും ജികെയും ദേവകി ടീച്ചറും മുകുന്ദേട്ടനുമൊക്കെ സിനിമ കഴിയുമ്പോഴും മനസ്സിൽ തങ്ങി നിൽക്കും. അത്യന്തം ത്രില്ലിംഗായി ഒരു നിമിഷം പോലും ശ്രദ്ധ തെറ്റിപ്പോകാത്ത രീതിയിൽ ഏവരേയും പിടിച്ചിരുത്തുന്ന രീതിയിലാണ് ടിനു ‘ചാവേർ’ ഒരുക്കിയിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകർക്കും കണക്ടാവുന്ന മേക്കിംഗ് തന്നെയാണ് സിനിമയുടേത്.
പാതിരാത്രിയിൽ വിജയനമായൊരു തെരുവിൽ നടക്കുന്ന ദാരുണമായൊരു കൊലപാതകത്തോടെയാണ് സിനിമയുടെ തുടക്കം. തെയ്യക്കോലം കെട്ടിയാടാൻ നേർച്ച നേർന്നയാളാണ് കൊല്ലപ്പെടുന്നത്. ജികെ എന്നറിയപ്പെടുന്നയാൾ നൽകിയതാണ് ക്വട്ടേഷൻ. പിടിവലിക്കിടയിൽ ക്വട്ടേഷൻ ടീമിൽ ഒരാളുടെ കാലിന് അബദ്ധത്തിൽ മുറിവേൽക്കുന്നു. കൃത്യം നിർവ്വഹിച്ച് അവർ പോകും വഴി ഈ മുറിവ് വെച്ചുകെട്ടാൻ കൂട്ടത്തിലൊരാളുടെ സുഹൃത്തിനെ വിളിച്ച് വണ്ടിയിലേക്ക് കയറ്റുകയാണ്. ഡോക്ടറാവാൻ പഠിച്ചുകൊണ്ടിരിക്കുന്ന ആ സുഹൃത്തുമായാണ് പിന്നീടവർ നീങ്ങുന്നത്. വിജന വഴികളിലൂടെയുള്ള അവരുടെ പരക്കം പാച്ചിലാണ് സിനിമയിൽ ശേഷം അവതരിപ്പിക്കുന്നത്. അതിനിടയിൽ നടക്കുന്ന നടുക്കുന്ന സംഭവവികാസങ്ങളും കാടും മലയും താണ്ടിയുള്ള അവരുടെ യാത്രയും യാത്രയ്ക്കിടയിൽ നേരിടുന്ന പ്രതിബന്ധങ്ങളും കൊലയ്ക്ക് പിന്നിലെ രാഷ്ട്രീയ പ്രാധാന്യവുമൊക്കെയാണ് സിനിമയെ എൻഗേജിങ്ങാക്കിമാറ്റുന്നത്. കഥാപശ്ചാത്തലത്തിലും അവതരണത്തിലും സമീപകാലത്ത് ഇറങ്ങിയ മറ്റു മലയാള സിനിമകളില്‍ നിന്നും ഏറെ വേറിട്ട സമീപനമാണ് ‘ചാവേറി’നെ വ്യത്യസ്തമാക്കുന്നത്.
അശോകൻ, മുസ്തഫ, തോമസ്, ആസിഫ്, ജികെ, അരുൺ, കിരൺ, ദേവകി ടീച്ചർ, മുകുന്ദേട്ടൻ തുടങ്ങിയ കഥാപാത്രങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്. അതിവൈകാരികതയിലേക്ക് വഴുതിവീഴാതെ കാച്ചിക്കുറുക്കിയൊരുക്കിയ തിരക്കഥയും അതിന് നൽകിയിരിക്കുന്ന കൈയടക്കമുള്ള സംവിധാനവും അഭിനേതാക്കളുടെ ഇരുത്തം വന്ന പ്രകടനങ്ങളും തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. അശോകനായി കുഞ്ചാക്കോ ബോബന്‍റെ തികച്ചും വേറിട്ട പ്രകടനം തന്നെയാണ് സിനിമയിലേത്. കരിയറിലെ തന്നെ തികച്ചും വ്യത്യസ്തമായ വേഷമാണ് ചാക്കോച്ചന് ലഭിച്ചിരിക്കുന്നത്. മുസ്തഫ എന്ന കഥാപാത്രമായി മനോജ് കെ.യുവിന്‍റേയും ഞെട്ടിക്കുന്ന വേഷപ്പകർച്ചയാണ്. അരുൺ എന്ന കഥാപാത്രമായി അർജുനും കിരണായി ആന്‍റണി വർഗ്ഗീസും ശ്രദ്ധേയ വേഷത്തിലാണ്. ആസിഫായി സജിൻ ഗോപുവും ദേവകി ടീച്ചറായി സംഗീതയും മുകുന്ദേട്ടനായി ജോയ് മാത്യുവിന്‍റേയുമൊക്കെ മനസ്സിൽ കയറുന്ന പ്രകടനം തന്നെയാണ് സിനിമയിലേത്.
