fbpx
Latest News

“ഓരോ ഉണ്ണാക്കന്മാര്.. പൊരുതി ജയിച്ചു വന്ന പെണ്ണിനെ നോക്കി ‘ഇവളാ ആൺകുട്ടി’ എന്ന് പറയുന്ന, മറ്റവന്മാരേ, ലേശം ഉളുപ്പ്!! ” അനു പാപ്പച്ചൻ എഴുതുന്നു

വലിയ പ്രതിസന്ധികളെ അതിജീവിച്ച് എസ്.ഐ ആയി മാറിയ ആനി ശിവയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരം. എന്നാൽ ഏവരും വലിയ പുകഴ്ത്തി ആഘോഷിക്കുമ്പോഴും ആനി എന്ന സ്ത്രീ അനുഭവിച്ച ദുരിതങ്ങൾക്ക് ഈ സമൂഹത്തിലെ പുരുഷാധിപത്യത്തിന് വലിയ പങ്കുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കും. ഏവരും വാനോളം പുകഴ്ത്തും പോഴും മനപ്പൂർവ്വം മറന്നുകളയുന്ന പുരുഷാധിപത്യത്തെയും അതിന്റെ ദോഷഫലങ്ങളെയും അനു പാപ്പച്ചൻ വിമർശിച്ചിരിക്കുകയാണ്. ഫേസ്ബുക്കിൽ പങ്കുവെച്ച് കുറുപ്പ് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. വൈറലായ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:, “പെണ്ണായ ആനിയുടെ ആൺ അപര ജീവിതകാലം ഒന്ന് ഓർത്തുനോക്കണം മനുഷ്യരേ. സിനിമയിൽ നടിമാരായ ആനിയും മീര ജാസ്മിനും ഒക്കെ ആൺവേഷം കെട്ടി രസിപ്പിച്ചതു പോലല്ലല്ലോ ജീവിതത്തിൽ. ഒന്നു കാലുറപ്പിച്ച് നില്ക്കാനായിരുന്നു അസ്തിത്വം മറച്ചു വച്ചത്. എന്തൊരു സംഘർഷവും ഭയവും അനുഭവിച്ചിരിക്കണം.? ഒരു പെണ്ണായോ ട്രാൻസ് വുമണായോ ഇന്നാട്ടിൽ ജീവിച്ചു പോരാനുള്ള ബുദ്ധിമുട്ട് ഏതെങ്കിലും തരത്തിൽ അഭിമുഖീകരിച്ചവരേ ഇവിടെയുള്ളൂ! ശാരീരികമോ മാനസികമോ സാമൂഹികമായോ ആയി ഒരിക്കലെങ്കിലും ആണത്ത ഊറ്റങ്ങൾക്ക് മുന്നിൽ അസ്വസ്ഥമാവാത്ത ‘നോർമൽ ‘ ജീവിതമുള്ള ഒരൊറ്റ മനുഷ്യത്തി പോലും ഉണ്ടാവില്ല. അപ്പോൾ പിന്നെ, ചെറുപ്രായത്തിൽ, പങ്കാളിയെ ഉപേക്ഷിച്ച് (ഇഷ്ടപ്രകാരം സ്വീകരിച്ചതാണേൽ പിന്നെ പറയണോ ) ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ഒറ്റക്ക് ജീവിക്കാനിറങ്ങുന്ന പെൺകുട്ടിയുടെ നേരെ ഈ സമൂഹത്തിന്റെ നോട്ടം എങ്ങനെയാവും?

