‘ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ’; പഞ്ചാംഗം നോക്കി റോക്കറ്റ് വിക്ഷേപിച്ചുവെന്ന പരാമര്‍ശം പിന്‍വലിച്ച് നടന്‍ മാധവന്‍
ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം സിനിമയാകുന്നു. റോക്കെട്രി ദി നമ്പി ഇഫക്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടന്‍ മാധവനാണ് നമ്പി നാരായണനെ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം വന്നതോടെ ഏറെ കൗതുകത്തോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ, 27 വയസു മുതല്‍ 70 വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കാണാന്‍ സാധിക്കുക.
അതേസമയം, വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ സിമ്രാന്‍ ആണ് മാധവന്റെ നായികയായി എത്തുന്നത്. ടൈറ്റാനിക് ഫെയിം റോണ്‍ ഡൊനാചി അടക്കം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
അതേസമയം, ഇന്ത്യയുടെ ചൊവ്വാ ദൗത്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാധവന്‍ നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായിരുന്നു. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ പഞ്ചാംഗം നോക്കിയാണ് റോക്കറ്റ് വിക്ഷേപിച്ചതെന്നായിരുന്നു മാധവന്റെ പരാമര്‍ശം. ഇേേതാടെ മാധവന്‍ പറഞ്ഞതിനെതിരെ ശക്തമായ വിമര്‍ശനം സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്നതോടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ് താരമിപ്പോള്‍. ‘അല്‍മനാകിനെ തമിഴില്‍ ‘പഞ്ചാംഗ്’ എന്ന് വിളിച്ചതിനുള്ള വിമര്‍ശനങ്ങള്‍ ഞാന്‍ അര്‍ഹിക്കുന്നു. അതെന്റെ അറിവില്ലായ്മയാണ്. എന്നിരുന്നാലും ചൊവ്വാ ദൗത്യം വെറും രണ്ട് എഞ്ചിനുകള്‍ കൊണ്ട് നേടിയത് ഒരു റെക്കോഡ് തന്നെയാണ് എന്നാണ് മാധവന്‍ ട്വീറ്ററില്‍ കുറിച്ചത്.
മാധവന്‍ ട്വിറ്ററില്‍ കുറിച്ചതിങ്ങനെ….’സോളിഡ്, ലിക്വിഡ്, ക്രയോജെനിക് എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഉപയോഗിച്ചാണ് വിദേശ രാജ്യങ്ങള്‍ ചൊവ്വയുടെ ഭ്രമണ പഥത്തിലേക്ക് റോക്കറ്റ് വിക്ഷേപിച്ചിരുന്നത്. ഇതുപയോഗിച്ച് റോക്കറ്റ് നേരെ ചൊവ്വയില്‍ പോയി ഒരു വര്‍ഷം ഭ്രമണപഥത്തില്‍ ചുറ്റും. എന്നാല്‍ മൂന്ന് എഞ്ചിനുകള്‍ ഉപയോഗിക്കാനുള്ള സാമ്പത്തിക ശേഷി ഇന്ത്യക്കില്ലായിരുന്നു എന്നാല്‍ വിവിധ ഗ്രഹങ്ങള്‍, അവയുടെ ഗുരുത്വാകര്‍ഷണം, സൂര്യന്റെ ജ്വാലകളുടെ വ്യതിചലനം എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അടങ്ങിയ ആകാശ ഭൂപടം പഞ്ചാംഗത്തിലുണ്ടെന്നും, ഇന്ത്യയില്‍ ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇതെല്ലാം കണക്ക് കൂട്ടി വെച്ചിട്ടുണ്ടെന്നും, 2014ല്‍ പഞ്ചാംഗത്തിലെ വിവരങ്ങള്‍ വെച്ച് കൃത്യമായ മൈക്രോസെക്കന്‍ഡില്‍ വിക്ഷേപണം നടത്താന്‍ നമുക്കായെന്നും മാധവന്‍ കുറിച്ചു.