‘നിങ്ങളുടെ ഈ അന്വേഷണത്തോട് സഹകരിക്കരുതെന്നാണ് പഞ്ചായത്തിന്‍റെ തീരുമാനം’; ചോദ്യങ്ങളുയർത്തി ടൊവിനോ നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഒഫീഷ്യൽ ട്രെയിലർ
1 min read

‘നിങ്ങളുടെ ഈ അന്വേഷണത്തോട് സഹകരിക്കരുതെന്നാണ് പഞ്ചായത്തിന്‍റെ തീരുമാനം’; ചോദ്യങ്ങളുയർത്തി ടൊവിനോ നായകനാകുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഒഫീഷ്യൽ ട്രെയിലർ

പോലീസിനെതിരെ ജനങ്ങൾ തിരിഞ്ഞാൽ എന്ത് സംഭവിക്കും? ആരുടെ ഭാഗത്താണ് തെറ്റും ശരിയും? ശരിതെറ്റുകൾ തീരുമാനിക്കുന്നത് ആരാണ്? തുടങ്ങി ഒട്ടേറെ ചോദ്യങ്ങളുയർത്തി ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയുടെ ആകാംക്ഷയുണർത്തുന്ന ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. പുതുമയുള്ളൊരു കുറ്റാന്വേഷണ കഥയുമായി എത്തുന്ന ചിത്രത്തിൽ നാളുകൾക്ക് മുമ്പ് കേരളത്തിൽ ഏറെ വിവാദമായൊരു കൊലപാതകവും അതിന് പിന്നാലെ നടന്ന സംഭവ പരമ്പരകളുമൊക്കെയാണ് ചർച്ച ചെയ്യുന്നത്. എസ് ഐ ആനന്ദ് നാരായണൻ എന്ന പോലീസ് കഥാപാത്രമായി വേറിട്ട ലുക്കിലാണ് ടൊവീനോ എത്തുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഒരു മർഡർ ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം ഫെബ്രുവരി 9നാണ് തിയേറ്റർ റിലീസിനൊരുങ്ങുന്നത്.

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’എന്ന പ്രത്യേകതയുമുണ്ട്.

വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.

തൊണ്ണൂറുകളിലാണ് സിനിമയുടെ കഥ നടക്കുന്നത്. സിനിമയുടെ ചിത്രീകരണം കട്ടപ്പന, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമായാണ് പൂർത്തിയായത്. മലയാള സിനിമയിൽ അധികം കണ്ടുപരിചയിച്ചിട്ടില്ലാത്ത ഇടങ്ങളിലാണ് സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ഷൂട്ട് ചെയ്തിട്ടുള്ളതെന്ന പ്രത്യേകതയുമായാണ് ചിത്രമെത്തുന്നത്.

സിനിമയുടെ സംഗീതമൊരുക്കുന്നത് തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്. ഛായാഗ്രഹണം ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പി ആർ ഒ: ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ്.