ബോളിവുഡിനേയും മറികടന്ന് ആടുജീവിതം; ടിക്കറ്റ് വിൽപ്പനയിൽ ഒരു ചിത്രം മാത്രം മുന്നിൽ
പൃഥ്വിരാജ്- ബ്ലസി കൂട്ടുകെട്ടിലിറങ്ങിയ ആടുജീവിതത്തിന് കേരളത്തിനു പുറത്തും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിന്റെ എക്കാലത്തെയും വൻ ഹിറ്റ് ചിത്രമായി ചിത്രം മാറിയേക്കുമെന്നാണ് പ്രതീക്ഷ. മികച്ച പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രം തിയേറ്ററുകളിലെത്തിയപ്പോൾ പ്രതീക്ഷിച്ചതിലും ഒരുപാട് മുകളിലാണെന്നാണ് പ്രേക്ഷകർ പറയുന്നത്.
ഞായറാഴ്ച പൃഥ്വിരാജിന്റെ ആടുജീവിതം സിനിമയുടെ ടിക്കറ്റ് വിൽപനയിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്. ടിക്കറ്റ് വിൽപനയിൽ ബുക്ക് മൈ ഷോയിൽ നിന്നുള്ള കണക്കുകളിലാണ് ആടുജീവിതം നേട്ടമുണ്ടാക്കിയത്. 24 മണിക്കൂറിലെ ആകെ ടിക്കറ്റ് വിൽപനയിൽ പൃഥ്വിരാജിന്റെ ആടുജീവിതം രണ്ടാമതാണ്.
ഞായറാഴ്ച പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ 106000 ടിക്കറ്റുകളാണ് വിറ്റത്.ബുക്ക് മൈ ഷോയിൽ 107000 ടിക്കറ്റുകൾ വിറ്റ ഗോഡ്സില്ല x കോംഗ ആണ് ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത്. ബോളിവുഡിൽ നിന്നുള്ള ക്രൂവിനെയാണ് ടിക്കറ്റ് വിൽപനയിൽ പൃഥ്വിരാജിന്റെ ആടുജീവിതം മറികടന്നത്. മൂന്നാം സ്ഥാനത്തുള്ള ക്രൂവിന്റെ 83000 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിൽ വിറ്റത്. കരീനയും തബുവും കൃതിയും ഒന്നിച്ച ചിത്രമായ ക്രൂ ആഗോളതലത്തിൽ ആകെ 100 കോടി രൂപയിലധികം നേടിയിരുന്നു.