”തീര്‍ച്ചയായും മോണ്‍സ്റ്ററില്‍ പഴയ ലാലേട്ടനെ കാണാന്‍ സാധിക്കും”; സുദേവ് നായര്‍
1 min read

”തീര്‍ച്ചയായും മോണ്‍സ്റ്ററില്‍ പഴയ ലാലേട്ടനെ കാണാന്‍ സാധിക്കും”; സുദേവ് നായര്‍

ടന്‍, മോഡല്‍ എന്നീ നിലകളില്‍ സൗത്ത് ഇന്ത്യയില്‍ പ്രശസ്തനായ താരമാണ് സുദേവ് നായര്‍. അനാര്‍ക്കലി അടക്കമുള്ള സിനിമകളിലൂടെയാണ് സുദേവ് നായര്‍ മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. ഏറ്റവും ഒടുവില്‍ ഭീഷ്മപര്‍വ്വത്തിലെ സുദേവ് നായരുടെ അഭിനയം വളരെ മികച്ചതായിരുന്നുവെന്ന് പ്രേക്ഷകര്‍ പറഞ്ഞിരുന്നു. പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമയെ കുറിച്ച് അറിവ് നേടിയ ശേഷമാണ് സുദേവ് നായര്‍ മലയാള സിനിമയിലേക്ക് എത്തിയത്. മുംബൈ മലയാളിയാണ് സുദേവ് നായര്‍. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരമടക്കം ചുരുങ്ങിയ കാലം കൊണ്ടുതന്നെ സുദേവ് നായര്‍ സ്വന്തമാക്കിയിട്ടുണ്ട്. സുദേവ് നായര്‍ ഒരു ഇംഗീഷ് സിനിമയിലും ചില ഹിന്ദി സിനിമകളിലും കന്നട സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

താരത്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തുന്ന മോണ്‍സ്റ്റര്‍. ചിത്രത്തെക്കുറിച്ചും മോഹന്‍ലാലിന്റെ കൂടെ അഭിനയിച്ച അനുഭവങ്ങളും പങ്കുവെക്കുകയാണ് ഒരു അഭിമുഖത്തിലൂടെ. മോഹന്‍ലാലിന്റെ കൂടെ അഭിനയിക്കണമെന്നത് തന്റെ ചെറുപ്പകാലം മുതലുള്ള ആഗ്രഹമാണെന്നും മോണ്‍സ്റ്റര്‍ ചിത്രത്തില്‍ തീര്‍ച്ചയായും പണ്ടത്തെ മോഹന്‍ലാലിനെ കാണാന്‍ സാധിക്കുമെന്നും ഇതുവരെയും താന്‍ ഇത്തരത്തിലുള്ള കഥാപാത്രം ചെയ്തിട്ടില്ലെന്നും താരം പറയുന്നു.

എനിക്ക് ഏറ്റവും വലിയ ഓപ്പര്‍ച്യൂണിറ്റി എന്തെന്നാല്‍ ലാലേട്ടന്റെ കൂടെ വര്‍ക്കൗട്ട് ചെയ്യാന്‍ അവസരം ലഭിച്ചു. നമ്മളാരും വിശ്വസിക്കില്ല ലാലേട്ടന്റെ വര്‍ക്കൗട്ട് കണ്ടാല്‍. രാവിലെ ആറരമണിക്ക് ഷൂട്ടിംങിന് മുമ്പ് ലാലേട്ടന്‍ ഒന്നരമണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യും. ഞാന്‍ ഫുള്‍ ഡേ ഷൂട്ടിംങ് ചെയ്ത് പിന്നെ വൈകീട്ട് വര്‍ക്കൗട്ട് ചെയ്യാന്‍ പോകുമ്പോള്‍ അപ്പോളും അവിടെ ലാലേട്ടന്‍ ഉണ്ടാവും. ഇതെങ്ങനെ സാധിക്കുന്നു എന്നാണ് എന്റെ മനസില്‍ തോന്നാറുള്ളത്. ഞാനൊക്കെ യങ്ങാണ്. ലാലേട്ടന്‍ എല്ലാം അച്ചീവ് ചെയ്ത് ഇത്രയും പ്രായമായിട്ടും ലാലേട്ടന്റെ എനര്‍ജി. സെറ്റിലായിരിക്കുമ്പോഴും ഫുള്‍ എനര്‍ജിയിലും യൂത്ത് ഫുള്‍നെസ്സിലാണ് അദ്ദേഹം ഇരിക്കാറുള്ളത്.

ലാലേട്ടന്‍ പെര്‍ഫോം ചെയ്യുമ്പോള്‍ നമ്മള്‍ മെസ്മറൈസായിപോകും. പഴയ ലാലേട്ടന്‍ പുതിയ ലാലേട്ടന്‍ എന്ന് എനിക്ക് തോന്നിയിട്ടില്ല. ലാലേട്ടന്‍ കിട്ടുന്ന നല്ല കഥാപാത്രം അദ്ദേഹം ചെയ്യുന്നു. തീര്‍ച്ചയായും മോണ്‍സ്റ്ററില്‍ നമുക്ക് പഴയ ലാലേട്ടനെ കാണാന്‍ സാധിക്കുമെന്നും സുദേവ് നായര്‍ വ്യക്തമാക്കുന്നു. മോഹന്‍ലാല്‍ – വൈശാഖ് കൂട്ടുകെട്ടില്‍ വരുന്ന രണ്ടാമത്തെ ചിത്രമായ മോണ്‍സ്റ്റര്‍ ഈ വരുന്ന ഒക്ടോബര്‍ 21 വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള മലയാള സിനിമ പ്രേക്ഷകരിലേക്ക് എത്തും.