“വണ്ടി മമ്മൂക്കയുടെ കയ്യിൽ ആയതുകൊണ്ട് വലിയ ടെൻഷൻ ഉണ്ടായിരുന്നില്ല”… റോഷാക്കിൽ താരമായ മസ്താങ് കാറിന്റെ ഉടമ അലൻ സംസാരിക്കുന്നു
രണ്ടാം ആഴ്ച പിന്നിടുമ്പോഴും ഗംഭീര പ്രതികരണങ്ങൾ നേടി തീയേറ്ററുകളിൽ തുടരുകയാണ് ‘റോഷാക്ക്’. നിസാം ബഷീറിന്റെ റോഷാക്കിൽ മമ്മൂട്ടി അവതരിപ്പിച്ച ലൂക്ക് ആന്റണിക്കൊപ്പം നിന്ന് മറ്റൊരു താരമാണ് മസ്താങ് കാർ. ലൂക്കിന്റെ കൂടെ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഈ കാർ ഉണ്ടായിരുന്നു. മസ്താങ് കാറും റോഷാക്കിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം തന്നെയായിരുന്നു എന്നതിൽ സംശയമില്ല. അതിനാൽ തന്നെ വളരെ പണിപ്പെട്ടാണ് ചിത്രത്തിന്റെ ആർട്ട് ടീം മസ്താങ് കാറിനെ റോഷാക്കിൽ കാണുന്ന രൂപത്തിലേക്ക് മാറ്റിയെടുത്തത്. കൊച്ചി സ്വദേശിക്കാരനായ അലൻ എന്നയാളുടെ കാറാണ് റോഷാക്കില്‍ മമ്മൂട്ടി ഉപയോഗിച്ചത്. വണ്ടി പ്രാന്തനായ അലൻ ബിഹൈൻ വുഡ്സിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത്.
മമ്മൂക്ക ആയതുകൊണ്ട് മാത്രമാണ് തന്റെ കാർ സിനിമയ്ക്കായി വിട്ടുകൊടുത്തത് എന്ന് അലൻ പറയുന്നു. കാരണം മമ്മൂട്ടിയുടെ വണ്ടികളോടും അതിലുപരി മമ്മൂട്ടിയോടും കടുത്ത ആരാധനയാണ് അലനുള്ളത്. “മമ്മൂക്കയുടെയും അദ്ദേഹത്തിന്റെ കാറിന്റെയും വലിയ ആരാധകനാണ് ഞാൻ. അതുകൊണ്ട് മാത്രമാണ് കാർ കൊടുത്തത്. റോഷാക്കിന്റെ ഷൂട്ട് കഴിഞ്ഞ ശേഷം ലാസ്റ്റ് ഡേ ഞാൻ മമ്മൂക്കയെ പോയി കണ്ടിരുന്നു. അദ്ദേഹവുമായി സംസാരിച്ചു. മമ്മൂക്ക എന്റെ വണ്ടി ഓടിക്കുന്നു എന്നത് എന്നെ സംബന്ധിച്ച് വല്ലാത്ത ഫീൽ ആയിരുന്നു. അദ്ദേഹം കുറേക്കാലമായി വണ്ടിയോടിക്കുന്ന ആളാണ്. പുള്ളിയുടെ കയ്യിൽ ഇതിനേക്കാൾ ഗ്രൗണ്ട് ക്ലിയറൻസ് കുറഞ്ഞ വണ്ടികളും ഇതിനേക്കാളും കഷ്ടപ്പെട്ട് സിറ്റിയിലൂടെ കൊണ്ടുനടക്കുന്ന വണ്ടികളും ഉണ്ട്. അതുകൊണ്ടുതന്നെ പുള്ളി വളരെ ഈസിയായി ഒറ്റകൈ കൊണ്ട് കറക്കിയൊക്കെ ഓടിക്കും.
നമ്മൾ കുറച്ചു സമയം എടുത്തു ക്രോസ് ചെയ്യുന്ന സ്ഥലങ്ങളൊക്കെ പുള്ളി വളരെ ഈസിയായി എടുത്തുകൊണ്ടു പോകും. വണ്ടി മമ്മൂക്കയുടെ കയ്യിൽ ആയതുകൊണ്ട് വലിയ ടെൻഷൻ ഉണ്ടായിരുന്നില്ല. ഷൂട്ടിന് കൊടുത്തു വിടുമ്പോൾ ചെറിയൊരു പേടിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ലൊക്കേഷനിൽ ഞാൻ ഇടയ്ക്കിടയ്ക്ക് പോയി നോക്കുന്നുണ്ടായിരുന്നു. വണ്ടിക്ക് ഒന്നും പറ്റില്ലല്ലോ എന്ന് ചോദിച്ച് ക്രൂവിനെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. വണ്ടിയുടെ ഒറിജിനൽ പാർട്സിന് ഒന്നും സംഭവിക്കില്ലെന്നും അതെല്ലാം വേറെ സോഴ്സ് ചെയ്ത് എടുത്ത് ആർട്ട് വർക്ക് ചെയ്യുമെന്നും ആദ്യമേ എന്നോട് പറഞ്ഞിരുന്നു. അതിനുശേഷം ആണ് വണ്ടി കൊടുത്തത്. എന്റെ കാർ സ്ക്രീനിൽ കാണണമെന്നത് വലിയ ആഗ്രഹമായിരുന്നു. മറ്റു സിനിമകളിലേക്ക് ഇനി ചോദിച്ചാലും വണ്ടി കൊടുക്കില്ല. മമ്മൂക്ക ആയതുകൊണ്ട് മാത്രമാണ് വണ്ടി വിട്ടു കൊടുത്തത്”. അലൻ പറഞ്ഞു.
മമ്മൂട്ടിയും റോഷാക്കിന്റെ അഭിമുഖങ്ങളിൽ അലന്റെ കാറിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ഉപയോഗിച്ച കാറിനെ പറ്റിയും അത് ഉപയോഗിച്ച രീതികളെ കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. “കാറിന് യഥാർത്ഥത്തിൽ ഒന്നും സംഭവിച്ചിട്ടില്ല. മരത്തിൽ ഇടിച്ച നിലയിലാണ് വണ്ടി കാണിക്കുന്നത്. ആ നിലയിൽ തന്നെയാണ് സിനിമയിൽ ഉപയോഗിക്കുന്നതും. ഇടിച്ച പോലെ കാണിക്കുന്ന ഭാഗങ്ങളെല്ലാം വേറെ പാർട്സ് കൊണ്ടുവന്ന് സെറ്റ് ചെയ്തതാണ്. ബോണറ്റും സൈഡിലെ ലൈറ്റുമെല്ലാം കൊണ്ടുവന്നിട്ടാണ് ഷൂട്ട് തുടങ്ങിയത്. പെയിന്റും മാറ്റി”. മമ്മൂട്ടി പറഞ്ഞു. സിനിമയോടുള്ള സ്നേഹം കൊണ്ടാണ് അലൻ വണ്ടി തന്നതെന്നും തന്റെ കാർ ആയിരുന്നെങ്കിൽ ഒരിക്കലും ഈ സിനിമയ്ക്ക് വേണ്ടി കൊടുക്കില്ലായിരുന്നു എന്നുമാണ് ഒരു അഭിമുഖത്തിൽ തമാശരൂപേണ മമ്മൂട്ടി പറഞ്ഞത്.