മികച്ച മൂന്നാമത്തെ ഇന്ത്യൻ സിനിമ ചാവേർ; പുരസ്കാരം ഏറ്റുവാങ്ങി ടിനു പാപ്പച്ചൻ
ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ എന്ന ചിത്രത്തിന് പുരസ്കാരം. കുഞ്ചാക്കോ ബോബൻ നായകനായ ഈ ചിത്രത്തിന് ജോയ് മാത്യു ആണ് തിരക്കഥയെഴുതിയിരിക്കുന്നത്. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെട്ട ചിത്രമായിരുന്നു ഇത്. ഒക്ടോബർ 5 നായിരുന്നു ചിത്രത്തിൻറെ തിയറ്റർ റിലീസ്. പിന്നീട് സോണി ലിവിലൂടെ ചിത്രം ഒടിടിയിലേക്കും എത്തിയിരുന്നു. ഒരു അന്തർദേശീയ ചലച്ചിത്രോത്സവത്തിലാണ് പുരസ്കാരം നേടിയിരിക്കുകയാണ്.
പതിനഞ്ചാമത് ബെംഗളൂരു അന്തർദേശീയ ചലച്ചിത്രോത്സവത്തിലാണ് ചാവേർ പുരസ്കാരത്തിന് അർഹമായിരിക്കുന്നത്. ഇന്ത്യൻ സിനിമകളുടെ മത്സരവിഭാഗത്തിൽ മികച്ച മൂന്നാമത്തെ ചിത്രമായാണ് ചാവേർ തെരഞ്ഞെടുക്കപ്പെട്ടത്. 320 സിനിമകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 36 സിനിമകളാണ് ഇന്ത്യൻ സിനിമ കോംപറ്റീഷൻ വിഭാഗത്തിൽ മത്സരിച്ചത്.
കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളി, അരുൺ നാരായൺ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ കുഞ്ചാക്കോ ബോബനൊപ്പം മനോജ് കെ യു, അർജുൻ അശോകൻ, സംഗീത, സജിൻ ഗോപു, അനുരൂപ് എന്നിങ്ങനെ നിരവധി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. കണ്ണൂരിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
രാഷ്ട്രീയം, സൗഹൃദം, പക എന്നിവയൊക്കെ പ്രമേയ പരിസരത്തിൽ കടന്നുവരുന്ന ചിത്രമാണിത്. ഛായാഗ്രഹണം ജിന്റോ ജോർജ്, എഡിറ്റർ നിഷാദ് യൂസഫ്, മ്യൂസിക് ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ ഗോകുൽ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജിയോ ഏബ്രഹാം, ബിനു സെബാസ്റ്റ്യൻ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, കൊസ്റ്റ്യൂം ഡിസൈനർ മെൽവി ജെ, സ്റ്റണ്ട് സുപ്രീം സുന്ദർ, മേക്കപ്പ് റോണക്സ് സേവ്യർ.