ആർസി 16ൽ രാംചരണിനൊപ്പം പെപ്പെയും; തെലുങ്കിലേക്ക് പുതിയ ചുവടുവയ്പ്പ്
1 min read

ആർസി 16ൽ രാംചരണിനൊപ്പം പെപ്പെയും; തെലുങ്കിലേക്ക് പുതിയ ചുവടുവയ്പ്പ്

ണ്ണത്തിൽ കുറവാണെങ്കിലും ചെയ്ത സിനിമകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച് കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ യുവതാരമാണ് പെപ്പെ എന്ന ആന്റണി വർഗീസ്. അങ്കമാലി ഡയറീസ് മുതൽ ആർഡിഎക്സ് വരെയുള്ള സിനിമകളിലെ നടന്റെ ആക്ഷൻ രംഗങ്ങൾക്ക് പോലും ഫാൻ ബേസുണ്ട്. ഇപ്പോഴിതാ നടൻ തെലുങ്കിലേക്ക് ചുവടുവയ്ക്കുകയാണ്. രാം ചരൺ നായകനാകുന്ന ആർസി 16 എന്ന ചിത്രത്തിലൂടെയാകും ആന്റണി വർഗീസിന്റെ തെലുങ്ക് അരങ്ങേറ്റം.

സിനിമയുടെ അണിയറപ്രവർത്തകർ ആന്റണി വർഗീസിനെ സമീപിച്ചതായും സിനിമയിലെ സുപ്രധാന കഥാപാത്രത്തെയാകും നടൻ അവതരിപ്പിക്കുക എന്നും ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ വിജയ് നായകനായ മാസ്റ്റർ എന്ന സിനിമയിൽ ഒരു കഥാപാത്രത്തിനായി ലോകേഷ് കനകരാജ് അൻറണി വർഗീസിനെ സമീപിച്ചിരുന്നു. എന്നാൽ നടന്റെ ഡേറ്റ് ക്ലാഷ് മൂലം ആ വേഷം അർജുൻ ദാസാണ് അവതരിപ്പിച്ചത്.

ആർസി 16 ന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നിരുന്നു. ബുച്ചി ബാബു സനു സംവിധാനം ചെയ്യുന്ന സിനിമയിൽ ബോളിവുഡ് താരം ജാൻവി കപൂറാണ് നായിക. ആന്റണി വർഗീസിന് പുറമെ ബോളിവുഡ് താരം ബോബി ഡിയോൾ, കന്നഡ താരം ശിവരാജ്‌കുമാർ എന്നിവരും സിനിമയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്. എ ആർ റഹ്മാനാണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. തെന്നിന്ത്യയിലെ പ്രമുഖ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്.

അതേസമയം ചാവേർ ആണ് ആന്റണി വർ​ഗീസിന്റെ ഒടുവിലിറങ്ങിയ മലയാള ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അംഗമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. ചിത്രം ബോക്‌സോഫീസിൽ മികച്ച വിജയം നേടിയിരുന്നു. തുടർന്ന് 2018ൽ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, 2019ൽ ജല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലെല്ലാം ഏറെ ശ്രദ്ധേയമായ വേഷങ്ങളായിരുന്നു ചെയ്തിരുന്നത്.