‘രാജമാണിക്യം’, ‘അണ്ണൻ തമ്പി’ എന്നീ ചിത്രങ്ങൾക്ക് ശേഷം അൻവർ റഷീദ് – മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും; റിപ്പോർട്ടുകൾ പറയുന്നു
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ‘രാജമാണിക്യം’, ‘അണ്ണൻ തമ്പി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് റിപ്പോർട്ടുകൾ. ഈ വിവരം പുറത്തുവിട്ടിരിക്കുന്നത് സിനിമ ട്രാക്കിംഗ് സോഷ്യൽ മീഡിയ അക്കൗണ്ടുകളും പേജുകളുമാണ്. ഈ റിപ്പോർട്ടുകൾ പ്രകാരം ആർ. ജെ. മുരുകൻ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നുവെന്നും അമൽ നീരദ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നുവെന്നും പറയുന്നുണ്ട്. കൂടാതെ ഈ ചിത്രത്തെക്കുറിച്ചുള്ള മറ്റ് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നും ഇതിൽ പറയുന്നുണ്ട്. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്ത് വന്നിട്ടില്ല. എന്നിരുന്നാലും ഈ വാർത്ത ആരാധകരിൽ ഏറെ ആവേശമാണ് ഉണർത്തുന്നത്. 14 വർഷങ്ങൾക്ക് ശേഷം അൻവർ റഷീദ് – മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും എത്തുന്നു എന്ന് അറിയുമ്പോൾ മറ്റൊരു സൂപ്പർ ഹിറ്റിന് വേണ്ടി തന്നെയായിരിക്കും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
കാരണം 2005 – ൽ പുറത്തിറങ്ങിയ ‘രാജമാണിക്യ’വും 2007 – ൽ പുറത്തിറങ്ങിയ ‘അണ്ണൻ തമ്പി’യും ഇതിനുദാഹരണങ്ങളാണ്. അൻവർ റഷീദിന്റെ ആദ്യ ചിത്രമായ രാജമാണിക്യം എന്ന സിനിമ ബോക്സ് ഓഫീസിന്റെ ചരിത്രം പോലും മാറ്റിയെഴുതി. മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ് സിനിമയാണ് രാജമാണിക്യം. തിരുവനന്തപുരം ഭാഷയിൽ സംസാരിച്ച് കേരളക്കരയാകെ കയ്യിലെടുത്ത ബെല്ലാരി രാജ എന്ന മമ്മൂട്ടി കഥാപാത്രത്തെ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. അണ്ണൻ തമ്പിയിലും ഇതേ കൂട്ടുകെട്ട് ആവർത്തിച്ചപ്പോൾ തിയറ്ററുകളിൽ വീണ്ടും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. അണ്ണൻ തമ്പിയിൽ ഇരട്ട വേഷത്തിൽ ആയിരുന്നു മമ്മൂട്ടി എത്തിയത്. മാസ്സും കോമഡിയും ഇമോഷൻസും എല്ലാം ചിത്രത്തിൽ ഒരുപോലെ കൊണ്ടുവരുന്ന അൻവർ റഷീദിന്റെ മാജിക് ആവർത്തിക്കാൻ പോകുന്നു എന്ന വാർത്ത ആരാധകരിൽ പ്രതീക്ഷകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. കൂടാതെ ഈയടുത്ത കാലത്തെ മമ്മൂട്ടിയുടെ അതിഗംഭീര സെലക്ഷനും ഈ പ്രതീക്ഷകൾക്ക് ഉദാഹരണമാണ്.
അതേസമയം ഒക്ടോബർ ഏഴിന് പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ 2022 – ലെ ഏറ്റവും മികച്ച ചിത്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴും തിയറ്ററുകളിൽ സംപ്രേഷണം തുടരുന്ന ചിത്രം കേരളത്തിന് പുറത്തും മറ്റു വിദേശരാജ്യങ്ങളിലും മികച്ച പ്രതികരണങ്ങളോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഉദയകൃഷ്ണ തിരക്കഥ എഴുതി തയ്യാറാക്കിയ ‘ക്രിസ്റ്റഫർ’ ആണ് അടുത്തതായി റിലീസിന് എത്തുന്ന മമ്മൂട്ടി ചിത്രം. ‘റോഷാക്ക്’, ‘നൻപകൽ നേരത്ത് മയക്കം’ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന കാതൽ – ദ കോർ എന്ന ചിത്രത്തിന്റെ ഷൂട്ടിലാണ് മമ്മൂട്ടി ഇപ്പോൾ. തെന്നിന്ത്യൻ താരം ജ്യോതികയാണ് കാതലിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.