‘അണ്ണാച്ചി.. ലയണ്‍ കിങ് സിനിമ കണ്ടായിരുന്നോ?’; നടന്നുവരുന്ന മമ്മൂട്ടിയേയും കുഞ്ഞ് ദുൽഖറിനേയും കുറിച്ച് മോഹൻലാൽ പറഞ്ഞത്!
ഇന്ത്യൻ സിനിമയിൽ അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് നോപ്പോട്ടിസം അഥവാ സ്വജനപക്ഷപാതം. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണശേഷമാണ് ഈ ഒരു വിഷയം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടത്. താരങ്ങളുടെ മക്കൾ സിനിമയിലേക്ക് വരുന്നതിനാൽ കഴിവുള്ള സാധാരണക്കാരായ പലർക്കും അവസരം നിഷേധിക്കപ്പെടുകയും മാറ്റി നിർത്തപ്പെടുകയും ചെയ്യുന്നുവെന്നതായിരുന്നു അന്ന് നെപ്പോട്ടിസത്തെ എതിർത്ത് പലരും പറഞ്ഞിരുന്നത്. അതുപോലെ തന്നെ 2012ൽ ദുൽഖർ സൽമാൻ സിനിമയിലേക്ക് അരങ്ങേറിയപ്പോഴും പലരും ഈ വിഷയം ചർച്ച ചെയ്തു. മമ്മൂട്ടിയുടെ മകൻ എന്ന ബാനറിൽ വന്നതല്ല… എന്നൊക്കെ ചോദിച്ച് പലരും അന്ന് ദുൽഖറിനെ പരിഹസിച്ചു.
നെപ്പോട്ടിസം പ്രോഡക്ടെന്ന് ദുൽഖറിനെ കളിയാക്കി വിളിച്ചവർ തന്നെ രണ്ട്, മൂന്ന് സിനിമകൾ പുറത്തിറങ്ങിയപ്പോഴേക്കും കുഞ്ഞിക്കയെന്നും ഡിക്യുവെന്നും വിളിച്ച് തുടങ്ങി. ഞാൻ, വിക്രമാദിത്യൻ, ബാം ഗ്ലൂർ ഡെയ്സ് തുടങ്ങിയ സിനിമകൾ കൂടി പുറത്തിറങ്ങിയതോടെ യുത്ത്സ്റ്റാറായി ദുൽഖർ വളർന്നു. സൂപ്പർസ്റ്റാറിന്റെ മകനായത് കൊണ്ട് മാത്രമല്ല കഴിവ് കൂടി ഉള്ളതുകൊണ്ടാണ് ഇത്രയെറെ സിനിമകളിൽ അഭിനയിച്ചതെന്നും ജനങ്ങളാൽ അം ഗീകരിക്കപ്പെട്ടതെന്നും ദുൽഖർ പറയാതെ പറഞ്ഞു. ഇന്ന് മുപ്പത്തിയാറാം പിറന്നാൾ ആഘോഷിക്കുന്ന ദുൽഖറിനെ കുറിച്ച് മോഹൻലാൽ പണ്ടെരിക്കൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
സിനിമാ പ്രാന്തൻ എന്ന സോഷ്യൽമീഡിയ പേജിലാണ് ഡിക്യുവിന് പിറന്നാൾ ആശംസിച്ച് രസകരമായ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയും ദുൽഖറും ഒരുമിച്ച് നടന്ന് വരുന്നത് കണ്ടപ്പോൾ കാമറാമാൻ വേണുവിനോടാണ് കേൾക്കാനിമ്പമുള്ള കാര്യം മെഗാസ്റ്റാറിനേയും മകനേയും കുറിച്ച് മോഹൻലാൽ പറഞ്ഞത്. ‘പണ്ട് ക്യാമറാമാന്‍ വേണു സാര്‍ പറഞ്ഞത് ഓര്‍ക്കുന്നു… ഒരു ദിവസം രാവിലെ ഉണര്‍ന്ന് പുറത്തിറങ്ങിയപ്പോള്‍ ഒറ്റക്ക് തണുപ്പും ആസ്വദിച്ച് നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് കണ്ടത്. ലാലും ഞാനും വെറുതെ അതുമിതും പറഞ്ഞ് നിന്നു. പെട്ടെന്ന് ലാല്‍ ഒരു വശത്തേക്ക് നോക്കി ഒയ്യോ… അതുകണ്ടോ എന്ന് പറഞ്ഞു.’
‘ഞാന്‍ നോക്കിയപ്പോള്‍ തണുത്ത വെളുപ്പാന്‍ കാലത്ത് ദൂരെ പ്രഭാതത്തിന്റെ ആദ്യ വെളിച്ചത്തില്‍ മരങ്ങള്‍ക്കിടയിലെ ഇളംമഞ്ഞിലൂടെ ഗൗരവത്തില്‍ മമ്മൂട്ടി നടന്നുവരുന്നു കൂടെ കുഞ്ഞ് ദുല്‍ഖര്‍ സല്‍മാനും. അകലെക്കണ്ട മലനിരകള്‍ ചൂണ്ടിക്കാട്ടി മമ്മൂട്ടി മകന് എന്തോ പറഞ്ഞ് കൊടുക്കുന്നു. വാപ്പച്ചി പറയുന്നത് ശ്രദ്ധിച്ചുകേട്ട് ദുല്‍ഖറും നടക്കുന്നു. മോഹന്‍ലാല്‍ കൈ കൊണ്ട് ഒരു സിനിമാഫ്രെയിം ഉണ്ടാക്കി അച്ഛനെയും മകനെയും അതിനുള്ളില്‍ കംപോസ് ചെയ്ത് ആ കാഴ്ച ഒന്നാസ്വദിച്ചിട്ട് എന്നോട് ചോദിച്ചു.. അണ്ണാച്ചി ലയണ്‍ കിങ് സിനിമ കണ്ടായിരുന്നോയെന്ന്… ആ സിനിമ നേരത്തെ കണ്ടതാണെന്ന് ഞാനും പറഞ്ഞു… അതായിരുന്നു അദ്യത്തെ അദ്ധ്യായം…’
‘പിന്നീട് പത്തിരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം ഏതൊരു പുതുമുഖവും സിനിമയില്‍ അരങ്ങേറും പോലെ വളരെ സിമ്പിള്‍ ആയൊരു എന്‍ട്രി. അവിടെ നിന്നായിരുന്നു എല്ലാത്തിന്‍റെയും തുടക്കം. മമ്മൂട്ടിയുടെ മകനില്‍ നിന്നും ദുല്‍ഖര്‍ എന്ന നടനിലേക്ക് എത്തിയതിന്‍റെയും അതും കഴിഞ്ഞ് ഡിക്യു എന്ന ബ്രാന്‍റിലേക്ക് എത്തിയതിന്‍റേയും തുടക്കം…’ ഇതായിരുന്നു സോഷ്യൽമീഡിയ പോസ്റ്റ്. 2012ൽ ഇനിയുള്ള തന്റെ കരിയർ എന്താണെന്ന് ഒരുപാട് ചിന്തിച്ചിട്ടുണ്ടെന്ന് മുമ്പ് പല അഭിമുഖങ്ങളിലും ദുൽഖർ പറഞ്ഞിട്ടുണ്ട്.