അഭിനയ സിംഹങ്ങൾ നേർക്കുനേർ…. ഇന്ത്യൻ സിനിമാലോകം അനൂപ് സത്യന്റെ ചിത്രത്തിനായി കാത്തിരിക്കുന്നു
ഇന്ത്യൻ സിനിമയിലെ മഹാ നടന്മാരായ രണ്ടു പേർ ഒന്നിച്ച് ഒരേ സിനിമയിലെത്തുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും ചർച്ചയാവുകയാണ്. അഭിനയ ചക്രവർത്തിമാരായ മോഹൻലാലും നസറുദ്ദീൻ ഷായുമാണ് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒന്നിക്കുന്നത്. ചിത്രത്തിനെ പറ്റി കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല എങ്കിലും മോഹൻലാലും നസറുദ്ദീൻ ഷായും ഒന്നിക്കുന്നതിനാൽ ഈ ചിത്രം ഇന്ത്യൻ സിനിമാ ലോകം തന്നെ ഉറ്റുനോക്കുന്നതാണ്.
ഇത് ആദ്യമായല്ല നസറുദ്ദീന്‍ ഷാ ഒരു മലയാള നടനൊപ്പം മാറ്റുരയ്ക്കുന്നത്. ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ടി. വി ചന്ദ്രന് സംവിധാനം ചെയ്ത പൊന്തന്മാടയില് മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പവും അദ്ദേഹം മത്സരിച്ചഭിനയിച്ചിട്ടുണ്ട്. അനൂപ് സത്യന്റെ ചിത്രത്തില്‍ ഇന്ത്യയിലെ മികച്ച താരങ്ങള്‍ അണിനിരക്കുമെന്ന് സൂചന നൽകി ഇരട്ട സഹോദരൻ അഖില്‍ സത്യനാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.‘അനൂപ് ഒരു രസകരമായ വലിയ ചിത്രവുമായി വരുന്നുണ്ടെന്നും കംപ്ലീറ്റ് ആക്ടറിനൊപ്പം ഇന്ത്യയിലെ തന്നെ മികച്ച അഭിനേതാക്കളെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യാനാണ് അവന് ഉദ്ദേശിക്കുന്നതെന്നുമാണ് അഖില്‍ സത്യന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെ ഉണ്ടാകും. ഈ പോസ്റ്റ് വന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലെമ്പാടും ഈ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് ആരാധകർ. അതോടൊപ്പം ഈ ചിത്രത്തിൽ മലയാളത്തിലെ എവർ ഗ്രീൻ കോംബോ ആയ മോഹൻലാലും ശോഭനയും ഒന്നിക്കുന്നു എന്ന സൂചനയും ഉണ്ട്. വളരെ വ്യത്യസ്തമായ സിനിമയാണ് ഇതെന്നാണ് ചർച്ചകൾ.
ഇതിനു മുന്നേ സുരേഷ്ഗോപിയെ വച്ച് അനൂപ് സത്യൻ വരനെ ആവശ്യമുണ്ട് എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. സുരേഷ് ഗോപിയോടൊപ്പം ദുൽഖറും ചിത്രത്തിൽ എത്തിയിരുന്നു.ഏറെ നാളുകള്‍ക്ക് ശേഷം ശോഭന- സുരേഷ് ഗോപി ജോഡികള്‍ ഒന്നിച്ച ചിത്രം കൂടിയായിരുന്നു അത്. അതേസമയം അഖില്‍ സത്യനും സംവിധാന രംഗത്തേക്ക് കടക്കുകയാണ്. ഫഹദ് ഫാസിലിനെ നായകനാക്കി പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രമാണ് അഖിൽ ഒരുക്കുന്നത്. ചിത്രം ഡിസംബറിലാണ് തിയേറ്ററുകളില്‍ എത്തുക.