‘ജോഷിയെപ്പോലൊരു സംവിധായകന് ഒരു വട്ടം പോലും കണ്ണ് കൂര്‍പ്പിക്കേണ്ടി വന്നിട്ടില്ലാത്ത ഷാര്‍പ് ആയ, ഫോക്കസ്ഡ് ആയ പ്രൊഫഷണല്‍’ ; മോഹന്‍ലാലിനെക്കുറിച്ച് എഴുതിയ കുറിപ്പ് വൈറലാവുന്നു
1 min read

‘ജോഷിയെപ്പോലൊരു സംവിധായകന് ഒരു വട്ടം പോലും കണ്ണ് കൂര്‍പ്പിക്കേണ്ടി വന്നിട്ടില്ലാത്ത ഷാര്‍പ് ആയ, ഫോക്കസ്ഡ് ആയ പ്രൊഫഷണല്‍’ ; മോഹന്‍ലാലിനെക്കുറിച്ച് എഴുതിയ കുറിപ്പ് വൈറലാവുന്നു

നാല് പതിറ്റാണ്ടുകളായി മലയാളികളുടെ സിനിമാസ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസില്‍ കൂടുക്കൂട്ടിയ അദ്ദേഹം മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയുടെ തന്നെ ഇതിഹാസ താരമായി മാറുകയായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഈ അടുത്ത് സുരേഷ് ഗോപി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഏത് നേരത്തടാ നിന്നെയൊക്കെ എന്ന് ജോഷി സാര്‍ ദേഷ്യത്തോടെ എന്നോടും മമ്മൂക്കയുയോടുമെല്ലാം ചോദിക്കാറുണ്ടെന്നും എന്നാല്‍ ലാലിനോട് മാത്രമേ അത് ചോദിക്കാതെയുള്ളൂവെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ലാലിനോട് അങ്ങനെ പറയേണ്ടി വന്നിട്ടില്ല. അവനോടു അങ്ങനെ പറയേണ്ടി വരുകയേ ഇല്ലെന്നും ജോഷി സാര്‍ പറയാറുണ്ടെന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് ആര്‍ജെ സലീം എഴുതിയ ഒരു കുറിപ്പാണ് വൈറലാവുന്നത്.

‘ഏത് നേരത്തടാ നിന്നെയൊക്കെ…’ അതാണ് ജോഷി സാറിന്റെ ഏറ്റവും വലിയ ചീത്ത. അത് മമ്മുക്കയായാലും ചോദിക്കും ലാലിനോട് മാത്രമേ അത് ചോദിക്കാതെയുള്ളൂ. എപ്പോഴും പറയും, അവനോടു അങ്ങനെ പറയേണ്ടി വന്നിട്ടില്ല. അവനോടു അങ്ങനെ പറയേണ്ടി വരുകയേ ഇല്ല… കൃത്യമായിരിക്കും. നിനക്കൊക്കെ ഇടയ്ക്ക് ഫോക്കസ് വിട്ടുപോകും, അപ്പോഴാണ് എനിക്ക് പ്രാന്ത് കേറുന്നത്. സുരേഷ് ഗോപി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ്. ശ്രദ്ധിക്കണം, അഭിനയ പാടവത്തിന്റെ കാര്യമല്ല പറയുന്നത്. ഫോക്കസിന്റെ കാര്യമാണ്. രണ്ടും രണ്ടാണ്. ഫോക്കസ് ഡിസിപ്ലിന്റെ ഭാഗമാണ്. ഒരു പ്രവര്‍ത്തിയിലേര്‍പ്പെടുമ്പോ അതിലേക്ക് അനുവര്‍ത്തിക്കുന്ന ശ്രദ്ധയാണ് അത്. നൂറു ശതമാനം പ്രസന്റ് ആവുക എന്നൊക്കെ പറയാം. എന്നാല്‍ നമ്മള്‍ പൊതുവെ കേള്‍ക്കുന്ന, പറയപ്പെടുന്ന സിനിമാ കഥകളില്‍ ഒരിക്കലും ഈ മൂന്നുപേരിലും ഏറ്റവും ഡിസിപ്ലിന്‍ഡ് എന്നറിയപ്പെടുന്ന ആളല്ല മോഹന്‍ലാല്‍. അങ്ങനെ കോര്‍ ഫാന്‍സ് പോലും പറഞ്ഞു കേട്ടിട്ടില്ലെന്നും സലിം കുറിപ്പില്‍ പറയുന്നു.

