മമ്മൂട്ടിയെ അത്തരം കോപ്രായങ്ങൾക്ക് കിട്ടില്ല; ‘കൊച്ചുമക്കളെ പോലെയുളള പെണ്‍കുട്ടികളെ ചുറ്റിയോടുന്ന ചില ഹീറോകള്‍’ അടൂർ ഗോപാലകൃഷ്ണൻ പറയുന്നു
1 min read

മമ്മൂട്ടിയെ അത്തരം കോപ്രായങ്ങൾക്ക് കിട്ടില്ല; ‘കൊച്ചുമക്കളെ പോലെയുളള പെണ്‍കുട്ടികളെ ചുറ്റിയോടുന്ന ചില ഹീറോകള്‍’ അടൂർ ഗോപാലകൃഷ്ണൻ പറയുന്നു

വിഖ്യാതരായ നിരവധി ചലച്ചിത്രകാരന്മാർ വ്യക്തിപരമായ ഗുണ സവിശേഷതകൾ നിരവധി ഉള്ള കലാകാരനാണ് മമ്മൂട്ടി എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ പ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ മമ്മൂട്ടി വ്യക്തിപരമായി സിനിമയിലും ജീവിതത്തിലും പുലർത്താനുള്ള മാന്യതയെക്കുറിച്ച് വാചാലനായിരിക്കുകയാണ്. പ്രായമേറെ ചെന്നിട്ടും സിനിമകളിലെ റൊമാന്റിക് രംഗങ്ങളിൽ കൊച്ചു പെൺകുട്ടികളുടെ പിന്നാലെ ഓടി നടക്കുന്ന വേഷങ്ങൾ മമ്മൂട്ടി ചെയ്യാറില്ലെന്നും അത്തരം കോപ്രായങ്ങൾക്ക് മമ്മൂട്ടി ഒരുങ്ങാറില്ല എന്നും കേരളകൗമുദിക്കു നൽകിയ അഭിമുഖത്തിൽ അടൂർ ഗോപാലകൃഷ്ണൻ തുറന്നു പറഞ്ഞു. ഇന്ത്യയിലെതന്നെ ഏറ്റവും പ്രമുഖൻ ആയിട്ടുള്ള സംവിധായകന്റെ ഈ തുറന്നു പറച്ചിൽ മമ്മൂട്ടി ആരാധകർ വലിയ ആവേശത്തോടെ കൂടിയാണ് ഏറ്റെടുത്തിരിക്കുന്നത്. സംഭവം മുഖ്യധാരാ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തതോടെ മറ്റ് സൂപ്പർതാരങ്ങളെ താരതമ്യപ്പെടുത്തിക്കൊണ്ടും ഈ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്. ഇന്ത്യയിലെ തന്നെ ഒട്ടുമിക്ക എല്ലാ സൂപ്പർതാരങ്ങളും ഏറ്റവും കൂടുതൽ നേരിട്ടിട്ടുള്ള വിമർശനം അവരുടെ ചിത്രത്തിലെ നായികമാരുടെ പ്രായത്തെ സംബന്ധിച്ച് ആയിരിക്കും.

രജനീകാന്ത് പോലുള്ള ഏറ്റവും വലിയ താരങ്ങൾ പോലും വിമർശനത്തിന് ഇരയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അടൂർഗോപാലകൃഷ്ണൻ മമ്മൂട്ടിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. “വയസേറെ ചെന്നിട്ടും കൊച്ചുമക്കളുടെ പരുവത്തിലുള്ള പെണ്‍കുട്ടികളുടെ പിന്നാലെ ചുറ്റിയോടി റൊമാന്റിക് ഹീറോയായി നടിച്ചുരമിച്ചു പോന്നിട്ടുള്ള താരങ്ങള്‍ നമുക്ക് അപരിചതരല്ല, മലയാളത്തിലും തമിഴിലും.ഇത്തരം ഓട്ടക്കളികള്‍ കാണുമ്പോള്‍ പീഡോഫീലിയയ്ക്ക് വകുപ്പുള്ള കേസാണല്ലോയെന്ന് തോന്നാറുമുണ്ട്. എന്നാല്‍ മമ്മൂട്ടിയെന്ന നടന്‍ ഇത്തരം കോപ്രായങ്ങള്‍ക്ക് ഒരുങ്ങാറില്ല. ഈ എഴുപതാം വയസിലും നോക്കിലും വാക്കിലും നടപ്പിലുമെല്ലാം യുവത്വം മുറ്റിനിന്നിട്ടും തനിക്ക് ചേരാത്ത വേഷങ്ങളില്‍ മമ്മൂട്ടിയെ കാണാറില്ല.” അടൂർ ഗോപാലകൃഷ്ണൻ പറയുന്നു.

Leave a Reply