കളിയാക്കിയവർക്കുള്ള മറുപടിയുമായി ഒടുവിൽ നടൻ കൈലാഷ് രംഗത്ത്…
1 min read

കളിയാക്കിയവർക്കുള്ള മറുപടിയുമായി ഒടുവിൽ നടൻ കൈലാഷ് രംഗത്ത്…

മിഷൻ സി എന്ന പുതിയ ചിത്രത്തിലെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയത് മുതൽ നടൻ കൈലാഷ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചാവിഷയമാണ്. താരത്തിന്റെ മുൻകാല പരാജയ ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി ആളുകൾ സമൂഹമാധ്യമങ്ങളിൽ കൈലാഷിനെ വലിയ രീതിയിൽ കളിയാക്കിക്കൊണ്ട് രംഗത്ത് വന്നിരുന്നു. മിഷൻ സി എന്ന ചിത്രത്തിന്റെ സംവിധായകൻ പരിഹാസങ്ങൾ അതിരുകടക്കുന്നു എന്ന പരാതിയുമായി രംഗത്ത് വന്നതോടെയാണ് വിഷയത്തിലെ ഗൗരവം എല്ലാവർക്കും പിടികിട്ടിയത്. സിനിമയ്ക്കുള്ളിലെ മറ്റ് പ്രമുഖർ ഇതിനോടകം കൈലാഷിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടൻ കൈലാഷ് തന്നെ വിവാദ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ കൈലാഷ് പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:,”അടുത്ത സിനിമയിലെ കഥാപാത്രമാവാനായി എന്നാലാവുംവിധം മനസ്സിനെ പാകപ്പെടുത്തിക്കൊണ്ടായിരുന്നു കഴിഞ്ഞയാഴ്ച്ച വയനാടൻ ചുരം കയറിയത്. ഈ വേളയിൽ, ‘മിഷൻ – സി’ എന്ന ചിത്രത്തിലെ എന്റെ ക്യാരക്ടർ പോസ്റ്ററിനെ ചൊല്ലി മലനാട്ടിലാകെ ട്രോളുകൾ തലങ്ങും വിലങ്ങും പാഞ്ഞു തുടങ്ങിയെന്ന് ഞാനറിഞ്ഞത് പിന്നീടാണ്. വിമർശനങ്ങളെല്ലാം ഞാൻ ഏറ്റുവാങ്ങുന്നു; സ്വയം വിലയിരുത്താനും സ്വയം നവീകരിക്കാനും വേണ്ടി…

നടനവിദ്യയുടെ മറുകര താണ്ടിയവർ ആരുമില്ലെങ്കിലും പല മഹാനടന്മാരെയും കണ്ടുപഠിക്കാനാണ് ഓരോ നിമിഷവും എന്റെ പരിശ്രമം. അതു പ്രായോഗികമാക്കാനാണ് എളിയ ഉദ്യമം. പക്ഷേ,മനപ്പൂർവ്വമുള്ള നോവിക്കലുകൾ എനിക്ക് തിരിച്ചറിയാനാവും. എങ്കിലും,ഇന്നീ ചുരം തിരിച്ചിറങ്ങുമ്പോൾ സന്തോഷം മാത്രമേയുള്ളൂ.വഴിയരികിൽ നിറയെ മഞ്ഞ പടർത്തി കണിക്കൊന്നകൾ… ‘മഞ്ഞ’യ്ക്കുമുണ്ട് വിവിധാർത്ഥങ്ങൾ. മഞ്ഞപ്പത്രത്തിലെ അമംഗളകരമായ മഞ്ഞയെയല്ല, മംഗളകരമായ മഞ്ഞയെ പുല്കാനാണ് ഇഷ്ടം. സ്നേഹിക്കുന്നരോടും ഒപ്പം നിൽക്കുന്നവരോടും കുറ്റപ്പെടുത്തുന്നവരോടും എന്നും പ്രിയം മാത്രം.ഏവർക്കും വിഷു ദിനാശംസകൾ !ഒപ്പം പുണ്യ റംസാൻ ആശംസകളും…”

Leave a Reply