ഗംഭീര തിയേറ്റർ അനുഭവമായ ‘സ്വാതന്ത്ര്യം അർദ്ധരാത്രി’യിലും ‘അജഗജാന്തര’വുമൊക്കെ ഒരുക്കിയ ടിനു പാപ്പച്ചൻ എന്ന സംവിധായകനെ കുറിച്ച് പ്രേക്ഷകർക്കുള്ള പ്രതീക്ഷ വാനോളം ഉയർത്തുന്നതാണ് ‘ചാവേർ’ നൽകിയ ദൃശ്യാനുഭവം. എന്നാൽ സ്വാതന്ത്ര്യമോ അജഗജാന്തരമോ പോലെയൊരു പടമല്ല പക്ഷേ അതുക്കും ഒരുപടി മുകളിലാണ് കണ്ണൂർ കേന്ദ്രമാക്കി ഒരുക്കിയിരിക്കുന്ന ‘ചാവേറി’ന്‍റെ ലോകം. മലയാളത്തിൽ ഇത്രയും കൃത്യമായും സ്പഷ്ടമായും ധൈര്യപൂർവ്വം ജാതി രാഷ്ട്രീയത്തേയും കൊലപാതക രാഷ്ട്രീയത്തേയും ദുരഭിമാനക്കൊലയേയുമൊക്കെ പറ്റി സംസാരിച്ചിട്ടുള്ള സിനിമയുണ്ടോയെന്നത് സംശയമാണ്. കൈകാര്യം ചെയ്യുന്ന വിഷയത്തെ അത് അർഹിക്കുന്ന ഗൗരവത്തോടെ അതിസൂക്ഷമമായി വൈകാരികമായി സ്റ്റൈലിഷായി തന്നെ ടിനു സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്.
ഓരോ സീനും അത്യന്തം വ്യക്തവും കൃത്യതയോടേയും പ്രേക്ഷകരുടെ ശ്രദ്ധ അണുവിട വ്യതിചലിക്കാതെ കാണാവുന്ന വിധത്തിലുള്ളതാണ് സിനിമയുടെ മേക്കിംഗ്. ജോയ് മാത്യുവിന്‍റെ പിഴവുകളൊന്നുമില്ലാത്ത സ്ക്രിപ്റ്റിനെ അതിമനോഹരമായ ദൃശ്യങ്ങളും അതോടൊപ്പം ഉള്ളിൽ കൊള്ളുന്ന പശ്ചാത്തല സംഗീതവും പാട്ടുകളുമൊക്കെ ഇഴുകിചേർത്ത് ടിനു ഒരു ദൃശ്യവിസ്മയം തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്.
ഓരോ സംഭവങ്ങളേയും തുടരെ തുടരെ കണക്ട് ചെയ്ത് മുന്നോട്ടുപോകുന്ന സിനിമ ക്ലൈമാക്സിൽ നൽകുന്നത് മാസ്മരികമായൊരു അനുഭവമാണ്. രാഷ്ട്രീയ പ്രാധാന്യമുള്ള കഥയെ തെയ്യവുമായി കൂട്ടിയിണക്കിയിരിക്കുന്ന രീതിയൊക്കെ ഏറെ അഭിനന്ദനം അർഹിക്കുന്നുണ്ട്. ഓരോരുത്തരുടേയും കോരിത്തരിപ്പിക്കുന്ന പ്രകടനം തന്നെയാണ്. ജസ്റ്റിൻ വർഗ്ഗീസിന്‍റെ സംഗീതവും ജിന്‍റോ ജോർജ്ജിന്‍റെ ഛായാഗ്രഹണവുമാണ് സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ചിരിക്കുന്നതെന്ന് പറയാം.
അതിഗംഭീര ഓഡിയോ വിഷ്വൽ അനുഭവം തന്നെയാണ് ചിത്രം. രണ്ട് മണിക്കൂർ 9 മിനിറ്റ് ദൈർഘ്യത്തിൽ സിനിമയെ കൃത്യവും വ്യക്തവുമായി വെട്ടിയൊരുക്കിയ നിഷാദ് യൂസഫിന്‍റെ എഡിറ്റിംഗും മലയാള സിനിമകളിൽ അധികം കണ്ട് പരിചയമില്ലാത്ത വിധത്തിൽ വേറിട്ട രീതിയിൽ സിനിമയിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ സുപ്രീം സുന്ദറിന്‍റെ ആക്ഷൻ കോറിയോഗ്രഫിയുമൊക്കെ തികച്ചും വേറിട്ടൊരു തലത്തിൽ ചിത്രത്തെ എത്തിച്ചിട്ടുണ്ട്. തീർച്ചയായും അരുൺ നായർ പ്രൊഡക്ഷൻസിന്‍റേയും കാവ്യ ഫിലിം കമ്പനിയുടേയും ബാനറിൽ ഒരുക്കിയിരിക്കുന്ന ഈ പൊളിറ്റിക്കൽ ചിത്രം തികച്ചും തീയേറ്റർ മസ്റ്റ് വാച്ചാണ്.