“മമ്മൂക്കയുടെ ‘ഭീഷ്മപർവ്വം’ ഗംഭീരസിനിമ, അദ്ദേഹത്തിനൊപ്പം അഭിനയിക്കണം” :അദിവി ശേഷ്
മുബൈ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി ജവാന് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ‘മേജര്‍’ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി ശേഷ് ആണ് ചിത്രത്തിലെ നായകന്. ചിത്രം ജൂണ്‍ മൂന്നിന് തിയേറ്ററുകളിലെത്തും. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 2008 നവംബര്‍ 26ന് മുംബൈ താജ് ഹോട്ടല്‍ കേന്ദ്രീകരിച്ച് നടന്ന ഭീകരാക്രമണത്തിലാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് കൊല്ലപ്പെടുന്നത്. അദിവി ശേഷിന്റെ അദിവി എന്റര്ടെയ്ന്മെന്റും ശരത് ചന്ദ്ര, അനുരാഗ് റെഡ്ഡി എന്നിവരുടെ എ പ്ലസ് എസ് മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ഇപ്പോഴിതാ സന്ദീപ് ഉണ്ണികൃഷ്ണനെ കുറിച്ചും, നടന് മമ്മൂട്ടിയെ കുറിച്ചും മനസ് തുറന്ന് സംസാരിക്കുകയാണ് നടന് അദിവി ശേഷ്. താന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വലിയ ആരാധകനാണെന്നും, അദ്ദേഹത്തെ സിനിമയില്‍ അവതരിപ്പിക്കുക എന്നത് വലിയ ഉത്തരവാദിത്തമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മേജര്‍ ഉണ്ണി കൃഷ്ണന് ഇന്ത്യയുടെ പുത്രനാണ്. കേരളത്തിന്റെ പുത്രനാണ്. മുംബൈയുടെ രക്ഷകനാണ്. അദ്ദേഹത്തിന്റെ കഥാപാത്രം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ അച്ഛന്റേയും അമ്മയുടേയും അനുഗ്രഹം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദിവി ശേഷ് കൂട്ടിച്ചേര്‍ത്തു.
കൂടാതെ, താന്‍ മമ്മൂട്ടിയുടെ വലിയ ഫാനാണെന്നാണ് അദിവി പറയുന്നത്. മോളിവുഡ് സിനിമകളില്‍ മമ്മൂട്ടി ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ദളപതിയും ഭീഷ്മ പര്‍വ്വവും കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിനൊപ്പം അഭിനയിക്കുക എന്നത് തന്റെ ആഗ്രഹമാണെന്നും അദിവി ശേഷ് പറയുന്നു. മൂവിമാന് ബ്രോഡ്കാസ്റ്റിംഗിന് നല്കിയ അഭിമുഖത്തിലാണ് അദിവി ശേഷ് തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. മമ്മൂക്ക സാറിന്റെ സിനിമകള്‍ ഇഷ്ടമാണെന്നും, കുട്ടിക്കാലത്ത് ദളപതി കണ്ടിട്ടുണ്ടെന്നും ഇഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. ദുര്യോധനന്റെ ഭാഗം മമ്മൂക്ക നന്നായി അഭിനയിച്ചു. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ താന്‍ കണ്ടിട്ടുണ്ട്. എപ്പോഴെങ്കിലും അദ്ദേഹത്തിന്റെ കൂടെ തെലുങ്കിലും മലയാളത്തിലും ഉള്ള ചിത്രത്തില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും, തനിക്ക് മമ്മൂക്കയുടെ ഭീഷ്മ പര്‍വ്വം എന്ന സിനിമ ഇഷ്ടമാണെന്നും അദിവി ശേഷ് കൂട്ടിച്ചേര്‍ത്തു.