മോഹന്‍ലാല്‍ പൊതുവെ അറിയപ്പെടുന്നത് ജീവിതത്തിലും സിനിമയിലും അങ്ങനെ വലിയ നിയന്ത്രണങ്ങള്‍ ഒന്നുമില്ലാത്ത, സെറ്റിലായാലും രണ്ടു സ്മോള്‍ അടിക്കാനും മടിയില്ലാത്ത, അങ്ങനെ വലിയ ചിട്ടവട്ടങ്ങള്‍ ഒന്നുമില്ലാത്ത സ്‌പോണ്‍റ്റെനിയസ് ആയ ഒരു ജീനിയസ് ആക്റ്ററായാണ്. അതില്‍ നിന്നെത്ര കടക വിരുദ്ധമാണ് സുരേഷ് ഗോപി പറയുന്ന കാര്യങ്ങള്‍. ‘നിനക്കൊക്കെ ഇടയ്ക്ക് ഫോക്കസ് വിട്ടുപോകും, പക്ഷെ ലാലിന് പോകില്ല ‘സീനിനു മുന്‍പ് വരെ കളിച്ചും ചിരിച്ചുമിരുന്നിട്ടു ആക്ഷന്‍ പറയുമ്പോ അതിശയിപ്പിച്ച കഥകള്‍ കേട്ട് കേട്ട് ക്‌ളീഷെയെക്കാളും ക്‌ളീഷെയാണ്. അതിലൊക്കെയും നമ്മള്‍ കാണുന്നത് പ്രതിഭയുടെ ധാരാളിത്തത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ജീനിയസിനെയാണ്. അതില്‍ നിന്നൊക്കെ എത്ര അകലെയാണ് സത്യത്തില്‍ മോഹന്‍ലാലിന്റെ ആക്റ്റിങ് പ്രോസസ്. ജോഷിയെപ്പോലൊരു സീനിയര്‍ സംവിധായകന് ഒരു വട്ടം പോലും കണ്ണ് കൂര്‍പ്പിക്കേണ്ടി വന്നിട്ടില്ലാത്ത അത്രയും ഷാര്‍പ് ആയ, ഫോക്കസ്ഡ് ആയ പ്രൊഫഷണലാണെന്നും സലീം കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഏറ്റവും നല്ല ആക്റ്ററായ ഒരാള്‍ക്ക് ഒരു സീനിനെ ഗംഭീരമാക്കാന്‍ സാധിച്ചേക്കും, പക്ഷെ അയാള്‍ക്ക് പോലും അയാളുടെ പ്രതിഭയെ വേണ്ടവിധം മെരുക്കിയെടുത്തു ഒരു പ്രോസസിലേക്ക് തന്റെ ടാലന്റിനെ ഉരുക്കിയൊഴിക്കാന്‍ സാധിച്ചില്ല എങ്കില്‍ അയാള്‍ സിനിമയില്‍ നിന്ന് പുറത്താവുക തന്നെ ചെയ്യും. എത്ര ജീനിയസുകള്‍ ഈ ലോകത്തുണ്ടായിരിക്കുന്നു, പ്രതിഭയുടെ ധാരാളിത്തത്തില്‍, അതിനെ എന്തുചെയ്യണമെന്ന് ധാരണയില്ലാതെ, വഴിമുറിഞ്ഞു പോയവര്‍. ഡിസിപ്ലിനും ഫോക്കസും പുറമേയ്ക്ക് ദൃശ്യപ്പെടണമെന്നു തന്നെയില്ല. അത് നമ്മുടെ കണ്ണ് പതിയുന്ന ഒന്നിലും തെളിയണമെന്നു തന്നെയില്ല. അതൊരു ഇന്നര്‍ പ്രോസസാണ്. എത്ര വലിയ പ്രതിഭയും അതില്ലാത്ത പക്ഷം കെട്ടുപൊട്ടിയ പട്ടംപോലെ ദിശയറിയാതെ മലക്കം മറിഞ്ഞു നിലംപതിക്കും. സറണ്ടര്‍ എന്ന വാക്കാണ് ഓര്‍മ്മ വരുന്നത്. ഒരു പ്രോസസിലേക്ക് തന്റെ സകല ഡിഫന്‍സുകളും എടുത്തുമാറ്റി സ്വയം വിട്ടുകൊടുക്കുക എന്നത്. അങ്ങനെയല്ലാതെ മറ്റെങ്ങനെയാണ് ഒരാള്‍ക്ക് അനുസ്യൂതമായ ഫോക്കസിലേക്ക് എത്തിപ്പെടാന്‍ സാധിക്കുന്നതെന്ന് പറഞ്ഞാണ് സലീം കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.