‘മഹാവിജയൻ’; ചരിത്രം കുറിച്ച സർക്കാരിന് ആശംസകൾ നേർന്ന് മലയാള സിനിമാലോകം !! താരങ്ങൾ പങ്കുവച്ച കുറിപ്പുകൾ വായിക്കാം
“നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാർഥികൾക്കും അഭിനന്ദനങ്ങൾ . ഭരണതുടർച്ചയിലേക്ക് കാൽവയ്ക്കുന്ന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾക്കും എൻ്റെ എല്ലാവിധ ആശംസകൾ…” മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പാണിത്. ഇതിനോടകം സിനിമാലോകത്തെ സൂപ്പർ താരങ്ങളടക്കം നിരവധി അഭിനേതാക്കൾ പിണറായി സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.”വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ..ഭരണം നിലനിർത്തിയ സർക്കാരിനും ആശംസകൾ” എന്നാണ് ടോവിനോ തോമസ് ഫേസ്ബുക്കിൽ കുറിച്ചത്. പിണറായി വിജയൻ സർക്കാരിനെയും ഗംഭീര വിജയത്തെയും ആശംസ നേർന്നു കൊണ്ടാണ് നടൻ നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചത്.നടൻ പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ; “ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് നേതൃത്വം നൽകിയ എൽഡിഎഫിനും സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികൾക്കും അഭിനന്ദനങ്ങൾ. രാഷ്ട്രീയ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാ വിവരണങ്ങളുടെയും അന്ത്യം ഈ ദിവസം അടയാളപ്പെടുത്തുന്നുവെന്ന പ്രതീക്ഷ ഇവിടെയുണ്ട്, നാമെല്ലാവരും ഒരുമിച്ച് അഭിമുഖീകരിക്കുന്ന ഈ പ്രക്ഷുബ്ധമായ കാലഘട്ടങ്ങളിലൂടെ നമ്മെ എത്തിക്കുന്നതിന് ഭരണകൂട യന്ത്രങ്ങളും അവിടത്തെ ജനങ്ങളും ഒരുമിച്ച് കാര്യക്ഷമമായി പ്രവർത്തിക്കുന്നു!”
രണ്ടാം തവണയും കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിന് അടി മഞ്ജുവാര്യർ ഫേസ്ബുക്കിലൂടെ ആശംസകൾ അറിയിക്കുകയും ചെയ്തു. സംവിധായകൻ വി.എ ശ്രീകുമാർ ദീർഘമായ ഒരു കുറിപ്പ് തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇതിനോടകം വൈറൽ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; “മഹാവിജയൻ കേരളത്തിന്റെ ചരിത്രം കുറിച്ച മഹാവിജയത്തിനു ശേഷം സഖാവ് പിണറായി വിജയന് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത് കേള്‍ക്കുകയായിരുന്നു. ഈ വിജയത്തിന്റെ കാരണം തേടുന്നവര്‍ക്ക് ഉത്തരമാണ് ആ വാക്കുകള്‍. എന്നത്തേയും അഞ്ചരമണി വാര്‍ത്താ സമ്മേളനം പോലെ കോവിഡിനെ പറ്റി, മഹാവിപത്തിനെ ഓര്‍മ്മിച്ച് അദ്ദേഹം പറഞ്ഞു തുടങ്ങി. വിജയാഘോഷം നടത്തരുതെന്ന് ഓര്‍മ്മിപ്പിച്ചു. വിജയത്തില്‍ മതിമറന്നില്ല, വാക്കുകളില്‍ ഒരിടത്തും.
നിശ്ചയദാര്‍ഢ്യം നിലപാട്- അതാണ് എന്നും സഖാവ്. അതദ്ദേഹം വിജയത്തിലൂടെ ആവര്‍ത്തിച്ചു. വിജയത്തിന്റെയും പോരാട്ടത്തിന്റെയും ചരിത്ര പഠനങ്ങളില്‍ ഒരു അധ്യായമാണ് അദ്ദേഹം.കേരളത്തിന്റെ ചരിത്രത്തിലെ ഈ നിര്‍ണായക നിമിഷത്തില്‍, പാര്‍ട്ടി സെക്രട്ടറിയായും മുഖ്യമന്ത്രിയായും സഖാവ് പിണറായി എടുത്ത തീരുമാനങ്ങള്‍ ശരിയാണ്, ഉറപ്പുള്ളതാണ് എന്ന ഈ ജനവിധി കേരളത്തിന്റെ മനസ് വ്യക്തമാക്കുന്നു. രണ്ടു വട്ടം എംഎല്‍എ ആയവര്‍ ഇനി മത്സരിക്കേണ്ട എന്നതടക്കമുള്ള നിലപാടുകള്‍ ജനാധിപത്യത്തില്‍ സുപ്രധാനമാണ്. എല്‍ഡിഎഫും മുന്നണിയെ നയിക്കുന്ന സിപിഐഎമ്മും മതേതരമൂല്യങ്ങളും അഴിമതി വിരുദ്ധതയും ഉയര്‍ത്തിപ്പിടിക്കട്ടെ. ശക്തമായ പ്രതിപക്ഷ നിരയാണ്, എന്റെ മണ്ഡലത്തില്‍ ജയിച്ച ഷാഫി പറമ്പിലടക്കം.
ഒരു പുതിയ കേരളം നാം സ്വപ്നം കാണുന്നു. മഹാമാരിക്ക് എതിരെ സര്‍ക്കാരിന് പിന്തുണ. ജനാധിപത്യ വിജയം നേടിയ എല്ലാ ജനപ്രതിനിധികളേയും അഭിനന്ദിക്കുന്നു. ഏറ്റവും വലിയ ഭൂരിപക്ഷം നേടിയ പ്രിയപ്പെട്ട ഷൈലജ ടീച്ചര്‍ക്ക് പ്രത്യേകം അഭിനന്ദനം.കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്ന പിണറായിയില്‍ പിറന്ന പിണറായി വീണ്ടും കേരളത്തെ നയിക്കുകയാണ്. തുടര്‍ഭരണം എന്ന ചരിത്രം!നിപ്പ, രണ്ടു പ്രളയം, കൊറോണ എന്നിവയെയാണ് കേരളം നേരിട്ടത്. യുദ്ധം പോലെ. ഉലയാതെ ഉണര്‍ന്നു നയിക്കേണ്ട ദിവസങ്ങള്‍. എതിരാളികള്‍ പ്രചരിപ്പിച്ച വിദ്വേഷ കഥകളിലെ പ്രതിനായകനില്‍ നിന്ന് പിണറായി ജനനായകനായി. തീര്‍ച്ചയായും തുടര്‍ഭരണം എന്ന ഈ ചരിത്രത്തിന് ഭരിച്ച കാലത്തെ മികവ് തന്നെയാണ് കാരണം. മാറി മാറി ഭരിക്കുന്ന കേരളം എന്നതില്‍ നിന്ന് തുടര്‍ഭരണം എന്നതിലേയ്ക്ക് എത്തിയിരിക്കുന്നു കേരളം.ചിരിദിനത്തില്‍, ജനം ജയത്തിന്റെ ചിരി നല്കിയ എല്ലാവര്ക്കും ഒരിക്കല്‍ കൂടി ആശംസകള്‍. കോമ്രേഡ്”