“ഞാൻ പറഞ്ഞിട്ടാണ് നീ സിനിമയിൽ വന്നത് എന്ന് ഒരിക്കലും മമ്മൂക്ക പറയില്ലല്ലോ” : നടൻ സാദിഖ് മനസുതുറക്കുന്നു
മലയാളികള്‍ക്ക് പ്രിയങ്കരനായ ഒരു നടനാണ് സാദിഖ്. 35 വര്‍ഷത്തിലേറെയായി സാദിഖ് മലയാള സിനിമാ രംഗത്ത് സജീവമാണ്. സുദീര്‍ഘമായ അഭിനയ ജീവിതത്തില്‍ ഒരു വിധത്തിലുമുള്ള റെഡ് മാര്‍ക്കും വീഴ്ത്താത്ത നടന്മാരില് ഒരാളുകൂടിയാണ് അദ്ദേഹം. വില്ലന്‍ വേഷങ്ങളും സ്വഭാവ നടനായുമെല്ലാം 500ല്‍ അധികം സിനിമകളുടെ ഭാഗമായിട്ടുള്ള താരമാണ് സാദിഖ്. സിനിമാ രംഗത്തേക്ക് എത്തുന്നതിന് മുന്നേ നാടകകലാകാരനായിരുന്നു അദ്ദേഹം. 1986ല്‍ ഉപ്പ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയജീവിതം ആരംഭിച്ചത്.
ജേസി സംവിധാനം ചെയ്ത മോഹപ്പക്ഷികള്‍ എന്ന സീരിയലിലെ അഭിനയം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ജോമോന് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ സാമ്രാജ്യത്തിലൂടെയാണ് സാദിഖ് വാണിജ്യ സിനിമകളില്‍ തുടക്കം കുറിച്ചത്. ആ ചിത്രം ഹിറ്റായതോടെ അദ്ദേഹത്തെ തേടി നിരവധി കഥാപാത്രങ്ങള്‍ വന്നു. പിന്നീട് മമ്മൂട്ടിക്കൊപ്പം ഒരു അഭിഭാഷകന്റെ കേസ് ഡയറി, കിംഗ്, ഒരു മറവത്തൂര്‍ കനവ്, ദ ട്രൂത്ത് എന്നിങ്ങനെ തുടര്‍ച്ചയായി നിരവധി സിനിമകളില്‍ അദ്ദേഹം അഭിനയിക്കുകയുണ്ടായി. ഇപ്പോഴിതാ മമ്മൂട്ടിയുമായുളള സൗഹൃദത്തിനെക്കുറിച്ച് കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്കിയ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.
മമ്മൂക്കയെ ഞാന്‍ വടക്കന്‍ വീരഗാഥ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്ന സമയത്ത് പരിജയപ്പെട്ടിരുന്നു. സാമ്രാജ്യം സിനിമയിലഭിനയിക്കുന്ന സമയത്തും മമ്മൂക്കയുമൊത്ത് കുറച്ച് സീക്വന്സുകളേ ഉണ്ടായിരുന്നുള്ളൂ. എന്നെ കൊന്നുകളയുന്ന സംഭവമായിരുന്നു അത്. പിന്നീട് മുദ്ര എന്ന സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി പോയപ്പോഴാണ് മമ്മൂക്കയുമായി കൂടുതല്‍ അടുക്കുന്നതെന്നും സാദിഖ് പറയുന്നു. എന്നെ സിനിമകളിലേക്ക് സജസ്റ്റ് ചെയ്തിരുന്നോ എന്നതിനെക്കുറിച്ചൊന്നും എനിക്ക് വ്യക്തമായി എനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മമ്മൂക്കയുടെ കൂടെ നിരവധി ചിത്രങ്ങളില്‍ ഞാന്‍ തുടര്‍ച്ചയായി അഭിനയിച്ചിരുന്നു. അതിലെ സംവിധായകരെല്ലാം നമുക്ക് വളരെ വേണ്ടപ്പെട്ട ആളുകളായിരുന്നു. മമ്മൂക്ക പറഞ്ഞിട്ടുണ്ടാവും എന്നെ അഭിനയിക്കാന്‍ വിളിക്കാനെല്ലാം. അത് നമുക്ക് വ്യക്തമായി അറിയാന്‍ പറ്റില്ലല്ലോ. ഞാന്‍ പറഞ്ഞിട്ടാണ് നീ ഈ സിനിമയില്‍ വന്നത് എന്ന് ഒരിക്കലും മമ്മൂക്ക പറയില്ലല്ലോ എന്നും സാദിഖ് കൂട്ടിച്ചേര്‍ത്തു.
പ്രയ്സ് ദ ലോര്‍ഡ്, മുദ്ര, ബ്ലാക്ക്, വണ്‍ വേ ടിക്കറ്റ്, ദ ഗോഡ് മാന്‍, തച്ചിലേടത്ത് ചുണ്ടന്, ആയിരം നാവുള്ള അനന്തന്, ദ കിങ്, ദാദ സാഹിബ്, നസ്രാണി, പ്രാഞ്ചിയേട്ടന്, വണ്‍, മാസ്റ്റര്‍പീസ്, പുതിയ നിയമം തുടങ്ങി നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടിയോടെപ്പം സാദിഖ് അഭിനയിച്ചു. ഷാജി കൈലാസ് – രണ്‍ജി പണിക്കര്‍ ചിത്രങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു സാദിഖ്. കമ്മീഷണര്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യം പോലീസ് വേഷം ചെയ്യുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ പോലീസ് വേഷം ചെയ്തു. സാദിഖിന്റെ ജീവിതത്തില്‍ വഴിത്തിരിവായത് ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ അബ്ബാസ് എന്ന കഥാപാത്രമായിരുന്നു.