മലൈക്കോട്ടൈ വാലിബനെ കടത്തിവെട്ടുമോ ? മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ആഗോള റിലീസിന്
1 min read

മലൈക്കോട്ടൈ വാലിബനെ കടത്തിവെട്ടുമോ ? മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ ആഗോള റിലീസിന്

മലയാള സിനിമയുടെ വിദേശ വിപണി എന്നത് ഒരു കാലത്ത് ഗള്‍ഫ് മാത്രമായിരുന്നുവെങ്കില്‍ ഇന്ന് അതിന് കാര്യമായ വ്യത്യാസം ഉണ്ടായിട്ടുണ്ട്. യൂറോപ്പിലും അമേരിക്കയിലുമൊക്കെ മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് പല മലയാളം സൂപ്പര്‍താര ചിത്രങ്ങളും ഇന്ന് ആഗോള തലത്തില്‍ റിലീസ് ചെയ്യപ്പെടുന്നത്. അതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു ലിജോ ജോസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായ മലൈക്കോട്ടൈ വാലിബന്‍.

ഇപ്പോഴിതാ ഒരു മമ്മൂട്ടി ചിത്രവും ആഗോള തലത്തില്‍ മികച്ച സ്ക്രീന്‍ കൗണ്ടോടെ റിലീസിന് തയ്യാറെടുക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം എന്ന ചിത്രമാണ് അത്. ജിസിസിക്ക് പുറത്ത് യുകെ, ഫ്രാന്‍സ്, ജോര്‍ജിയ തുടങ്ങി നിരവധി രാജ്യങ്ങളില്‍ ചിത്രം ചാര്‍ട്ടിംഗ് ആരംഭിച്ചിട്ടുണ്ട്. യുകെയിലും യൂറോപ്പിലും ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച റിലീസ് ആയിരിക്കും ഭ്രമയു​ഗത്തിനെന്ന് യൂറോപ്പ് ഡിസ്ട്രിബ്യൂട്ടര്‍മാരായ 4 സീസണ്‍സ് ക്രിയേഷന്‍സ് അറിയിക്കുന്നു.

ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകള്‍ക്കെല്ലാം വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. മമ്മൂട്ടി പ്രതിനായകനായി എത്തുന്നു എന്നത് തന്നെയാണ് ഭ്രമയുഗത്തിന്റെ ഹൈപ്പ്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടിയുടെ കഥാപാത്രവും പ്രകടനവും സംഭാഷണവുമെല്ലാം ടീസറിന്റെ വരവോടെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ കഥ പറയുന്ന ചിത്രം തികച്ചും വ്യത്യസ്തമായ തിയേറ്റര്‍ അനുഭവം സമ്മാനിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. മമ്മൂട്ടിയോടൊപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമൽദ ലിസ് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ഒരുങ്ങുന്നത്.

ഫെബ്രുവരി 15ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും YNOT സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ആൻ്റോ ജോസഫിൻ്റെ ‘ആൻ മെഗാ മീഡിയ’ ചിത്രം കേരളത്തിലെ തിയറ്ററുകളിൽ വിതരണത്തിനെത്തിക്കും. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ സ്വന്തമാക്കിയിരിക്കുന്നത് ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്. 2023 ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ‘ഭ്രമയുഗം’ കൊച്ചിയിലും ഒറ്റപ്പാലത്തും ആതിരപ്പള്ളിയിലുമായാണ് പൂർത്തീകരിച്ചത്.