32 വര്‍ഷം മുന്‍പ് കളക്ഷനില്‍ ഞെട്ടിച്ച കോംബോ വീണ്ടും എത്തുന്നു….
സമീപകാലത്ത് റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ ഏറ്റെടുത്ത സിനിമയാണ് ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രജനികാന്ത് നിറഞ്ഞാടിയപ്പോള്‍ മോഹന്‍ലാലും ശിവരാജ് കുമാറും വിനായകനും വേറിട്ട പ്രകടനം കാഴ്ചവച്ചു. ഒരു സംവിധായകന് എന്ന നിലയില്‍ നെല്‍സണ്‍ ദിലീപ് കുമാറിന്റെ തിരിച്ചുവരവ് ആയിരുന്നു ചിത്രം. ‘പരാജയ സംവിധായകന്’ എന്ന പട്ടം തിരുത്തി കുറിക്കാന്‍ നെല്‍സണ്‍ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. ഒപ്പം മലയാളത്തിന്റെ വിനായകനെ ഇന്ത്യയൊട്ടാകെ ഉള്ള സിനിമാസ്വാദകര്‍ ഏറ്റെടുത്തതും ജയിലറിന്റെ വിജയമാണ്. ഓഗസ്റ്റ് 9നാണ് ജയിലര്‍ റിലീസ് ചെയ്തത്. റിലീസ് ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റിയും പ്രേക്ഷക പ്രശംസയും നേടിയ ചിത്രം ബോക്സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ചവച്ചു.
ജയിലറിന് ശേഷം രജനി നായകനാവുന്ന പുതിയ ചിത്രത്തിലും വിവിധ ഭാഷകളില്‍ നിന്നുള്ള താരങ്ങള്‍ ഉണ്ട്. റിതിക സിംഗിനും ദുഷറ വിജയനുമൊപ്പം റാണ ദഗുബാട്ടിയും ഫഹദ് ഫാസിലും മഞ്ജു വാര്യരും അമിതാഭ് ബച്ചനും അടക്കമുള്ളവരാണ് എത്തുന്നത്. അമിതാഭ് ബച്ചനെ സ്വാഗതം ചെയ്തു കൊണ്ട് ലൈക്ക പ്രൊഡക്ഷന്‍സ് പോസ്റ്റര്‍ പങ്കുവച്ചിരുന്നു. രജനികാന്തിനൊപ്പം ബച്ചന് വര്‍ഷങ്ങള്‍ക്ക് ശേഷം സ്ക്രീന്‍ പങ്കിടുന്നു എന്നതും പ്രത്യേകതയാണ്. പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധേയമാവുന്ന ഈ കാസ്റ്റിംഗിലെ കൌതുകങ്ങളിലൊന്ന് മൂന്ന് പതിറ്റാണ്ടിന് ശേഷം ബിഗ് സ്ക്രീനില്‍ ഒരുമിച്ചെത്തുന്ന രജനി- ബച്ചന് കോമ്പിനേഷന്‍ ആണ്. അന്ധ കാനൂണ്‍, ഗെരഫ്താര്‍ തുടങ്ങിയ ചിത്രങ്ങളിലൊക്കെ അവര്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ഹം എന്ന ചിത്രമാണ് അക്കൂട്ടത്തിലെ ബിഗസ്റ്റ് ഹിറ്റ്.
മുകുള്‍ എസ് അനന്ദിന്റെ സംവിധാനത്തില്‍ 1991 ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. ആക്ഷന്‍ ക്രൈം വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഗോവിന്ദയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബോളിവുഡില്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമായിരുന്നു ഹം. 16.8 കോടിയാണ് ചിത്രം നേടിയ ലൈഫ് ടൈം കളക്ഷന്‍. 32 വര്‍ഷം മുന്‍പുള്ള കണക്കാണ് ഇതെന്ന് ഓര്‍ക്കണം. സഞ്ജയ് ദത്ത്, സല്മാന് ഖാന്, മാധുരി ദീക്ഷിത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സാജന് മാത്രമാണ് ആ വര്‍ഷത്തെ കളക്ഷനില്‍ ഹം എന്ന ചിത്രത്തേക്കാള്‍ മുന്നിലെത്തിയത്. 18 കോടിയോളമാണ് ഈ ചിത്രം നേടിയിരുന്നത്. അതേസമയം തലൈവര്‍ 170 ല്‍ അമിതാഭ് ബച്ചന് അതിഥിതാരമാണോ എന്നത് വ്യക്തമല്ല. ജയിലറിന് സംഗീതമൊരുക്കിയ അനിരുദ്ധ് തന്നെയാണ് പുതിയ ചിത്രത്തിലും സംഗീത സംവിധായകന്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ് ആണ്.
അതേസമയം തിരുവനന്തപുരത്താണ് ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ആരംഭമാകുന്നത്. ഇതിനായി രജനികാന്ത് കഴിഞ്ഞ ദിവസം തലസ്ഥാനത്ത് എത്തിയിരുന്നു. വെള്ളായണി കാര്‍ഷിക കോളേജിലും ശംഖുമുഖത്തുമായാണ് ഷൂട്ട് നടക്കുക. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരന്‍ ആണ് തലൈവര്‍ 170 നിര്‍മിക്കുന്നത്. അനിരുദ്ധ് രവിചന്ദ്രറാണ് സംഗീതം ഒരുക്കുന്നത്. ജയിലര്‍ എന്ന ചിത്രത്തിന് ശേഷം അനിരുദ്ധും രജനികാന്തും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മഞ്ജു വാര്യര്‍, റിതിക സിംഗ്, ദുഷാര വിജയന് എന്നിവരാകും തലൈവര്‍ 170 പ്രധാന ഫീമെല്‍ വേഷങ്ങള്‍ കൈകാര്യം ചെയ്യുക. മഞ്ജുവാര്യരുടെ നാലാമത്തെ തമിഴ് സിനിമ കൂടിയാണിത്. തലൈവര്‍ 171ഉം പ്രഖ്യാപിച്ചിട്ടുണ്ട്. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധാനം. നിലവില്‍ വിജയ് ചിത്രം ലിയോയുടെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് ലോകേഷ് ഉള്ളത്.