അയൽവക്കക്കാർ ഒക്കെ പറഞ്ഞതു കേട്ട്, വീട്ടിലേക്ക് കുഞ്ഞുമായി പോയതും അച്ഛൻ വീട്ടിൽ കയറ്റിയില്ല എന്നതും ആനി പങ്കുവക്കുന്നുണ്ട്. ഇപ്പോൾ ‘ബ്രാവോ ബ്രാവോ’ വിളിക്കുന്ന നാട്ടുകാരുടെ മുന്നിൽ എന്തു പറയും എന്നതുകൊണ്ടാണ് അച്ഛൻ സ്വീകരിക്കാത്തത് എന്നോർക്കണം!ജീവിക്കാനൊരുപായവുമില്ല, സഹായവുമില്ല എന്ന ഘട്ടത്തിൽ ദയ തോന്നിയത് ഒരു വയസായ തളളക്ക് (അമ്മാമ്മ) മാത്രം. സകല ദുരന്തങ്ങളും താങ്ങി ആരെയും ഒന്നുമറിയിക്കാതെ ഡിഗ്രി പഠിച്ചിറങ്ങിയ കാലത്തെ മാനസികാവസ്ഥ ഓർത്തു നോക്കണം. കൂട്ടുകാരോ വീട്ടുകാരോ ഇല്ല. ജീവിക്കാൻ കറി പൗഡറുമായി ഡോർ ടു ഡോർ ഡെലിവറി ജോലിക്ക് പോകുന്ന ഒരു യുവതി ഓരോ വീടുകളിൽ നിന്ന് രാവന്തി വരെ മിണ്ടുന്നതും കേൾക്കുന്നതും എന്താണെന്നു നമുക്കറിയാലോ.ഒരു ദിവസം മിച്ചം കിട്ടുന്ന 20 രൂപക്കാണ് പച്ചക്കറി സാധനങ്ങൾ വാങ്ങി കുടിലിലെത്തുക എന്ന് ആനി.എന്നാലും അമ്മയെയും കുഞ്ഞിനെയും ജീവിക്കാൻ സമ്മതിക്കാത്ത നാട്ടുകാർ ! പല വിധ പ്രശ്നങ്ങൾ കൊണ്ട് ആ വീട് വിട്ടും പോകേണ്ടി വന്നത് ‘ഇറങ്ങിപ്പോന്ന പെണ്ണ്’ എന്ന നിലയിലാണ്.

തിരുവനന്തപുരം നഗരത്തിൽ 3500 രൂപയുള്ള ജോലിയിൽ 3000 വാടകയും 400 day care ഉം കൊടുത്ത് മിച്ചമുള്ള 100 രൂപ കൊണ്ട് ജീവിക്കേണ്ടി വന്ന സ്ത്രീ ആണായത് ഈ വികൃതമായ സമൂഹത്തിൽ ജീവിക്കാൻ വേണ്ടിയാണ്. ഗതികേടാണ്. പക്ഷേ തോറ്റു പോവാൻ വയ്യ. ആണുങ്ങളുടെ നോട്ടങ്ങൾ താങ്ങാനാവാതെ കണ്ണിൽ നോക്കാതെ സംസാരിക്കാൻ ശീലിച്ചു പഠിച്ചെന്ന് ഒരു സ്ത്രീ പറയുന്നു.! രണ്ടു ദിവസം സഹായിച്ച് മൂന്നാം ദിവസം സ്വഭാവം മാറ്റുന്നവരിൽ നിന്ന് രക്ഷപ്പെടാൻ രൂപഭാവം മാറ്റേണ്ടി വന്നുവെന്ന് ഒരു സ്ത്രീ!. ദാരുണ കാലത്ത്, എങ്ങും ആരും അഭയമില്ലാതെ തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ ടിക്കറ്റെടുത്ത് 2 വയസുള്ള കുഞ്ഞുമായി അവിടെ കുളിച്ച് പല്ലുതേച്ച് ബംഗാളികൾക്കൊപ്പം കിടന്നുറങ്ങിയെന്ന് ഒരു സ്ത്രീ. ആരോരുമില്ലാത്ത കാലത്ത്, സുരക്ഷിതത്വത്തോടെ ഒന്ന് ജീവിച്ചു പോകാൻ, ചേട്ടനും അനിയനുമായി അമ്മക്കും കുഞ്ഞിനും ജീവിക്കേണ്ടി വരുന്ന കേരളത്തെക്കുറിച്ച് ചർച്ച ചെയ്യ് മനുഷ്യരേ.അല്ലാതെ. കോൺസ്റ്റബിളും SI യുമായി ജീവിതം തിരിച്ചുപിടിച്ചെത്തിയപ്പോൾ ബോയ്ക്കോട്ട് ചെയ്ത മുടിയും ജീൻസും ഷർട്ടും നോക്കി ‘പൊളി’യെന്ന്…. പൊരുതി ജയിച്ചു വന്ന പെണ്ണിനെ നോക്കി ‘ഇവളാ ആൺകുട്ടി’ എന്ന് പറയുന്ന,മറ്റവന്മാരേ, ലേശം ഉളുപ്പ്! ഇന്നാട്ടില് എപ്പഴേലും ഒന്ന് പെണ്ണായി ജീവിക്കാൻ പറ്റോ! ? ഓരോ ഉണ്ണാക്കന്മാര്!

Nithin Presad Author
Sorry! The Author has not filled his profile.
×
Nithin Presad Author
Sorry! The Author has not filled his profile.

Leave a Reply

You cannot copy content from this website. Violation of the Copyright Act. Legal Actions will be taken.