മലപ്പുറത്തെ ആരാധനാലയങ്ങളിലെ പ്രവേശനം പുന:പരിശോധിക്കും: എതിർപ്പ് രേഖപ്പെടുത്തി പാർവതി തിരുവോത്ത്
കോവിഡ് മഹാമാരി അതിന്റെ രണ്ടാംഘട്ടത്തിൽ വ്യാപിക്കുമ്പോൾ കടുത്ത പല നിയന്ത്രണങ്ങളും ഗവൺമെന്റ് ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആരാധനാലയങ്ങളെ സംബന്ധിച്ചുള്ള നടപടിക്രമങ്ങളിൽ ചിലയിടങ്ങളിൽ തീരുമാനങ്ങൾ വ്യക്തമാക്കാതെ തുടരുകയാണ്. ഇപ്പോഴിതാ മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളുടെ പ്രവർത്തനത്തെ സംബന്ധിക്കുന്ന വിഷയത്തിൽ തന്റെ പ്രതിഷേധം നടി പാർവതി തിരുവോത്ത് രേഖപ്പെടുത്തിരിക്കുകയാണ്. അഞ്ച് പേർക്ക് മാത്രമായി ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിച്ചിരുന്ന ഉത്തരവിനെ പുനഃപരിശോധിക്കുമെന്ന് അറിയിച്ചുകൊണ്ട് മലപ്പുറം കലക്ടർ കെ. ഗോപാലകൃഷ്ണൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് പുറത്തുവന്നതിനെ തുടർന്നാണ് നടി പാർവതി തന്റെ പ്രതിഷേധം അറിയിച്ച് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇട്ടത്. കളക്ടറുടെ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന പാർവതി മത സമുദായങ്ങൾക്ക് മനുഷ്യനെന്ന നിലയിൽ ജീവൻ സംരക്ഷിക്കാനുള്ള കർത്തവ്യങ്ങളിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് പറയുന്നു. മുമ്പ് രാജ്യത്ത് നടക്കുന്ന കുംഭമേളക്ക് എതിരെയും കേരളത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന തൃശൂർ പൂരത്തിന് എതിരെയും പാർവതി തിരുവോത്ത് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.സമൂഹമാധ്യമങ്ങളിലൂടെയുള്ള താരത്തിന്റെ പ്രതിഷേധങ്ങൾക്ക് വളരെ വാർത്താ പ്രാധാന്യമാണ് ലഭിക്കാറുള്ളത്.
കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ് സ്റ്റോറിയായി പങ്കുവെച്ച പാർവതി വിഷയത്തിൻ മേലുള്ള തന്റെ അഭിപ്രായവും രേഖപ്പെടുത്തി. “മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള കടമയിൽ നിന്നും ഒരു മത സമുദായത്തെയും അവരുടെ മര്യാദയിൽ നിന്നും കടയിൽ നിന്നും മനുഷ്യരെന്ന നിലയിൽ ഒഴിവാക്കിയില്ല. ഭീതിപ്പെടുത്തുന്ന ഈ മഹാമാരിയുടെ രണ്ടാം തരംഗം ആണ് നമ്മൾ അനുഭവിക്കുന്നത്. ആരാധനാലയത്തിൽ പ്രവേശിക്കുന്നതിനുള്ള ആളുകളുടെ എണ്ണം സംബന്ധിച്ച് തിങ്കളാഴ്ച നടക്കുന്ന യോഗത്തിന് ശേഷവും മുൻപും തീരുമാനം തന്നെ മലപ്പുറം കളക്ടർ അംഗീകരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ദയവുചെയ്ത് ഉചിതമായ നടപടികൾ സ്വീകരിക്കുക.”പാർവതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത് ഇങ്ങനെയാണ്.