ശ്രീനിവാസൻ വെന്റിലേറ്ററില്‍ ; ആരോഗ്യ നിലയിൽ നേരിയ പുരോഗതിയെന്ന് അധികൃതർ
മലയാള സിനിമയിലെ നടനും, സംവിധായകനുമായ ശ്രീനിവാസനെ ഗുരുതരാവസ്ഥയിൽ ഇന്നലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹം. എന്നാൽ ആരോഗ്യനിലയിൽ നേരിയ പുരോഗതി കണ്ടെത്തിയതായും, നിലവിൽ മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടർമാർ അറിയിച്ചു.
കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ട സാഹചര്യത്തിൽ മാർച്ച് – 30 നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തുകയായിരുന്നു. മരുന്നുകൾ നൽകിയ സാഹചര്യത്തിൽ അദ്ദേഹം ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയായിരുന്നു.
ആരോഗ്യനില വഷളായ സാഹചര്യത്തിൽ പിറ്റേ ദിവസം സർജറിയ്ക്ക് വിധേയമാക്കുകയായിരുന്നു. സർജറി കഴിഞ്ഞതിനെത്തുടർന്ന് മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയതിന് പിറ്റേ ദിവസം മുതൽ അണുബാധയുണ്ടായ സാഹചര്യത്തിൽ വീണ്ടും വെന്റിലേറ്ററിലേയ്ക്ക് മാറ്റുകയായിരുന്നു. അമിത രക്തസമ്മർദ്ദത്തെത്തുടർന്ന് മുൻപും അദ്ദേഹം ചികിത്സ തേടിയിട്ടുണ്ട്. 66 വയസാണ് താരത്തിനിപ്പോൾ. ആരോഗ്യപരമായ ബുദ്ധിമുട്ടുകളെത്തുടർന്ന് ശ്രീനിവാസൻ സിനിമയിലിപ്പോൾ അത്ര സജീവമല്ല. അതേസമയം മരുന്നുകളോട് നല്ല രീതിയിൽ ബോഡി പ്രതികരിക്കുന്ന സാഹചര്യത്തിൽ ഭയപ്പെടാനില്ലെന്നും, അദ്ദേഹത്തിൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി കണ്ടത്തിയതായും ആശുപത്രി അധികൃതർ വ്യകത്മാക്കി.