ഒരു തവണയല്ല, രണ്ടാമതും ‘കടുവ’ ഇറങ്ങും.. അപ്പൻ കടുവയായി സൂപ്പർ താരങ്ങളിലൊരാൾ എത്തുമെന്ന് തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം
1 min read

ഒരു തവണയല്ല, രണ്ടാമതും ‘കടുവ’ ഇറങ്ങും.. അപ്പൻ കടുവയായി സൂപ്പർ താരങ്ങളിലൊരാൾ എത്തുമെന്ന് തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം

നീണ്ട ഒരു ഇടവേളയ്ക്കു ശേഷം പൃഥ്വിരാജ് – ഷാജി കൈലാസ് എന്നിവർ ഒന്നിക്കുന്ന മാസ് എന്റെർറ്റൈൻർ ചിത്രം കടുവയുടെ റിലീസ് തീയതി മാറ്റിവെച്ച നിരാശയിലാണ് ആരാധകർ. ഈ മാസം 30 ന് തിയേറ്ററുകളിൽ എത്തുമെന്ന് അറിയിച്ച ചിത്രം ജൂലൈ ഏഴിനാണ് റിലീസ് ആകുന്നത്.നീണ്ട ഇടവേളക്ക് ശേഷം സംവിധായകൻ ഷാജി കൈലാസ് സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പൗരുഷമുള്ള  കഥാപാത്രമായിട്ടാണ് പൃഥ്വിരാജ്  അഭിനയിക്കുന്നത്.

മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. പ്രിഥ്വിരാജിന്റെ തന്നെ ആദം ജോൺ എന്ന ചിത്രത്തിന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ ഒരു മാസ്സ് ആക്ഷൻ  ചിത്രത്തിനായി വീണ്ടും കാത്തിരിക്കേണ്ടിവരുമ്പോൾ ആരാധകരെ ആവേശത്തിലാഴ്ത്തി മറ്റൊരു വിവരം കൂടി പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം. കടുവയുടെ രണ്ടാം ഭാഗം ആലോചനയിലുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. ‘കടുവയുടെ ഒരു പ്രീക്വല്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും  കടുവയുടെ അപ്പന്‍ കടുവയായ കടുവാക്കുന്നേല്‍ കോരുത് മാപ്പിളയുടെ കഥയാണ് അത് എന്നാണ് അദ്ദേഹം പറയുന്നത്.

അന്‍പതുകളിലെയും അറുപതുകളിലെയും പാലാ, മുണ്ടക്കയത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന  കുടിയേറ്റത്തിന്റെ കഥയാണത്. മെഗാസ്റ്റാറുകളില്‍ ആരെങ്കിലും ഒരാള്‍ ആ ക്യാരക്ടര്‍ ചെയ്താല്‍ കൊള്ളാമെന്ന  ആഗ്രഹവും തനിക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പക്ഷേ, അതിനായി ഒരുപാട് കടമ്പകൾ ഉണ്ട്. കടുവ എന്ന സിനിമയിൽ തന്നെ കടുവാക്കുന്നേല്‍ കോരുത് മാപ്പിളയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. അതില്‍ നിന്ന് തന്നെ  എത്രമാത്രം ശക്തമായ കഥാപാത്രമാണ് അതെന്ന് മനസിലാക്കാം എന്നും ജിനു വി. ഏബ്രഹാം പറയുന്നു.

മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനുമാണ് കടുവ നിര്‍മിക്കുന്നത്. ലൂസിഫർ എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തില്‍ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. ചില അപ്രതീക്ഷിത കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന്റെ റിലീസ് തീയതി നീട്ടുന്നതെന്നും സിനിമ ഇനി ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്നും പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ  കുറിച്ചിരുന്നു.

സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സീമ, പ്രിയങ്ക തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.   ജേക്ക്സ് ബിജോയ്യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.