ഞായറാഴ്ച  ടെസ്റ്റ് പാസായി ആടുജീവിതം ; ബോക്സ് ഓഫീസില്‍ ഇത് അപൂര്‍വ്വത
1 min read

ഞായറാഴ്ച ടെസ്റ്റ് പാസായി ആടുജീവിതം ; ബോക്സ് ഓഫീസില്‍ ഇത് അപൂര്‍വ്വത

ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ട് കൊണ്ടാണ് ബ്ലെസി- പൃഥ്വിരാജ് ചിത്രം ആടുജീവിതം തീയറ്ററുകളിൽ‌ മാർച്ച് 28 ന് എത്തിയത്. ആദ്യ ദിനം തന്നെ ചിത്രത്തിനു ആഗോളതലത്തിൽ ലഭിച്ചത് വൻ സ്വീകാര്യതയായിരുന്നു. നജീബ് ആയുള്ള പൃഥ്വിരാജിന്റെ പകർന്നാട്ടം കണ്ട് മലയാളികൾ ഒന്നടങ്കം ആശ്ചര്യപ്പെട്ടിരിക്കുകയാണ്. ഒരു കഥാപാത്രത്തിന് വേണ്ടി നടൻ എടുത്ത എഫേർട്ട് ഏവരുടെയും കണ്ണിനെ ഈറനണിയിക്കുകയും ചെയ്തു. ഫാൻസ് ഷോകൾ ഇല്ലാതിരുന്നിട്ടും ചിത്രം കേരളത്തിൽ നിന്നുമാത്രം അഞ്ചുകോടി രൂപ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. ആദ്യ നാല് ദിനങ്ങള്‍ കൊണ്ടുതന്നെ ബോക്സ് ഓഫീസില്‍ 50 കോടി നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം നേടുന്ന ജനപ്രീതി എന്തെന്ന് വെളിവാക്കുന്ന മറ്റൊരു കണക്ക് കൂടി പുറത്തെത്തിയിരിക്കുകയാണ്.

ഒരു സിനിമ റിലീസ് ആയതിന് ശേഷം ബോക്സ് ഓഫീസില്‍ അത് നേടുന്ന ആദ്യ പരീക്ഷ ആദ്യ തിങ്കളാഴ്ചത്തെ തിയറ്റര്‍ ഒക്കുപ്പന്‍സിയിലാണ്. വാരാന്ത്യ ദിനങ്ങള്‍ക്ക് ശേഷമെത്തുന്ന ആദ്യ പ്രവര്‍ത്തിദിനം എന്നതാണ് അതിന് കാരണം. അതിനാല്‍ത്തന്നെ ആദ്യ തിങ്കളാഴ്ച ഒരു ചിത്രം നേടുന്ന കളക്ഷന്‍ എത്ര, ഞായറാഴ്ചത്തേതില്‍ നിന്ന് സംഭവിച്ച ഡ്രോപ്പ് എത്ര എന്നതൊക്കെ ഒരു സിനിമയുടെ ജനപ്രീതിയുടെ അളവുകോലുകളായി മാറാറുണ്ട്. ഇപ്പോഴിതാ തിങ്കളാഴ്ച ആരംഭിക്കുന്നതിന് മുന്‍പേ ആ ദിവസത്തേക്കുള്ള അഡ്വാന്‍സ് ബുക്കിംഗിലൂടെ ആടുജീവിതം നേടിയ സംഖ്യ ചര്‍ച്ചയാവുകയാണ്.

ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ വാട്ട് ദി ഫസിന്‍റെ കണക്ക് പ്രകാരം ചിത്രം തിങ്കളാഴ്ചത്തെ അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയ തുക 1.63 കോടിയാണ്. ഇന്ന് വൈകിട്ട് 3.46 ന് അവര്‍ പുറത്തുവിട്ട കണക്കാണ് ഇത്. അതായത് ഫൈനല്‍ കണക്ക് ഇതിനേക്കാള്‍ ഏറെ മുകളിലായിരിക്കും. അതേസമയം ഞായറാഴ്ച കൂടി ചേര്‍ത്തുള്ള ചിത്രത്തിന്‍റെ ആദ്യ വാരാന്ത്യ കളക്ഷന്‍ എത്രയാവുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് അണിയറക്കാര്‍.