സ്വന്തമായി മേൽവിലാസം സൃഷ്ടിച്ച് പ്രണവ് മോഹൻലാലിന്റെ ഉയർച്ച’: കേട്ടിരുന്നുപോകുന്ന അനുഭവങ്ങൾ പങ്കുവച്ചു ബാലചന്ദ്ര മേനോൻ
1 min read

സ്വന്തമായി മേൽവിലാസം സൃഷ്ടിച്ച് പ്രണവ് മോഹൻലാലിന്റെ ഉയർച്ച’: കേട്ടിരുന്നുപോകുന്ന അനുഭവങ്ങൾ പങ്കുവച്ചു ബാലചന്ദ്ര മേനോൻ

ചുരുക്കം ചില സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം പിടിച്ച നടനാണ് പ്രണവ് മോഹൻലാൽ. അഭിനയ ചക്രവർത്തിയും മലയാള സിനിമയിലെ ഏട്ടനെന്ന വിശേഷണവും ഒരുമിച്ച് കൊണ്ടുപോകുന്ന മോഹൻലാലിൻ്റെ മകൻ കൂടിയായ പ്രണവ് അച്ഛൻ്റെ മേൽവിലാസത്തിന് അപ്പുറത്ത് സിനിമയിൽ തന്റേതായ ഇടം കാണിച്ചു തന്ന വ്യക്തി കൂടിയാണ്. താര പുത്രനെന്ന അലങ്കാര പദവിയേക്കാൾ അഭിനയിക്കുന്ന ചിത്രങ്ങളിൽ വ്യത്യസ്ത കൊണ്ടുവരാൻ പ്രണവ് ശ്രമിക്കാറുണ്ട്. 2002-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്‌ത ‘ഒന്നാമൻ’ എന്ന ചിത്രത്തിലാണ് പ്രണവ് ആദ്യമായി അഭിനയിച്ചത്. പിന്നീട് മോഹൻലാൽ നായകനായി എത്തിയ സാഗർ ഏലിയാസ്‌ ജാക്കി എന്ന ചിത്രത്തിൽ അതിഥി താരമായും വേഷമിട്ടു.

നടൻ മാത്രമല്ല താൻ നല്ലൊരു സംവിധായകൻ കൂടിയാണെന്ന് തെളിയിക്കാൻ താരത്തിന് സാധിച്ചു . ജിത്തു ജോസഫ് സംവിധാനം ചെയ്‌ത ദൃശ്യത്തിൻ്റെ തമിഴ്‌ പതിപ്പായ പാപനാശത്തിൽ ആദ്യമായി സഹസംവിധായകനായി പ്രവർത്തിച്ചു. തുടർന്ന് ജിത്തു തന്നെ സംവിധാനം ചെയ്‌ത ലൈഫ്‌ ഓഫ്‌ ജോസൂട്ടിയിലും സഹസംവിധായകനായി പ്രണവ് പ്രവർത്തിച്ചു. മേജർ രവി സംവിധാനം ചെയ്‌ത പുനർജനി എന്ന ചിത്രത്തിലെ അഭിനയത്തിന് 2002-ൽ മികച്ച ബാലതാരത്തിനുള്ള സംസ്‌ഥാന അവാർഡ്‌ പ്രണവിനെ തേടിയെത്തി. സാഗർ ഏലിയാസ് ജാക്കി , പാപനാശം , ലൈഫ് ഓഫ് ജോസൂട്ടി , ആദി , ഇരുപത്തിയൊന്നാം നൂറ്റാണ്ട് , മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം , ഹൃദയം തുടങ്ങി ഇതിനോടകം തന്നെ നിരവധി സിനിമകളിൽ പ്രണവ് അഭിനയിച്ചു. പ്രണവ് ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയമാണ്. സിനിമാ പ്രേമികൾ ഒന്നാകെ ഹൃദയം ഏറ്റെടുത്തു എന്ന് മാത്രമല്ല , സിനിമ വൻ വിജയമാവുകയും ചെയ്‌തു. പ്രണവ് എന്ന നടനിലെ മികവുറ്റ അഭിനയത്തെ ഹൃദയത്തിലൂടെ പ്രേക്ഷകർക്ക് കാണുവാനും സാധിച്ചു.

സിനിമയ്ക്ക് അകത്തും, പുറത്തും പ്രണവ് എന്ന നടനെക്കുറിച്ചും വ്യക്തിയെക്കുറിച്ചും എല്ലാ ആളുകൾക്കും വളരെ മികച്ച അഭിപ്രായമാണുള്ളത്. നടൻ എന്നതിനും, സൂപ്പർ സ്റ്റാറിൻ്റെ മകൻ എന്നതിനും അപ്പുറത്ത് വിനയപൂർവം പെരുമാറുകയും , കഠിന പ്രയത്നത്തിലൂടെ പരിശ്രമിക്കുകയും ചെയ്യുന്ന പ്രണവിനെക്കുറിച്ച് നിരവധി ആളുകൾ സംസാരിക്കാറുണ്ട്. സിനിമയേക്കാൾ ഏറെ യാത്രകളെയും, പുസ്തകങ്ങളെയും സ്നേഹിക്കുന്ന താരത്തിൻ്റെ വിശേഷങ്ങളും, താരത്തെക്കുറിച്ച് മറ്റുള്ളവർ പറയുന്നതും ആരാധകർ ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളതും. സമൂഹമാധ്യമങ്ങളിൽ വലിയൊരു ആരാധക കൂട്ടായ്‌മ തന്നെ പ്രണവിനുണ്ട്. എന്നാൽ പ്രണവിനെക്കുറിച്ച് നടനും സംവിധായകനും, തിരക്കഥാകൃത്തുമായ ബാലചന്ദ്രമേനോൻ പറഞ്ഞ വാക്കുകളാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ബാലചന്ദ്രമോനോൻ്റെ വാക്കുകൾ ഇങ്ങനെ ….

