2022 മൊത്തത്തില്‍ തൂക്കി നടന്‍ മമ്മൂട്ടി! ശക്തമായ സ്ത്രീ സാന്നിധ്യമായി ദര്‍ശന രാജേന്ദ്രനും
കൊവിഡ് എന്ന മഹാമാരി വന്നതോടെ എല്ലാ മേഖലകളും പ്രതിസന്ധി നേരിട്ടിരുന്നു. അതില്‍ ഒന്നാണ് സിനിമാ മേഖല. എന്നാലിപ്പോള്‍ കൊവിഡിലെ പ്രതിസന്ധിയില്‍ നിന്നും സിനിമാ മേഖല കരകയറി കഴിഞ്ഞു. 2022 എന്നത് തിയേറ്ററുകള്‍ സജീവമായ വര്‍ഷമായിരുന്നു. മലയാളത്തില്‍ തന്നെ ഏകദേശം 150 ഓളം ചിത്രങ്ങള്‍ റിലീസ് ചെയ്തുവെന്നാണ് കണക്കുകള്‍. വിരലില്‍ എണ്ണാവുന്ന കുറച്ച് ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തി. 2022ല്‍ പുറത്തിറങ്ങിയ മികച്ച മലയാള സിനിമകളെ ഏതൊക്കെയെന്ന് നോക്കാം….
ഹൃദയം
ഈ വര്‍ഷം ആദ്യം മലയാള സിനിമയില്‍ വിജയം കൊണ്ടുവന്ന ചിത്രമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹൃദയം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഹൃദയം ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടിയോളം രൂപ നേടി.
ഭീഷ്മപര്‍വ്വം
മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മ പര്‍വ്വം. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അബു സലിം, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രം ബോക്‌സ് ഓഫീസിലും തിളങ്ങി. ഏതാണ്ട് 115 കോടി രൂപയാണ് ഭീഷ്മപര്‍വ്വം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജനഗണമന, കടുവ
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമായിരുന്നു ജനഗണമന. ചിത്രത്തില്‍ പൃഥ്വിരാജ് നായിരുന്നു നായകനായി എത്തിയത്.ഏപ്രില്‍ 28ന് റിലീസിനെത്തിയ ജനഗണമന വിഷയത്തിലെ ഗൗരവവും സാങ്കേതിക മികവും കൊണ്ട് ഗംഭീരമായി. കേരളത്തിന് പുറത്തുള്ള സെന്ററുകളിലും ബോക്‌സ് ഓഫീസ് മികവ് പുലര്‍ത്തിയ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. പിന്നീട് പൃഥ്വിരാജിനെ തന്നെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കടുവ. വ്യത്യസ്ത പ്രൊമോഷന്‍ രീതിയൊക്കെ കൊണ്ട് വന്ന ചിത്രത്തിന് കേരളത്തിന് അകത്തും പുറത്തും കസറിയ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിക്കുകയും ചെയ്തു.
ന്നാ താന്‍ കേസ് കൊട്
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘ന്നാ താന്‍ കേസ് കൊട് ‘. കുഞ്ചാക്കോ ബോബന്‍ ആയിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയുടെ പ്രഖ്യാപനം മുതലേ ശ്രദ്ധ നേടിയ ചിത്രം പോസ്റ്റര്‍ വിവാദവും പിന്നിട്ട് തിയേറ്ററുകളില്‍ വന്‍ വിജയമായി മാറിയിരുന്നു.
റോഷാക്ക്
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ മുതല്‍ പ്രേക്ഷകരില്‍ വലിയ കൗതുകം സൃഷ്ടിച്ചിരുന്ന ചിത്രമായിരുന്നു അത്. പ്രതീക്ഷിച്ച പോലെതന്നെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്നു മാത്രം നേടിയത് 9.75 കോടിയാണ്.
‘ജയ ജയ ജയ ജയ ഹേ’
ബേസില്‍ ജോസഫിനെ നായകനാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ്’ജയ ജയ ജയ ജയ ഹേ’. ചിത്രത്തില്‍ രാജേഷ് എന്ന കഥാപാത്രമായിട്ടാണ് ബേസില്‍ എത്തിയത്. നായികയായി ദര്‍ശനയും എത്തി. ചിത്രം 40 കോടിയിലേറെ രൂപ കളക്ട് ചെയ്തു.
‘തല്ലുമാല’
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു തല്ലുമാല. ചിത്രത്തില്‍ ടൊവിനോ തോമസ് ആണ് നായകനായി എത്തിയത്. 2022 ലെ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. ഓഗസ്റ്റ് 12 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം നേടിയത് 71.36 കോടിയാണ്.
‘സൗദി വെള്ളക്ക’
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് ‘സൗദി വെള്ളക്ക’. പ്രേക്ഷകര്‍ ഏറെ ആവേശത്തിലും പ്രതീക്ഷയിലും കാത്തിരുന്ന ചിത്രമായിരുന്നു ഇത്. ആ പ്രതീക്ഷ നഷ്ടപ്പെടുത്തിയില്ലെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. രസകരവും കൗതുകം നിറഞ്ഞതുമായ ഒരു കേസും അതിന് പിന്നില്‍ നിരവധിപേരുടെ ആകാംക്ഷ ജനിപ്പിക്കുന്ന യാത്രയുമാണ് സിനിമയുടെ പ്രമേയം.
പുഴു
മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിച്ച ചിത്രമാണ് പുഴു. നവാഗതയായ റത്തീന പി.ടിയാണ് ചിത്രത്തിന്റെ സംവിധായിക. ഹര്‍ഷാദ്, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. കോട്ടയം രമേശ്, കുഞ്ചന്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്മീയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.