മലയാളത്തിലെ ഇന്റർനാഷണൽ ചിത്രമാകുമോ ഇത്?; മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബറോസിന്റെ വിശേഷങ്ങൾ
പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ‘ബറോസ്’. ഗാർഡിയൻ ഓഫ് ഡി’ഗാമാസ് ട്രഷർ എന്ന നോവലിനെ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ ഈ ചിത്രത്തിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്.
മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. 3D യിലാണ് ചിത്രമെത്തുന്നത്. ഫാന്റസി ജോണറിൽ ആയിരിക്കും ചിത്രമൊരുങ്ങുന്നത്. ടൈറ്റിൽ കഥാപാത്രമായ ബറോസ് ആയി എത്തുന്നതും മോഹൻലാൽ തന്നെയാണ്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന് ഛായാഗ്രഹം നിർവഹിക്കുന്നത്.
ലിഡിയൻ നാദസ്വരം എന്ന പതിനെട്ടുവയസുകാരനാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്. ടി. കെ രാജീവ്കുമാറാണ് ചിത്രത്തിന്റെ ടെക്നിക്കൽ ഹെഡ്. മായ, സാറാ വേഗ, തുഹിൻ മേനോൻ, ഗുരു സോമസുന്ദരം , സീസർ ലോറന്റെ റാട്ടൺ, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസർ ലോറന്റെ റാറ്റൺ, കോമൾ ശർമ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രൻ പാലാഴി ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.