മുൻപ് പ്രണവ് മോഹൻലാൽ ആരാണെന്ന് മനസിലാവണമെങ്കിൽ മോഹൻലാലിൻ്റെ മകനാണെന്ന് പറയണമായിരുന്നു എന്നാൽ ഇന്ന് അയാൾക്ക് സ്വന്തമായി ഒരു മേൽവിലാസമുണ്ട്. പ്രണവ് മോഹൻലാൻ അതാണ് അയാളുടെ മേൽവിലാസം. ബാലചന്ദ്ര മേനോൻ പങ്കുവെച്ച ഒരു വീഡിയോയിലാണ് പ്രണവിനെക്കുറിച്ചുള്ള രസകരമായ ഓർമ്മകൾ അദ്ദേഹം പങ്കുവെച്ചത്. ബാലചന്ദ്രമോനോൻ്റെ കുടുംബവും , മോഹൻലാലിൻ്റെ കുടുംബവും ഒത്തുചേർന്നപ്പോൾ എടുത്ത ഒരു പഴയ ഫോട്ടോ പങ്കുവെച്ചായിരുന്നു താരത്തിൻ്റെ വാക്കുകൾ. മോഹൻലാലിനെക്കുറിച്ചും മകനെക്കുറിച്ചും തൻ്റെ വീഡിയോയിലുടനീളം അദ്ദേഹം സംസാരിച്ചു. ഹൃദയം കണ്ടപ്പോൾ നാൽപ്പത് വർഷം മുൻപ് തൻ്റെ സിനിമയായ കേൾക്കാത്ത ശബ്ദത്തിൽ അഭിനയിച്ച മോഹൻലാലാണ് ഓർമയിലേയ്ക്ക് വന്നതെന്നാണ് ബാലചന്ദ്ര മേനോൻ പറയുന്നത്.


1982- ലാണ് മോഹൻലാലിനെ പ്രതിനായകനാക്കി ബാലചന്ദ്രമേനോൻ കേൾക്കാത്ത ശബ്ദം സംവിധാനം ചെയ്യുന്നത്. താൻ സംവിധാനം ചെയ്ത് കേൾക്കാത്ത ശബ്ദം എന്ന ചിത്രത്തിലെ ചില രംഗങ്ങൾ ഹൃദയം കണ്ടപ്പോൾ തൻ്റെ ഓർമ്മയിൽ വന്നെന്നും സിനിമ അത്ഭുതപ്പെട്ട് പോയെന്നും ബാലചന്ദ്ര മേനോൻ പറഞ്ഞു. തൻ്റെ പടത്തിൽ നായികമാരെ ആകർഷിക്കുന്നതിനായി മോഹൻലാൽ ചെയ്‌ത കഥാപാത്രത്തക്കൊണ്ട് താൻ ചെയ്‌തിരുന്ന ചില പൊടി വിദ്യകളുണ്ട്. ഇതേ ടെക്നിക്കുകൾ ഹൃദയം സിനിമയിൽ പ്രണവെന്ന നായകനിലൂടെയും കാണാൻ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ഹൃദയം സിനിമയിൽ പ്രണവും , ദർശനയും തമ്മിൽ കാണുന്ന ഒരു രംഗമുണ്ട്. ദർശന എന്ന കഥാപാത്രത്തോട് നായകനായ പ്രണവ് ” നീ ഇങ്ങനെ മുടി കെട്ടി വെക്കാതെ അഴിച്ചിട്ട് നോക്ക് മുടി അഴിച്ചിട്ടാൽ നിന്നെ കാണാൻ അടിപൊളിയാ ” ഇതേ ടെക്‌നിക് തന്നെയാണ് കേൾക്കാത്ത ശബ്ദത്തിൽ ഞാൻ മോഹൻലാലിൻ്റെ കഥപാത്രത്തിലൂടെയും പ്രയോഗിച്ചത്.

സിനിമയിൽ മോഹൻലാൽ തൻ്റെ നായികയോട് പറയുന്നത് ഇങ്ങനെയാണ് ” പച്ച സാരി നല്ല രസമുണ്ട് പൂർണിമയ്ക്ക് നിറം ഉള്ളതുകൊണ്ടാ ” 40 വർഷത്തിന് ശേഷവും തൻ്റെ ചിന്തകൾക്ക് പ്രസക്തിയുള്ളതായി കണ്ടതിൽ സന്തോഷം തോന്നിയതായും എനിയ്ക്ക് അത് നിങ്ങളോട് ഷെയർ ചെയ്യണമെന്ന് തോന്നിയതായും ബാലചന്ദ്ര മേനോൻ കൂട്ടിച്ചേർത്തു. ഹൃദയം സിനിമ മികച്ച അനുഭവമായിരുന്നുവെന്നും പ്രണവ് വളർന്ന് വരുന്നു വരുന്ന നല്ലൊരു നടനാണെന്നും അദ്ദേഹം പറഞ്ഞു. ഹൃദയത്തിലെ അഭിനയത്തിന് പ്രണവിനെയും , ചിത്രത്തിൻ്റെ സംവിധായകൻ എന്ന നിലയിൽ വിനീത് ശ്രീനിവാസനെയും അഭിനന്ദിച്ചും നന്ദി പ്രകാശിപ്പിച്ചുമാണ് ബാലചന്ദ്രമേനോൻ തൻ്റെ വാക്കുകൾ അവസാനിപ്പിച്ചത്.