”ജസ്റ്റ് ഷോർഡർ കാണിച്ചെന്ന് കരുതി ഒന്നും ചെയ്യാനില്ല”; മനസ് തുറന്ന് വാലിബനിലെ മാതം​ഗി
1 min read

”ജസ്റ്റ് ഷോർഡർ കാണിച്ചെന്ന് കരുതി ഒന്നും ചെയ്യാനില്ല”; മനസ് തുറന്ന് വാലിബനിലെ മാതം​ഗി

സുചിത്ര നായർ എന്ന നടി ഇപ്പോൾ മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് സുപരിചിതയായിക്കാണും. ലിജോ ജോസ് പെല്ലിശ്ശേരി – മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ മലൈക്കോട്ടൈ വാലിബനിലെ ​ഗംഭീര പ്രകടനമാണ് അതിന് കാരണം. ചിത്രത്തിൽ മാതം​ഗി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മോഹൻലാലിന്റെ കാമുകിയായെത്തുന്ന താരം സ്ക്രീനിൽ ​ഗംഭീര പെർഫോമൻസാണ് കാഴ്ചവെച്ചത്. ഇപ്പോൾ ഈ ചിത്രത്തിൽ തന്റെ കോസ്റ്റ്യൂമിനെക്കുറിച്ച് സംസാരിക്കുകയാണ് സുചിത്ര നായർ.

തനിക്ക് ആദ്യം നൽകിയ കോസ്റ്റ്യൂം അൽപം ​​ഗ്ലാമറസ് ആയിരുന്നെന്നും, പിന്നീട് കംഫർട്ടബിൾ അല്ലെന്ന് അറിയിച്ചപ്പോൾ ടിനു പാപ്പച്ചൻ ഇടപെട്ട് മാറ്റി നൽകിയെന്നുമാണ് നടി പറയുന്നത്. “വാലിബനിലേത് പോലുള്ള വസ്ത്രം ധരിക്കുമ്പോൾ പേടി ഉണ്ടായിരുന്നു. അമ്മ അറിഞ്ഞിരുന്നില്ല ഇങ്ങനത്തെ വേഷം ആണെന്ന്. ആദ്യം നിങ്ങൾ കണ്ട കോസ്റ്റ്യൂമേ ആയിരുന്നില്ല എന്റേത്. കുറച്ചൂടെ ​ഗ്ലാമറസ് ടൈപ്പ് ആയിരുന്നു. അതിട്ട് നോക്കിയ ശേഷം കോസ്റ്റ്യൂം ചേട്ടനോട് പറഞ്ഞു ഞാൻ ഇതിൽ കൺഫർട്ടബിൾ അല്ലെന്ന്. എനിക്ക് ടെൻഷൻ ആകുന്നു ഇതിടാൻ പറ്റത്തില്ലെന്ന് പറഞ്ഞു.

ശേഷം ടിനു ചേട്ടനോട് കാര്യം പറഞ്ഞു. ചേട്ടാ ഞാൻ കോസ്റ്റ്യൂമിൽ അത്ര കൺഫർട്ടബിൾ അല്ല. എന്തെങ്കിലും ചെയ്തു തരാൻ പറ്റുമോന്ന് ചോദിച്ചു. അതിനെന്താ പ്രശ്നം ഇങ്ങനത്തെ വസ്ത്രം ആണെന്നൊന്നും പറഞ്ഞിട്ടില്ലായിരുന്നോന്ന് ടിനു ചേട്ടൻ ചോദിച്ചു. ഇല്ലെന്ന് ഞാനും. പുള്ളിക്കാരൻ പോയി ലിജോ സാറിന്റടുത്ത് പറഞ്ഞിട്ട് തിരിച്ചുവന്നു. ഇവിടെ ശരീരം കാണിക്കാൻ വേണ്ടി ആരും വസ്ത്രം ധരിക്കണ്ട. അവർക്ക് കൺഫർട്ടബിൾ അല്ലെങ്കിൽ മാറ്റിക്കൊടുക്ക.

അത്രയും ചെയ്ത് തന്നവർക്ക് ജസ്റ്റ് ഷോർഡർ കാണിച്ചെന്ന് കരുതി ഒന്നും ചെയ്യാനില്ല. മരുഭൂമിയിൽ നിന്നും പറഞ്ഞ് വിടില്ലെന്ന ധൈര്യത്തിൽ പറഞ്ഞതാ. ആദ്യത്തെ കോസ്റ്റ്യൂം ആയിരുന്നേൽ വെറൊരു എക്സ്ട്രീമിൽ നിങ്ങൾക്ക് എന്നെ കാണേണ്ടി വന്നേനെ”,- സുചിത്ര നായർ പറയുന്നു. ജാങ്കോ സ്പേസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുചിത്ര ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

വാനമ്പാടി എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് സുചിത്ര നായർ. നെ​ഗറ്റീവ് റോളിൽ എത്തിയ സുചിത്ര തന്റെ വേഷം തന്മയത്വത്തോടെ അവതരിപ്പിച്ച് കയ്യടി നേടി. ശേഷം ബി​ഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തിയതോടെ നടിയുടെ കരിയർ തന്നെ മാറിമറിയുകയായിരുന്നു. വാലിബനിലെ അഭിനയത്തിന് താരത്തിനെ അഭിനന്ദിച്ച് നിരവധിയാളുകൾ രം​ഗത്തെത്തിയിരുന്നു.