ചാവേർ തീയറ്ററുകളില്‍: ആദ്യ ഗാനം ‘പൊലിക പൊലിക’ പുറത്തിറങ്ങി
1 min read

ചാവേർ തീയറ്ററുകളില്‍: ആദ്യ ഗാനം ‘പൊലിക പൊലിക’ പുറത്തിറങ്ങി

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘ചാവേര്‍’ ഒക്ടോബര്‍ അഞ്ചിന് തിയേറ്ററുകളില്‍ എത്താനൊരുങ്ങുകയാണ്. കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തില്‍ നടി സംഗീതയുമെത്തുന്നുണ്ട്. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ ശ്രദ്ധ നേടിയ താരം ഒരിടവേളയ്ക്ക് ശേഷമാണ് സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നത്. ഒരു പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലറായി എത്തുന്ന സിനിമയുടെ ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയിലറും വളരെ വൈറലായിരുന്നു.

 

ഇപ്പോഴിതാ സിനിമയുടെ റിലീസിന് മുന്നോടിയായി സിനിമയിലേതായ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ‘കാവല്‍ നോക്കണ കാവിലെ ഭീകര ഭൂതമതേ…’ എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകരുടെ ഉള്ളം കവര്‍ന്നിരിക്കുകയാണ്. സ്വജീവന്‍ പണയം വെച്ച് എന്തും ചെയ്യാനിറങ്ങുന്നവരുടെ ജീവിതം പറയുന്ന രക്തരൂക്ഷിതമായ കഥയുമായെത്തുന്ന ‘ചാവേറി’ലെ ചടുലമായ ദൃശ്യങ്ങളുമായാണ് ഗാനം ഇറങ്ങിയിരിക്കുന്നത്. തിയേറ്ററുകളെ ത്രസിപ്പിക്കാനുള്ളതെല്ലാമായാണ് ചിത്രമെത്തുന്നതെന്ന സൂചനയാണ് ഗാനം നല്‍കിയിരിക്കുന്നത്. ഹരീഷ് മോഹനന്‍ എഴുതിയിരിക്കുന്ന വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് ത്രസിപ്പിക്കുന്ന സംഗീതം നല്‍കിയിരിക്കുന്നത്. ഗോവിന്ദ് വസന്ത, ബേബി ജീന്‍, സന്തോഷ് വര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

രാഷ്ട്രീയ കൊലപാതകങ്ങള്‍ പ്രമേയമാക്കി കണ്ണൂര്‍ പശ്ചാത്തലമാക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ തിരക്കഥയിലാണ് ടിനു പാപ്പച്ചന്‍ സിനിമ ഒരുക്കിയിരിക്കുന്നത്. സൂപ്പര്‍ ഹിറ്റായ ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ‘അജഗജാന്തരം’ സിനിമകള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രമായതിനാല്‍ തന്നെ ‘ചാവേര്‍’ തിയേറ്ററുകളില്‍ തന്നെ കാണാന്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന സിനിമയാണ്.

ചിത്രം പാര്‍ട്ടിക്കുവേണ്ടി എന്തും ചെയ്യാന്‍ ഇറങ്ങി പുറപ്പെടുന്നവരുടെ ചോര മണക്കുന്ന ജീവിതം പറയുന്ന സിനിമയാണെന്നാണ് മുമ്പ് പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലര്‍ നല്‍കിയിരിക്കുന്ന സൂചന. ഗംഭീര ദൃശ്യവിരുന്ന് തന്നെയാണ് ടിനു ഇക്കുറിയും ഒരുക്കിയിരിക്കുന്നതെന്നാണ് ഏവരുടേയും പ്രതീക്ഷ.

ജീവനെപോലെ വിശ്വസിക്കുന്ന പാര്‍ട്ടിക്കുവേണ്ടി സ്വന്തം ജീവന്‍ പോലും നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരുടേയും, കൊണ്ടും കൊടുത്തും പയറ്റി തെളിഞ്ഞവരുടേയുമൊക്കെ ജീവിതം പറയുന്ന ഒരു പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലറാണ് സിനിമയെന്നാണ് ലഭിക്കുന്ന സൂചനകള്‍. ആദ്യ രണ്ട് സിനിമകളിലൂടെ തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി മാറ്റിയ സംവിധായകന്‍ ഒരുക്കുന്ന തന്റെ മൂന്നാമത് ചിത്രമായെത്തുന്ന ‘ചാവേറി’നായി ഏവരേയും ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നതുമായിരുന്നു സിനിമയുടേയിറങ്ങിയ ട്രെയിലര്‍.

അടുത്തിടെ ‘ന്നാ താന്‍ കേസ് കൊട്’ സിനിമയിലൂടെ രാജീവനായി ഞെട്ടിച്ച ചാക്കോച്ചന്‍ ‘ചാവേറി’ല്‍ അശോകനായി വിസ്മയിപ്പിക്കുമെന്ന് ഉറപ്പിക്കാം. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പില്‍ സിനിമയിലെത്തുന്നുണ്ടെന്ന് ട്രെയിലറില്‍ നിന്ന് അറിയാന്‍ കഴിയുന്നുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷമാണ് സിനിമയിലേക്കുള്ള ഇവരുടെ മടങ്ങിവരവ് എന്നതും പ്രേത്യേകതയാണ്. മനോജ് കെ.യു, സജിന്‍ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്.