16 വർഷങ്ങൾക്കിപ്പുറം ബ്രഹ്മാണ്ഡചിത്രം ‘അന്ന്യൻ’ വീണ്ടും ഒരുക്കാൻ ശങ്കർ എത്തുന്നു
1 min read

16 വർഷങ്ങൾക്കിപ്പുറം ബ്രഹ്മാണ്ഡചിത്രം ‘അന്ന്യൻ’ വീണ്ടും ഒരുക്കാൻ ശങ്കർ എത്തുന്നു

തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായി മാറിയ ചിത്രമാണ് വിക്രം നായകനായ അന്ന്യന്‍. ശങ്കർ ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ വലിയ റെക്കോർഡുകളും പല അത്ഭുതങ്ങളും തമിഴ് സിനിമാ ലോകത്ത് നടന്നു. ഏകദേശം 16 വർഷങ്ങൾ പിന്നിടുമ്പോഴും അന്ന്യന്‍ എന്ന ചിത്രത്തിന്റെ പ്രസക്തിയും മേക്കിങ് പരീക്ഷണങ്ങളും ഇന്നും മറ്റുള്ള ചിത്രങ്ങൾക്ക് ഒരു മികച്ച റഫറൻസ് ആയി നിൽക്കുന്നു. വിക്രം എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി ഇന്നും കരുതപ്പെടുന്ന അന്ന്യനിലെ ഹാരിസ് ജയരാജ് ഒരുക്കിയ എല്ലാ ഗാനങ്ങളും ഇന്നും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. വർഷങ്ങൾക്കിപ്പുറവും പുതുമ നഷ്ടപ്പെടാതെ അന്ന്യന്റെ ഹിന്ദി പതിപ്പ് ഒരുങ്ങുകയാണ്. സംവിധായകൻ ശങ്കർ തന്നെയാണ് പ്രഖ്യാപനവുമായി രംഗത്തെത്തിയത്. ഹിന്ദിയിൽ ശങ്കർ തന്നെ ഈ ചിത്രം റീമേക്ക് ചെയ്യുന്നു എന്ന് ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മുമ്പ് പുറത്തുവന്ന റിപ്പോർട്ടുകൾ എല്ലാം ശരിവെക്കുന്ന തരത്തിലാണ് ശങ്കർ അന്ന്യന്റെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നു എന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ വിക്രം അഭിനയിച്ച അന്ന്യന്റെ റീമേക്ക് പതിപ്പ് ആയിരിക്കില്ല പുതിയതായി ഒരുങ്ങുന്നത്, പകരം വർത്തമാനകാലവും ആയി യോജിക്കുന്ന തരത്തിലുള്ള കഥ പരിസരം ആയിരിക്കും പുതിയ ചിത്രത്തിന് ഉണ്ടാവുക എന്ന് ശങ്കർ വ്യക്തമാക്കുന്നു.

പെൻ മൂവീസിന്റെ ബാനറിൽ ജയന്തിലാൽ ഗാർഡയായിരിക്കും ചിത്രം നിർമിക്കുക. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ നായകനായി എത്തുന്നത് രൺവീർ സിംഗ് ആണ്. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഈ ബ്രഹ്മാണ്ഡ സിനിമ ഒരുങ്ങുമ്പോൾ ഇന്ത്യയിലെ തന്നെ പ്രമുഖരായിട്ടുള്ള നിരവധി താരങ്ങൾ അഭിനേതാക്കളായി എത്തുമെന്ന കാര്യം ഉറപ്പാണ്.ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ അപ്ഡേറ്റ് വരും ദിവസങ്ങളിൽ പുറത്തു വരുന്നതായിരിക്കും. നിലവിൽ കമൽഹാസൻ നായകനാകുന്ന ‘ഇന്ത്യൻ 2’ ഒരുക്കുന്നതിന്റെ തിരക്കിലാണ് ശങ്കറിപ്പോൾ.

Leave a Reply