“ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനുള്ള കാരണം ഞാൻ അദ്ദേഹത്തിന്റെ മകൻ ആയതുകൊണ്ടാണ്”… അച്ഛന്റെ ഓർമ്മകൾ പങ്കുവെച്ച് വിജയരാഘവൻ
ക്യാരക്ടർ റോളുകളിലൂടെ മലയാള സിനിമയിൽ തിളങ്ങിയ താരങ്ങളിൽ ഒരാളാണ് വിജയരാഘവൻ. സഹനടനായും വില്ലനായും പ്രേക്ഷകർക്കും മുന്നിലെത്തിയിരുന്ന താരത്തിന്റെ കരിയറിലെ വഴിത്തിരിവായ ചിത്രമായിരുന്നു ‘റാംജിറാവു സ്പീക്കിംഗ്’ പോലുള്ള ചിത്രങ്ങൾ. മലയാളികളുടെ എക്കാലത്തെയും ജനപ്രിയ നടനാണ് വിജയരാഘവൻ. ഇപ്പോഴിതാ കാൻ ചാനൽ എന്ന മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ വിജയരാഘവൻ നടനും നാടകാ കൃത്തുമായ അച്ഛന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ്. “അച്ഛൻ കാണുന്ന പോലെ ദേഷ്യക്കാരൻ അല്ല. ഞാനും അച്ഛനും തമ്മിൽ ഭയവും ബഹുമാനവും ഒക്കെയുള്ള ബന്ധമാണ്. എന്റെ ഏറ്റവും നല്ല സുഹൃത്താണ്. അദ്ദേഹത്തോട് എനിക്ക് എന്തും പറയാൻ സാധിക്കുമായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും അച്ഛന് അറിയാം. ഞങ്ങൾ തമ്മിൽ മറയില്ല. പക്ഷേ എനിക്ക് ചില സമയത്ത് അദ്ദേഹത്തെ ഭയമാണ്. അച്ഛന്റെ മുന്നിൽ നിന്നും ഞാൻ സിഗരറ്റ് വലിക്കാറില്ല. ഞാൻ ഒളിപ്പിച്ചുവെച്ച സിഗരറ്റ് എടുത്തു വരാൻ മോനോട് പറയും. പക്ഷേ പെഗ്ഗ് കഴിക്കാൻ വിളിക്കും. മുന്നിലിരുന്ന് കഴിക്കാൻ എനിക്കെന്തോ പോലെയാണ്.
നിർബന്ധിച്ച് അടുത്തിരുത്തി കഴിപ്പിക്കും. എന്നിട്ട് അദ്ദേഹത്തിന് പറയാൻ ഞാൻ ഒരുപാട് കഥകൾ ഉണ്ടാകും. സിനിമയും നാടകവും തന്ന അനുഭവങ്ങൾ എല്ലാം പറയും. അച്ഛൻ ഒന്നും പഠിപ്പിച്ചു തരുന്നതല്ല. അദ്ദേഹത്തിന്റെ കൂടെ ഇരിക്കുമ്പോഴേക്കും അറിയാതെ നിരവധി കാര്യങ്ങൾ പകർന്നു കിട്ടും. നടനായിരുന്നില്ലെങ്കിൽ നിങ്ങൾ എന്താകുമായിരുന്നു എന്ന് എന്നോട് പലരും ചോദിക്കുമായിരുന്നു. എന്നെ പ്രകൃതി സൃഷ്ടിച്ചത് നടൻ ആകാൻ വേണ്ടിയാണ്. അല്ലെങ്കിൽ ഞാൻ എൻ. എൻ. പിള്ളയുടെ മകനായി ജനിക്കില്ലായിരുന്നു. കുട്ടിക്കാലം മുതൽ നാടകം കണ്ടതും അഭിനയിച്ചതും അതുകൊണ്ടാണ്. അഹങ്കാരമായിട്ട് പറഞ്ഞതല്ല, എന്റെ ചിന്ത മൊത്തം അഭിനയമായിരുന്നു. പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ദിവസം എന്നോട് ചോദിച്ചു, എല്ലാം നന്നായി നടക്കുന്നുണ്ടോ എന്ന്. എനിക്ക് പഠിക്കാൻ വലിയ ഇഷ്ടമല്ലായിരുന്നു. അത് അദ്ദേഹത്തിന് അറിയാം. നാടകത്തിൽ പെട്ടെന്ന് ആരെങ്കിലും ഇല്ലാതെയാകുമ്പോൾ എന്നെ പകരക്കാരനാക്കി വിളിക്കുമായിരുന്നു. പഠിച്ച് ജോലിക്ക് പോവാനാണോ താല്പര്യമെന്ന് ചോദിച്ചപ്പോൾ ഞാൻ ഇല്ലെന്ന് പറഞ്ഞു. അടുത്തതായി പുതിയ നാടകം എഴുതിയിട്ടുണ്ട്.
അതിൽ എനിക്ക് പറ്റിയ വേഷമുണ്ടെന്നു പറഞ്ഞു. കേട്ടപ്പോൾ എനിക്കാകെ സന്തോഷമായി. എന്നെ ഏൽപ്പിച്ചായിരുന്നു അദ്ദേഹം പോകുക. എല്ലാവരെയും ഞാൻ റിഹേഴ്സൽ ചെയ്യിക്കും. അദ്ദേഹം മേലെ നിന്ന് കേൾക്കും. അഭിനയിച്ച ഞാൻ നന്നായാൽ ഒന്നും പറയില്ല. നീ ഇനിയും നന്നാകാൻ ഉണ്ടെന്ന് തന്നെയാണ് എപ്പോഴും പറയുക. എന്നിട്ടും എല്ലാം എന്നെ ഏൽപ്പിച്ചു പോകും. ഞാൻ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അതിനുള്ള കാരണം ഞാൻ അദ്ദേഹത്തിന്റെ മകൻ ആയതുകൊണ്ടാണ്. അച്ഛൻ നിരീശ്വരവാദിയായിരുന്നു. ഭീരുക്കൾ ചാരുന്ന മതിലാണ് ദൈവമെന്നാണ് ദൈവത്തെക്കുറിച്ച് അച്ഛൻ പറഞ്ഞിട്ടുള്ളത്. ഞാൻ ഭീരുവല്ല എനിക്ക് ഒരു മതിലും വേണ്ടെന്നാണ് ഞങ്ങളോട് പറയുക. എന്റെ വീട്ടിൽ വിളക്കും നാമം ജപിക്കലുമില്ല. അമ്മയ്ക്ക് ചെറിയ വിശ്വാസം ഉണ്ടായിരുന്നു. അച്ഛൻ അതിനൊന്നും പറയില്ല. അമ്മയും കൂടി മരിച്ചപ്പോൾ എനിക്ക് എന്തോ നഷ്ടബോധമായിരുന്നു. പിന്നെ സുഹൃത്ത് വിളിച്ചിട്ട് ഞാൻ കൂടെ ആദ്യമായി മൂകാംബികയിൽ പോയി. അച്ഛൻ പറഞ്ഞപോലെ ഞാൻ ഭീരുവായിരിക്കാം. എനിക്ക് അങ്ങനെയാണ് തോന്നിയത്”. വിജയരാഘവൻ പറഞ്ഞു.