“അതെന്താ എന്റെ കൂടെ പടം ചെയ്യാൻ താല്പര്യം ഇല്ലേ, എന്നാണ് ഉടൻ മമ്മൂക്ക എന്നോട് ചോദിച്ചത്”… ഗ്രേസ് ആന്റണി സംസാരിക്കുന്നു
ഇക്കഴിഞ്ഞ ഒക്ടോബർ 7 – നായിരുന്നു മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ തീയേറ്ററുകളിൽ എത്തിയത്. മൂന്നാം വാരം പിന്നിടുമ്പോഴും ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് കിട്ടുന്നത്. നിസാം ബഷീറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ റോഷാക്ക് 2022 – ലെ തന്നെ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ്. ജഗദീഷ്, ഷറഫുദ്ദീൻ, കോട്ടയം നസീർ, ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത് റോഷാക്കിന്റെ വിശേഷങ്ങളും വിജയാഘോഷങ്ങളും തന്നെയാണ്. ഇപ്പോഴിതാ ഗ്രേസ് ആന്റണി ഒരു അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. റോഷാക്കിലേക്ക് ഗ്രേസ് ആന്റണിയെ സജസ്റ്റ് ചെയ്തത് മമ്മൂട്ടിയാണ്.
സംവിധായകൻ നിസാം ബഷീർ റോഷാക്കിലേക്ക് തന്നെ വിളിച്ച ശേഷം അമ്മയുടെ മീറ്റിംഗിൽ വെച്ച് മമ്മൂട്ടിയെ നേരിട്ട് കണ്ടതിനെക്കുറിച്ചും റോഷാക്കിന്റെ വിശേഷങ്ങൾ മമ്മൂട്ടിയോട് സംസാരിച്ചതിനെ കുറിച്ചും പറയുകയാണ് അഭിമുഖത്തിൽ ഗ്രേസ് ആന്റണി. “നിസാമിക്ക എന്നെ റോഷാക്കിലേക്ക് വിളിച്ച ശേഷം ഒരു ദിവസം അമ്മയുടെ ഒരു മീറ്റിംഗിൽ ഞാൻ പോയിരുന്നു. ആദ്യമായാണ് അമ്മയുടെ മീറ്റിങ്ങിൽ പോയത്. അവിടെ ഒരു സീറ്റിൽ ഞാൻ പോയി ഇരുന്നു. എന്റെ സൈഡിൽ ഒരു വാക്ക് വേയാണ്. 5 മിനിറ്റ് കഴിഞ്ഞപ്പോൾ മമ്മൂക്ക അവിടേക്ക് കയറിവന്നു. അദ്ദേഹം എന്റെ അടുത്ത് വന്നു. എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് ചോദിച്ചു. ഞാൻ ഗ്രേസ് ആന്റണിയാണ് എന്ന് പറഞ്ഞു. അപ്പോൾ ശരി കാണാം എന്നും പറഞ്ഞ് പുള്ളി പോയി. ഞാൻ അവിടെത്തന്നെ ഇരുന്നു. എന്റെ ചങ്കിടിപ്പ് കൂടി.
ലഞ്ചിന്റെ സമയമായപ്പോൾ ഞാൻ ചെമ്പൻ ചേട്ടന്റെ (ചെമ്പൻ വിനോദ്) കൂടെ കഴിക്കാൻ പോയി. കുറച്ചു കഴിഞ്ഞപ്പോൾ മമ്മൂക്ക അവിടേക്ക് വന്നു, എന്റെ ടെൻഷൻ പിന്നെയും കൂടി. ഞാൻ എഴുന്നേറ്റ് മമ്മൂക്കയുടെ അടുത്തേക്ക് പോയി. ഇക്ക, നിസാമിക്ക എന്നെ വിളിച്ചിരുന്നു, ഇങ്ങനെ ഒരു പടം ചെയ്യുന്ന കാര്യം എന്നോട് പറഞ്ഞു, എന്ന് ഞാൻ മമ്മൂക്കയോട് പറഞ്ഞു. അതെന്താ എന്റെ കൂടെ പടം ചെയ്യാൻ താല്പര്യം ഇല്ലേ, എന്നാണ് ഉടൻ മമ്മൂക്ക എന്നോട് ചോദിച്ചത്. ഞാനെന്താ പറയുക? അയ്യോ ഇക്ക അങ്ങനെയല്ല, എന്ന് പറഞ്ഞു. ഓക്കേ, ബാക്കി കാര്യങ്ങൾ അവർ കമ്മ്യൂണിക്കേറ്റ് ചെയ്യുമെന്ന് മമ്മൂക്ക പറഞ്ഞു. അത്രയേ പറഞ്ഞുള്ളൂ. പിന്നെ മമ്മൂക്കയെ റോഷാക്കിന്റെ സെറ്റിൽ വച്ചാണ് ഞാൻ കാണുന്നത്”. ഗ്രേസ് ആന്റണി പറഞ്ഞു.