മോഹൻലാലിന്റെ നായികയായി ബോളിവുഡിലെ ഏറ്റവും മികച്ച നടി രാധിക അപ്തെ
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഒക്ടോബർ 25 – നായിരുന്നു. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ചുറി ഫിലിംസ് എന്നിവയുടെ ബാനറിൽ ഷിബു ബേബി ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ആദ്യത്തെ നിർമ്മാണ സംരംഭമാണ് ഇത്. ഇപ്പോഴിതാ മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൽ ബോളിവുഡ് താരമായ രാധിക അപ്തെ പ്രധാന വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. റിപ്പോർട്ടുകൾ പ്രകാരം രാധിക അപ്തെ ചിത്രത്തിൽ നായികയായിട്ടായിരിക്കും എത്തുന്നത്.
എന്നിരുന്നാലും ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ ഈ ചിത്രത്തെ കുറിച്ചുള്ള മറ്റൊരു റിപ്പോർട്ടുകൾ സോഷ്യൽ മീഡിയകളിൽ നിലനിൽക്കുന്നുണ്ട്. ആ റിപ്പോർട്ടുകൾ അനുസരിച്ച് ഈ ചിത്രമൊരു പീരിയോഡിക് ഡ്രാമയാണെന്നും അതിൽ ഒരു ഗുസ്തി താരമായാണ് മോഹൻലാൽ എത്തുന്നതെന്നുമാണ് പറയുന്നത്. ചെമ്പോത്ത് സൈമൺ എന്നായിരിക്കും മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രമെന്നും ഈ റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും ഔദ്യോഗികമായി ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവിട്ടിട്ടില്ലാത്ത സാഹചര്യത്തിൽ ഇവയൊന്നും സ്ഥിരീകരിക്കാനാവില്ല. ‘പുലിമുരുകൻ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം അതേ ടീം വീണ്ടും ഒന്നിച്ച ‘മോൺസ്റ്റർ’ ആയിരുന്നു മോഹൻലാലിന്റെതായി ഏറ്റവും ഒടുവിൽ തിയറ്ററുകളിൽ എത്തിയ ചിത്രം.
ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ‘മോൺസ്റ്ററി’ന് പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. നിലവിൽ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന മോഹൻലാൽ – ജിത്തു ജോസഫ് ചിത്രം ‘റാമി’ന്റെ ചിത്രീകരണത്തിനു ശേഷമാകും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ മോഹൻലാൽ എത്തുക. മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 – ഓടെ ആരംഭിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിയെ നായകനാക്കി ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി ഏറ്റവും അവസാനമായി ഒരുക്കിയ സിനിമ. ഈ ചിത്രം ഐ. എഫ്. എഫ്. കെ 2023 പതിപ്പിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിനായി തിരഞ്ഞെടുക്കുകയും ചെയ്തു.